Sorry, you need to enable JavaScript to visit this website.

പതിനൊന്നു മാസത്തിനിടെ ഒന്നേമുക്കാൽ ലക്ഷം വിസ

റിയാദ് - കഴിഞ്ഞ വർഷം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴി 1,77,823 തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്തതായി കണക്ക്. ഇതേ കാലയളവിൽ 1,39,818 ബിസിനസ് വിസകളും എംബസികളും കോൺസുലേറ്റുകളും അനുവദിച്ചു. 1,39,206 കൊമേഴ്‌സ്യൽ വിസിറ്റ് വിസകളും വ്യവസായികൾക്ക് 612 വിസകളും ആണ് എംബസികളും കോൺസുലേറ്റുകളും അനുവദിച്ചത്. വിദേശങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ അനുവദിച്ച വിസകളിൽ 56 ശതമാനം തൊഴിൽ വിസകളും അവശേഷിക്കുന്ന 44 ശതമാനം ബിസിനസ് വിസിറ്റ് വിസകളുമാണ്.  മൂന്നു മാസത്തെ വേതനം ലഭിക്കാത്ത പക്ഷം ഗാർഹിക തൊഴിലാളികളുടെയും സ്വകാര്യ മേഖലാ തൊഴിലാളികളുടെയും സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് തൊഴിൽ നിയമം അനുവദിക്കുന്നുണ്ട്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കാതെ റിക്രൂട്ട്‌മെന്റ് മേഖലയിലും തൊഴിലാളി കൈമാറ്റ മേഖലയിലും പ്രവർത്തിക്കുന്നതിന് വിലക്കുണ്ട്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ആഗ്രഹിക്കുന്നവർ ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ കുറിച്ച് അറിയുന്നതിന് മുസാനിദ് പ്രോഗ്രാം പോർട്ടൽ പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഏതെല്ലാം രാജ്യങ്ങളിൽ നിന്ന് എതെല്ലാം പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുമെന്ന് അറിയുന്നതിനും ഓരോ രാജ്യത്തു നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് അറിയുന്നതിനും തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് സൗദിയിൽ എത്തിക്കുന്നതിന് എടുക്കുന്ന സമയം അറിയുന്നതിനും മുസാനിദ് പ്രോഗ്രാം ഉപയോക്താക്കളെ സഹായിക്കും. 
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇളവുകൾ വരുത്തിയിട്ടുണ്ട്. വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഗാർഹിക തൊഴിലാളി വിസകൾ അനുവദിക്കുന്നതിനുള്ള കൂടിയ ബാങ്ക് ബാലൻസ് അഞ്ചു ലക്ഷം റിയാലിൽ നിന്ന് മൂന്നര ലക്ഷം റിയാലായി കുറച്ചിട്ടുണ്ട്. ആദ്യ വിസക്ക് അപേക്ഷിക്കുന്നവർ ജോലിയുള്ളത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. ആദ്യ വിസക്ക് അപേക്ഷിക്കുവർ 5000 റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് തെളിയിക്കുന്ന സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. ഇത് റദ്ദാക്കിയിട്ടുണ്ട്. 
കൂടാതെ വ്യക്തികൾക്ക് പുതുതായി മൂന്നു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ ആകെ നാലു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ മാത്രമാണ് വ്യക്തികളെ അനുവദിച്ചിരുന്നത്. ഇപ്പോൾ ഏഴു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വ്യക്തികളെ അനുവദിക്കുന്നുണ്ട്. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, പ്രൈവറ്റ് ട്യൂഷൻ ടീച്ചർ എന്നീ പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇനി മുതൽ വ്യക്തികൾക്ക് വിസകൾ അനുവദിക്കും. വേലക്കാരൻ-വേലക്കാരി, ഹൗസ് ഡ്രൈവർ, നഴ്‌സ്-മെയിൽ നഴ്‌സ്, പാചകക്കാരൻ-പാചകക്കാരി എന്നീ നാലു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് വ്യക്തികൾക്ക് നേരത്തെ അനുമതിയുണ്ടായിരുന്നത്. 
ആദ്യ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ സൗദി തിരിച്ചറിയൽ കാർഡോ 25,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസ് ഉള്ളത് സ്ഥിരീകരിക്കുന്ന ബാങ്ക് സർട്ടിഫിക്കറ്റോ മാത്രം ഹാജരാക്കിയാൽ മതി. രണ്ടാമത്തെ ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ വിസക്ക് അപേക്ഷിക്കുന്നവർ ഏഴായിരം റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് സ്ഥിരീകരിക്കുന്ന സാലറി സർട്ടിഫിക്കറ്റോ 60,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖയോ ഹാജരാക്കണം. 
മൂന്നാമത്തെ ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ 14,000 റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് തെളിയിക്കുന്ന സാലറി സർട്ടിഫിക്കറ്റോ 90,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖയോ ഹാജരാക്കൽ നിർബന്ധമാണ്. നാലാമത്തെ ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവരുടെ വേതനം 20,000 റിയാലിൽ കുറവാകാൻ പാടില്ല. അതല്ലെങ്കിൽ ഇത്തരക്കാർക്ക് 1,80,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുണ്ടായിരിക്കണം. അഞ്ചാമത്തെ ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ 30,000 റിയാലിൽ കുറയാത്ത വേതനം ലഭിക്കുന്നത് തെളിയിക്കുന്ന സാലറി സർട്ടിഫിക്കറ്റോ 3,50,000 റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസുള്ളത് തെളിയിക്കുന്ന രേഖയോ ഹാജരാക്കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 

 

Latest News