റിയാദിൽ എന്റർടെയിൻമെന്റ് കോംപ്ലക്‌സ് സ്ഥാപിക്കുന്നു

റിയാദ് - സൗദിയിലെ ആദ്യത്തെ എന്റർടെയിൻമെന്റ് കോംപ്ലക്‌സ് തലസ്ഥാന നഗരിയിൽ സ്ഥാപിക്കുമെന്ന് ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള സൗദി എന്റർടൈൻമെന്റ് പ്രോജക്ട്‌സ് കമ്പനി അറിയിച്ചു. റിയാദിൽ ഈസ്റ്റ് റിംഗ് റോഡിൽ കിംഗ് അബ്ദുല്ല റോഡ് ഇന്റർസെക്ഷനു സമീപം ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രദേശത്താണ് എന്റർടെയിൻമെന്റ് കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. അത്യാധുനിക രീതിയിൽ കോംപ്ലക്‌സിന്റെ രൂപകൽപന പൂർത്തിയാക്കിയിട്ടുണ്ട്. സൗദി പൗരന്മാരുടെയും സന്ദർശകരുടെയും വിനോദ സഞ്ചാരികളുടെയും മോഹങ്ങൾക്കും താൽപര്യങ്ങൾക്കുമനുസൃതമായി വ്യത്യസ്തമായ വിനോദ സ്ഥാപനങ്ങൾ കോംപ്ലക്‌സിലുണ്ടാകും. 
ഏതാനും എക്‌സ്പ്രസ്‌വേകൾ വഴി എളുപ്പത്തിൽ എത്തിച്ചേരാമെന്നതും റിയാദ് മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വേഗത്തിൽ എത്തിപ്പെടാമെന്നതും അടക്കമുള്ള വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് എന്റർടെയിൻമെന്റ് കോംപ്ലക്‌സിന് ഈ സ്ഥലം തെരഞ്ഞെടുത്തത്. എന്റർടെയിൻമെന്റ് കോംപ്ലക്‌സിൽ നിന്ന് മീറ്ററുകൾ മാത്രം ദൂരെയാണ് റിയാദ് മെട്രോ സ്റ്റേഷൻ. റിയാദ് നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ കവർ ചെയ്യുന്നതിന് സാധിക്കുമെന്നതും പദ്ധതിക്കായി ഈ സ്ഥലം തെരഞ്ഞെടുക്കുന്നതിന് പ്രേരകമാണ്. 
ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായ സിനിമാ തിയേറ്ററുകളും റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും പച്ചവിരിച്ച സ്ഥലങ്ങളും തത്സമയ വിനോദ, കലാ, കായിക പ്രദർശനങ്ങൾക്ക് പ്രത്യേകം ഒരുക്കിയ തുറസ്സായ പ്രദേശങ്ങളും അടങ്ങിയ കോംപ്ലക്‌സുകളാണ് സ്ഥാപിക്കുന്നതെന്ന് സൗദി എന്റർടെയിൻമെന്റ് പ്രോജക്ട്‌സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല അൽദാവൂദ് പറഞ്ഞു. സൗദി കുടുംബങ്ങൾക്കും വിദേശികൾക്കും വിനോദ സഞ്ചാരികൾക്കും ആവശ്യമായ എല്ലാവിധ വിനോദോപാധികളും ലഭ്യമാക്കുന്ന, കായിക വിനോദങ്ങൾക്കും വിനോദത്തിനും കലാപരിപാടികൾക്കും തത്സമയ പരിപാടികൾക്കുമുള്ള പ്രധാന കേന്ദ്രങ്ങളായിരിക്കും കോംപ്ലക്‌സുകൾ. ഇത്തരത്തിൽ പെട്ട ആദ്യ കോംപ്ലക്‌സാണ് റിയാദിൽ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽ വിനോദ മേഖല വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ എല്ലാ പ്രവിശ്യകളിലും സമൂഹത്തിലെ നാനാ തുറകളിലും പെട്ടവർക്ക് ഉപകാരപ്പെടുന്ന നിലക്ക് വ്യത്യസ്ത വിനോദ പദ്ധതികൾ സ്ഥാപിക്കുന്നതിനാണ് സൗദി എന്റർടെയിൻമെന്റ് പ്രോജക്ട്‌സ് കമ്പനി പ്രവർത്തിക്കുന്നത്. നാലു തന്ത്രപ്രധാന മേഖലകളിലാണ് കമ്പനി പദ്ധതികൾ നടപ്പാക്കുക. 2018 ഏപ്രിലിൽ ആദ്യ സിനിമാ തിയേറ്റർ ഉദ്ഘാടനം ചെയ്ത് സിനിമാ മേഖലയിൽ കമ്പനി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ എന്റർടെയിൻമെന്റ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാർക്കുകൾ, ഫാമിലി അമ്യൂസ്‌മെന്റ് സെന്ററുകൾ എന്നീ മേഖലകളിലാണ് കമ്പനി പദ്ധതികൾ ആരംഭിക്കുക. 
സൗദി എന്റർടെയിൻമെന്റ് പ്രോജക്ട്‌സ് കമ്പനി പദ്ധതികൾ പ്രതിവർഷം അഞ്ചു കോടിയിലേറെ സന്ദർശകർക്ക് പ്രയോജനപ്പെടുമെന്നാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പ്രതീക്ഷിക്കുന്നത്. കമ്പനി പദ്ധതികൾ 22,000 ത്തിലേറെ പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് പദ്ധതികൾ 800 കോടി റിയാൽ സംഭാവന ചെയ്യുമെന്നും കണക്കാക്കുന്നു. 

Latest News