Sorry, you need to enable JavaScript to visit this website.

വനിതാ മതിൽ ബാക്കി വെച്ചത്..

ശബരിമലയിലെ യുവതീപ്രവേശനവിധി  മുതൽ ആരംഭിച്ച സംഭവബഹുലമായ കാലത്തിനു വനിതാ മതിലോടെ ഒരു വിരാമമുണ്ടാകാനിടയില്ല. ശബരിമലയിൽ മകരവിളക്കു കാലം തുടരുകയാണ്. ഏതാനും ദിവസം കൂടി അതു തുടരും. അതിനിടെ ഒരിക്കൽ കൂടി യുവതീ പ്രേവശനത്തിനുള്ള ശ്രമമുണ്ടാകുമെന്നാണ് വാർത്ത. അതാകട്ടെ ദളിത് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുമായിരിക്കും. ഈ സാഹചര്യത്തിൽ മുഖ്യധാരയിൽ  മതിലിനെ അനുകൂലിച്ചവരും എതിർത്തവരും സ്വീകരിക്കാൻ പോകുന്ന നിലപാടുകളിൽ കാര്യമായ അന്തരമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം. 
ശബരിമലയിലെ യുവതീപ്രവേശനമെന്ന സമൂർത്ത വിഷയം മുന്നിലുള്ളപ്പോൾ അതിനെകുറിച്ചു മിണ്ടാതെ, ആർക്കും കാര്യമായ അഭിപ്രായ ഭിന്നതയില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞ് നടത്തിയ വനിതാ മതിൽ രാഷ്ട്രീയമായ സത്യസന്ധതയില്ലാത്തതാണെന്നു വ്യക്തം. യുവതീപ്രവേശനത്തെ എതിർക്കുന്ന വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ അതു പ്രതീക്ഷിക്കാനും വയ്യ. പോലീസ് തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നു അവസാനം മല കയറാൻ ശ്രമിച്ച മനിതി പ്രവർത്തകരും ബിന്ദുവും കനകയുമൊക്കെ പറയുമ്പോഴും വനിതാ മതിലിലെ പ്രതിജ്ഞയിൽ സർക്കാരിനെ പ്രകീർത്തിക്കുന്നു എന്നത് മറ്റൊരു കോമഡി. അപ്പോഴും ഒന്നു പറയാതെ വയ്യ. സുപ്രീം കോടതിവിധി മുതൽ നവവത്സരത്തിലെ വനിതാമതിൽ വരെയുള്ള സംഭവവികാസങ്ങൾ കൊണ്ട് നിരവധി കോട്ടങ്ങൾ സംഭവിച്ചെങ്കിലും കേരളത്തിനു ചില ഗുണങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അവയായിരിക്കും പുതുവർഷത്തിൽ കേരളത്തിലെ സാമൂഹ്യജീവിതത്തിനു കരുത്തേകുക.   
ഒരു ചെറിയ ദൃശ്യത്തോടെ ഇക്കാര്യം  വിശദീകരിക്കാൻ ശ്രമിക്കാം. വനിതാമതിലിന്റെ അവസാന ഇഷ്ടികയായി പങ്കെടുത്ത സി പി എം വനിതാ നേതാവ് വൃന്ദാ കാരാട്ടിന്റെ ദൃശ്യമാണത്. വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമക്കുമുന്നിലാണ് അവർ മതിലിൽ പങ്കെടുത്തത്. ഇതൊരു വലിയ മാറ്റമാണ്. സി.പി.എമ്മിന്റെ എക്കാലത്തേയും അനിഷേധ്യനേതാവും ചിന്തകനുമായിരുന്നു ഇ. എം. എസ്, കേരളചരിത്രം രചിച്ചപ്പോൾ വിട്ടുകളഞ്ഞ പേരാണല്ലോ അയ്യങ്കാളി. ഇ എം എസിനെ പോലുള്ള ഒരാൾ അയ്യങ്കാളിയെപോലുള്ള ഒരു പോരാളിയെ അബദ്ധവശാൽ വിട്ടുപോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. വർഗ വിശകലനത്തിൽ അധിഷ്ഠിതമായ  രാഷ്ട്രീയ നിലപാടിന്റെ പ്രയോഗമായിരുന്നു അതിനു കാരണം. അംബേദ്കറെ ബ്രിട്ടീഷ് ചാരനെന്നു വിളിച്ചതും അംബേദ്കർ രാഷ്ട്രീയത്തെ കേരളത്തിൽ തടയാൻ ഇതിനേക്കാൾ വലിയ മതിലുയർത്തുകയും സാമ്പത്തിക സംവരണ അനുകൂലിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം എന്നതു കൂട്ടി ഓർക്കുമ്പോൾ അതിൽ സംശയിക്കേണ്ട കാര്യമില്ല. അതിൽനിന്നു മാറി, പാർട്ടിയുടെ പിബി അംഗം തന്നെ അയ്യങ്കാളി പ്രതിമക്കു മുന്നിലെത്തിയത് വലിയൊരു മാറ്റമാണ്.  
ഒരുവശത്ത് കടകംപള്ളിയും പത്മകുമാറും വെള്ളാപ്പള്ളിയും ബാലകൃഷ്ണപിള്ളയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ശബരിമല വിഷയത്തിൽ സർക്കാർ നയങ്ങളോട് ഭിന്നതയുള്ളവരിൽ പലരും മതിലിൽ സഹകരിച്ചു എന്നത് ശ്രദ്ധേയമാണ്. അതിനിവർ പറഞ്ഞത് പ്രധാനമായും രണ്ടുകാരണങ്ങളാണ്. ഒന്ന് നവോത്ഥാനത്തിന്റെ പേരിൽ ഇത്രയധികം സ്ത്രീകൾ നിരത്തിലിറങ്ങുന്നതിൽ കാണുന്ന ഗുണകരമായ അംശം. രണ്ട് പുന്നലയടക്കമുള്ള ചില ദളിത് നേതാക്കളുടേയും സംഘടനകളുടേയും പങ്കാളിത്തം. ഇതു രണ്ടുകൊണ്ടും എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം. അതേസമയം കേരളത്തിലെ ദളിത് - ഫെമിനിസ്റ്റ് - 
മനുഷ്യാവകാശ പ്രവർത്തകർ കാലങ്ങളായി പറയുകയും സിപിഎം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയക്കാർ അവഗണിക്കുകയും ചെയ്തിരുന്ന ചില വിഷയങ്ങൾ മുഖ്യധാരയിലെത്താൻ കോടതിവിധി മുതൽ വനിതാമതിൽ വരെയുള്ള സംഭവങ്ങൾ സഹായകരമായി എന്നതിൽ സംശയമില്ല. കേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പ്രബുദ്ധത എന്നത് തട്ടിപ്പാണെന്നതാണത്. ഇപ്പോഴും സവർണ്ണ - പുരുഷാധിപത്യാധികാരമാണ് നമ്മെ നയിക്കുന്നതെന്നും ജനാധിപത്യ സർക്കാരിനെ നോക്കുകുത്തിയാക്കി തന്ത്രിക്കും രാജാവിനും തീരുമാനങ്ങളെടുക്കാൻ പറ്റുന്ന വിധത്തിലും സ്ത്രീകൾക്കെതിരായ അയിത്തം ശക്തമാകുന്ന രീതിയിൽ ഭരണഘടനയേക്കാൾ സ്വാധീനം മനുസ്മൃതിക്കാണെന്നും വ്യക്തമായി എന്നതാണതിൽ മുഖ്യം. അതിനുള്ള പ്രധാനകാരണം നവോത്ഥാന ധാരയെയും സാമൂഹ്യനീതിക്കായുള്ള പ്രക്ഷോഭങ്ങളേയും ഉപേക്ഷിച്ച് വർഗ - സാമ്പത്തിക രാഷ്ട്രീയത്തിൽ നാം കേന്ദ്രീകരിച്ചതാണ്. അതിനായി ജാതീയ - ലിംഗ വിവേചനങ്ങൾ ഇല്ലാത്ത ഒന്നാണ് കേരളം എന്നും അത് നമ്പർ വൺ ആണെന്നുമുള്ള മിത്ത് നാമുണ്ടാക്കി. അതാണിപ്പോൾ തകർന്നിരിക്കുന്നത്. ആത്മാർത്ഥമാണെങ്കിലും അല്ലെങ്കിലും സിപിഎം പോലുള്ള പാർട്ടികൾ വനിതാമതിലിൽ ഉണ്ടെന്നു പ്രഖ്യാപിച്ച നിലപാടുകളിൽ പലതും ആത്മാർത്ഥമാണെങ്കിൽ ഇതു തിരിച്ചറിഞ്ഞതിന്റെ സൂചനയാണ്. കേരളീയ പൊതുബോധത്തെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പ്രസ്ഥാനമാണെന്നതിനാൽ അതു വളരെ പ്രസക്തവുമാണ്. 
തീർച്ചയായും ഈ മാറ്റം ആത്മാർത്ഥമാണോ എന്ന സംശയം സ്വാഭാവികമാണ് സാമൂഹ്യപ്രവർത്തകനായ ഷഫീക് സുബൈദ ഹക്കിം ചൂണ്ടിക്കാട്ടിയ പോലെ ഇന്ന് മാർക്‌സിസം-ലെനിനിസം-കമ്യൂണിസം രാഷ്ട്രീയങ്ങൾക്ക് അതിന്റെ വാസ്തവികതയിൽ നിന്നും അടിത്തട്ട് ജനങ്ങളെ സ്വാധീനിക്കാനാവുന്നില്ല. അതേ സമയം കേരളത്തിലെ അടിത്തട്ട് യാഥാർത്ഥ്യങ്ങൾ കൂടുതൽ ജാതിനിബിഡമാണ് എന്ന് വ്യക്തമായി മാറിക്കൊണ്ടുമിരിക്കുന്നുണ്ട്. അതിലേക്ക് സംഘ്പരിവാർ രാഷ്ട്രീയത്തിന് വേരോട്ടം ലഭിക്കുന്നുമുണ്ട്. 
ഇന്ന് സർക്കാരാദി അധികാര കേന്ദ്രങ്ങളെ മുട്ടുവിറപ്പിക്കാൻ നാമജപക്കാർക്ക് കഴിയുന്നതിന്റെ പശ്ചാത്തലം ഇതല്ലേ? സുപ്രീം കോടതിയുടെ പിന്തുണയുണ്ടായിട്ടും സർക്കാർ എന്ന അധികാരമുണ്ടായിട്ടും ഇടതുപക്ഷ സർക്കാർ സംഘപരിവാര സവർണ ശക്തികൾക്കു മുമ്പിൽ മുട്ടിലിഴയുകയാണ്. പ്രയോഗത്തിലെ വൈരുധ്യമല്ല, പ്രത്യയശാസ്ത്രത്തിൽ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന് അപകടങ്ങളുണ്ട് എന്നും ബ്രാഹ്മണിക പ്രത്യയശാസ്ത്രത്തിന് ഒളിച്ചിരിക്കാൻ പറ്റുന്ന ഇടമാണ് വർഗസമര രാഷ്ട്രീയമെന്നുമുള്ള സണ്ണി എം. കപിക്കാടിന്റെ ദീർഘവീക്ഷണം കൂടുതൽ വ്യക്തമാക്കിത്തരുന്നതാണ് കടകംപള്ളി സുരേന്ദ്രന്റെയും പത്മകുമാറിന്റെയുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസ്താവനകൾ.'' വനിതാമതിൽ ഒരു ധൃതരാഷ്ട്രാലിംഗനമാണോ എന്ന് ഷഫീക് സംശയിക്കുന്നു. ആ സംശയം ന്യായമാണെങ്കിലും തുറന്നു വിട്ട ഭൂതത്തെ തിരിച്ച് കുപ്പിയിലടക്കാൻ എളുപ്പമല്ലല്ലോ. അതിനാൽ തന്നെ ഇ. എം. എസ് തടഞ്ഞു നിർത്തിയ  വിഷയങ്ങൾ നമ്മുടെ രാഷ്ട്രീയ അജണ്ടകളായി മാറുന്നതിൽ ഒരു ചെറിയ പങ്കുവഹിക്കാൻ കോടതിവിധി മുതൽ വനിതാ മതിൽ വരെയുള്ള സംഭവവികാസങ്ങൾക്കാകുമെന്നു കരുതാം. അക്കാര്യത്തിൽ സംഘ്പരിവാറിനോടും നമുക്കു നന്ദി പറയാം. 

Latest News