Sorry, you need to enable JavaScript to visit this website.

ദൗർബല്യമുള്ളതിനാൽ ശ്രീരാമനെ ദൈവമായി കാണാനാകില്ലെന്ന്; എഴുത്തുകാരനെതിരെ കേസ്

ബാംഗ്ലൂർ- ദൗർബല്യങ്ങൾ ഉള്ളതു കൊണ്ടു ശ്രീ രാമനെ ദൈവമായി കാണാൻ പറ്റില്ലെന്ന പരാമർശത്തിന് കന്നഡ എഴുത്തുകാരൻ കെ എസ് ഭഗവാനെതിരെ കേസ്. ശ്രീരാമനേയും മഹാത്മാ ഗാന്ധിയെയും അപകീർത്തിപ്പെടുത്തി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനപ്പൂർവ്വമുള്ള അപകീർത്തിപ്പെടുത്തലിന്, ഐ പി സി 295 എ പ്രകാരമാണ് കേസ് എന്ന് പോലീസ് പറഞ്ഞു. എഴുത്തുകാരൻ മനപ്പൂർവ്വം മതവികാരവും വിശ്വാസങ്ങളും വൃണപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 

കെ എസ് ഭഗവാന്റെ 'എന്ത് കൊണ്ട് രാമക്ഷേത്രം ആവശ്യമില്ല' എന്ന പുസ്തകത്തിലാണ് വിവാദ പരാമർശമുള്ളത്. മറ്റേത് മനുഷ്യ ജീവിയെയും പോലെ ശ്രീരാമനും ദൗർബല്യങ്ങൾ ഉണ്ടെന്നും അത് കൊണ്ട് രാമനെ ദൈവമായി കാണാൻ പട്ടില്ലെന്നുമായിരുന്നു പുസ്തകത്തിലെ പരാമർശം.
മോശമായ പരാമർശമാണ് ഭഗവാൻ നടത്തിയത് എന്നു ആരോപിച്ച് ഹൈന്ദവ വലതു പക്ഷ സംഘടനകൾ എഴുത്തുകാരനെതിരെ ദിവസങ്ങൾക്കു മുമ്പ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഹിന്ദു ജാഗരൺ വേദികെ മൈസൂർ ജില്ലാ പ്രസിഡന്റ് ജഗദീഷ് ഹെബ്ബാർ ആണ് ശനിയാഴ്ച എഴുത്തുകാരനെതിരെ പരാതി നൽകിയത്. 
പ്രതിഷേധങ്ങൾക്കെതിരെ ഭഗവാനും പ്രതികരിച്ചിട്ടുണ്ട്. വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞില്ല എന്നാണ് എഴുത്തുകാരന്റെ പക്ഷം. വാൽമേക്കിയുടെ രാമായണം അടിസ്ഥാമാക്കിയാണ് താൻ പുസ്തകമെഴുതിയതെന്നു ഭഗവാൻ പറഞ്ഞു.

എഴുത്തുകാരന്റെ വസതിക്ക് മുന്നിൽ വെള്ളിയാഴ്ച്ച പ്രതിഷേധം നടത്തിയ തീവ്ര ഹൈന്ദവ സംഘടനാ പ്രവർത്തകർ അറസ്റ്റിലായിരുന്നു.  അതിനിടെ, വിഷയത്തിൽ കർണാടക മുഖ്യമന്ത്രി കുമാരാസ്വാമി മൗനം വെടിയണമെന്നു ആവശ്യപ്പെട്ട് ബി ജെ പിയും രംഗത്തെത്തി. 'സർക്കാർ ഒന്നുകിൽ ഭഗവാനെ ജയിലിലേക്ക് അയക്കണം. അല്ലെങ്കിൽ മാനസിക ആശുപത്രിയിലേക്ക് അയക്കണം,' കർണാടകയിലെ മുതിർന്ന ബി ജെ പി നേതാവ് എസ് സുരേഷ് കുമാർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 

ഹൈന്ദവ വികാരങ്ങളെ വൃണപ്പെടുത്തി എന്ന ആരോപനങ്ങൾക്കിടയിലാണ് കർണാടകയിലെ പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.
 

Latest News