Sorry, you need to enable JavaScript to visit this website.

ഹാക്കര്‍മാരുടെ ഭീഷണി; സെപ്റ്റംബര്‍ 11 ഭീകരാക്രമണ ഗൂഢാലോചനകള്‍ പുറത്തുവിടും


ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍നിന്ന് 18000 രേഖകള്‍ സ്വന്തമാക്കി


ലണ്ടന്‍- അമേരിക്കയില്‍ 2001 ല്‍ നടന്ന 9/11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട 18,000 ഇന്‍ഷുറന്‍സ് രേഖകള്‍ കൈവശമാക്കിയ ഹാക്കര്‍മാര്‍ ഭീഷണിയുമായി രംഗത്ത്. ഹിസ്‌കോക്‌സ് സിന്‍ഡിക്കേറ്റ്, ലോയ്ഡ്‌സ് ഓഫ് ലണ്ടന്‍, സില്‍വര്‍സ്റ്റെയിന്‍ പ്രോപ്പര്‍ട്ടീസ് എന്നീ കമ്പനികളില്‍നിന്നാണ് ഇത്രയും രേഖകള്‍ കൈവശമാക്കിയതെന്ന് ദ ഡാര്‍ക്ക് ഓവര്‍ലോഡ് എന്നറിയപ്പെടുന്ന ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. പണം നല്‍കിയല്ലെങ്കില്‍ 9/11 ആക്രമണത്തിനു പിന്നിലെ ഗുഢാലോചനകള്‍ പരസ്യപ്പെടുത്തുമെന്നാണ് ഭീഷണി.
തങ്ങളുടെ കമ്പ്യൂട്ടറുകളുടെ മദര്‍ബോര്‍ഡ് ഹാക്ക് ചെയ്തുവെന്നും ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് രേഖകളായിരിക്കാം ലഭിച്ചതെന്നും ഹിസ്‌കോക്‌സ് കമ്പനി വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.


മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


തങ്ങളുടെ അവകാശവാദത്തിന് തെളിവായി അന്വേഷണ ഏജന്‍സികളുമായും നിയമ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട എതാനും ചെറിയ ഫയലുകള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. തങ്ങള്‍ ആവശ്യപ്പെടുന്ന തുക ബിറ്റ്‌കോയിനായി നല്‍കിയില്ലെങ്കില്‍ എല്ലാ രേഖകളു വായിക്കാവുന്ന ഡിക്രിപ്ഷന്‍ കീകള്‍ പരസ്യമാക്കുമെന്ന് അവര്‍ പറഞ്ഞു. രേഖകളില്‍ പറയുന്ന വ്യക്തികളെ ബ്ലാക്ക് മെയില്‍ ചെയ്യാനും ഹാക്കര്‍മാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പരസ്യപ്പെടുത്തുന്ന ഫയലുകളില്‍നിന്ന് പേരുകള്‍ ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നാണ് ആവശ്യം.
പണം പിടുങ്ങാനുള്ള ശ്രമത്തിന് ആക്കം കൂട്ടാനാണ് 9/11 ഭീകരാക്രമണവുമായി ബന്ധപ്പെടുത്തുന്നതെന്നും ഇതിന്റെ പേരില്‍ ഭയപ്പെടാനില്ലെന്നുമാണ് ഹിസ്‌കോക്‌സ് വക്താക്കള്‍ പറയുന്നത്. 2001 സെപ്റ്റംബര്‍ 11 ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട ഒരു ഇന്‍ഷുറന്‍സ് രേഖ മാത്രമേയുള്ളൂവെന്നും കമ്പനി പറയുന്നു. ഇന്‍ഷുറന്‍സ് രേഖകളിലൂടെ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കില്ലെന്നും കമ്പനി ആശ്വസിപ്പിക്കുന്നു.
അതേസമയം, അമേരിക്കയിലേയും യു.കെയിലേയും നിയമപാലന ഏജന്‍സികളുമായി സഹകരിക്കുന്ന സ്ഥാപനമാണ് ഹിസ്‌കോക്‌സ് എന്നതിനാല്‍ ഭീഷണി തള്ളിക്കളയാവുന്നതല്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
നെറ്റ്ഫ്‌ളിക്‌സില്‍നിന്ന് റിലീസ് ചെയ്യാത്ത ഓറഞ്ച് ഈസ് ദ ന്യൂ ബ്‌ളാക്ക് സീസണ്‍ ഹാക്ക് ചെയ്ത ഡാര്‍ക്ക് ഓവര്‍ലോഡ് ഹാക്കര്‍മാര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മറ്റു ടി.വി നെറ്റ് വര്‍ക്കുകളില്‍നിന്നും സീരയലുകള്‍ സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട അവര്‍ ലാര്‍സണ്‍ സ്റ്റുഡിയോയില്‍നിന്ന് കവര്‍ന്ന വിവിധ ഷോകളുടെ പ്രിവ്യൂകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

 

Latest News