മധ്യപ്രദേശ് സെക്രട്ടേറിയറ്റിലെ 'വന്ദേമാതരം ആചാരം' കോണ്‍ഗ്രസ് സര്‍ക്കാര്‍ അവസാനിപ്പിച്ചു

ഭോപാല്‍- മധ്യപ്രദേശില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ തുടങ്ങിവച്ച ആചാരങ്ങള്‍ക്ക് തടയിട്ട് പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ എല്ലാ മാസവും ആദ്യ പ്രവര്‍ത്തി ദിവസം വന്ദേമാതരവും ദേശീയ ഗാനവും ചൊല്ലുന്ന പതിവാണ് സര്‍ക്കാര്‍ നിര്‍ത്തുന്നത്. ഇതു പുതിയ രൂപത്തില്‍ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. അതിനിടെ ഈ പതിവിനു തുടക്കമിട്ട മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തി. വന്ദേമാതരം ദേശീയ ഗാനം മാത്രമല്ല, ഇത് രാജ്യസ്‌നേഹത്തിന്റെ പര്യായമാണെന്നും ഇതുചൊല്ലല്‍ പുനരാരംഭിക്കണമെന്നും ശിവരാജ് സിങ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും വന്ദേമാതരം ജനങ്ങളുടെ മനസ്സിലെ രാജ്യസ്‌നേഹത്തിന് പുത്തനൂര്‍ജം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശിവരാജ് സിങ് മുഖമന്ത്രിയായി അധികാരമേറ്റതു മുതല്‍ തുടങ്ങിയ ഈ പതിവ് ജനുവരി ഒന്നിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ന്നില്ല. ഇതാണ് ശിവരാജ് സിങിനെ ചൊടിപ്പിച്ചത്. അദ്ദേഹം തന്റെ അമര്‍ഷം നിരവധി ട്വീറ്റുകളിലൂടെ വ്യക്തമാക്കുകയും ചെയ്തു. ഞായറാഴ്ച സെക്രട്ടേറിയറ്റില്‍ താന്‍ വന്ദേമാതരം ചൊല്ലുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി കമല്‍നാഥ് തിരിച്ചടിച്ചു. വന്ദേമാതരം ചൊല്ലാത്തവര്‍ രാജ്യസ്‌നേഹമുള്ളവരല്ലെ എന്നായിരുന്നു കമല്‍നാഥിന്റെ മറുചോദ്യം. 

Latest News