ബ്രസീലിയ- ഒന്നര പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ബ്രസീലിൽ തീവ്ര വലതുപക്ഷ നേതാവായ ജെയ്ർ ബോൽസൊനാരോ അധികാരത്തിൽ.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ജനങ്ങൾ താരതമ്യം ചെയ്യുന്ന 63 കാരൻ താൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞാണ് ഒക്‌ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയത്. പുതുവത്സര ദിനമായ ഇന്നലെ അദ്ദേഹം ഔപചാരികമായി സ്ഥാനമേറ്റു. തെരഞ്ഞെടുപ്പിൽ ഇടതു ചായ്‌വുള്ള വർക്കേഴ്‌സ് പാർട്ടി നേതാവ് ഫെർഡാണ്ടോ ഹദ്ദാദിനെയാണ് അദ്ദേഹം തോൽപിച്ചത്.
ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കുമെന്ന് പറഞ്ഞാണ് ബോൽസനാരോ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വർക്കേഴ്‌സ് പാർട്ടി ഭരണത്തിൽ നിരന്തരം ഉയർന്ന അഴിമതി ജനങ്ങളുടെ മനം മടുപ്പിച്ചിരുന്നു. വർക്കേഴ്‌സ് പാർട്ടിയുടെ അതികായനായ നേതാവും മുൻ പ്രസിഡന്റുമായ ലൂയിസ് ഇനാഷ്യോ ലുല ഡാ സിൽവ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണിപ്പോൾ. പിൻഗാമിയായ ദിൽമ റൂസഫാവട്ടെ അഴിമതി ആരോപണത്തെത്തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ടു. ഇതൊക്കെയാണ് ബോർസനാരോയുടെ നിലപാടുകൾ ആശങ്കപ്പെടുത്തുന്നതാണെങ്കിലും അദ്ദേഹത്തെ പിന്തുണക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. എങ്കിലും രാജ്യത്ത് വർധിച്ചുവരുന്ന അക്രമങ്ങൾ തടയാൻ ജനങ്ങൾക്ക് തോക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ആശങ്ക ജനിപ്പിക്കുന്നുണ്ട്.