Sorry, you need to enable JavaScript to visit this website.

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ പാലൂട്ടിയ പോലീസുകാരി സമൂഹ മാധ്യമങ്ങളില്‍ താരമായി

ഹൈദരാബാദ്- നഗരത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ഉസ്മാനിയ ജനറല്‍ ആശുപത്രിക്കു സമീപം ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ പാലൂട്ടാനായി അവധി വകവയ്ക്കാതെ രാത്രിയില്‍ ഓടിയെത്തിയ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ സമൂഹ മാധ്യമങ്ങളില്‍ താരമായി. അമ്മ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് വിശന്നു വലഞ്ഞ് കരഞ്ഞ കുഞ്ഞിനെ താലോലിക്കാനാണ് പ്രസവാവധിയിലായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ കെ. പ്രിയങ്ക സ്റ്റേഷനിലെത്തിയത്. അഫ്‌സല്‍ഗഞ്ച് സ്റ്റേഷനില്‍ പോലീസ്  കോണ്‍സ്റ്റബിളായ ഭര്‍ത്താവ് എം. രവീന്ദറാണ് വിവരം അറിയിച്ചത്. കുഞ്ഞ് വിശന്ന് നിര്‍ത്താതെ കരയുകയാണെന്നറിയിച്ചപ്പോള്‍ പ്രിയങ്കയുടെ മാതൃഹൃദയവും നൊന്തു. സമയം പാഴാക്കാതെ ഉടന്‍ തന്നെ സ്റ്റേഷനിലെത്തുകയും കുഞ്ഞിനു അമ്മിഞ്ഞ നല്‍കുകയും ചെയ്തു. ബീഗംപേട്ട് വനിതാ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് പ്രിയങ്ക. 

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന് മുലയൂട്ടി മാതൃത്വത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും ഉദാത്ത മാതൃക കാണിച്ച പോലീസുകാരിയെ അഭിനന്ദിച്ച് ഹൈദരാബാദ് സിറ്റി പോലീസാണ് ഈ സംഭവം ഫേസ്ബുക്കിലൂടെ ആദ്യം പങ്കുവച്ചത്.  ശനിയാഴ്്ച രാത്രി പത്തു മണിയോടെയാണ് മദ്യലഹരിയിലെത്തിയ ഒരു മുസ്ലിം യുവതി കുഞ്ഞിനെ ആശുപത്രിക്കു സമീപം നില്‍ക്കുകയായിരുന്ന ഇര്‍ഫാന്‍ എന്ന യുവാവിനെ കുഞ്ഞിനെ ഏല്‍പ്പിച്ചു മുങ്ങിയത്. വെള്ളമെടുക്കാനാണെന്നും ഉടന്‍ മടങ്ങിയെത്താമെന്നും പറഞ്ഞു പോയ യുവതി പിന്നീട് മടങ്ങി വന്നില്ല. ഇതിനിടെ കരയാന്‍ തുടങ്ങിയ കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല. കുഞ്ഞുമായി വലഞ്ഞ യുവാവ് തന്റെ വീ്ട്ടിലേക്കു കൊണ്ടു പോയി പാല്‍ നല്‍കാന്‍ ശ്ര്മിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ കുഞ്ഞിനെ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അമ്മയെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും നടന്നില്ല.

പിന്നീട് ഞായറാഴ്ച പോലീസ് നടത്തിയ അന്വേഷണത്തിനിടെ കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് വിലപിക്കുന്ന ഒരു യുവതിയെ ചഞ്ചല്‍ഗുഡയില്‍ കണ്ടെത്തിയതോടെയാണ് കേസിനു തുമ്പായത്. തെരുവില്‍ കഴിയുകയായിരുന്ന ശബ്‌ന ബീഗം എന്ന 30-കാരിയാണ് കുഞ്ഞിന്റെ അമ്മയെന്ന് തെളിഞ്ഞു. മദ്യത്തിന് അടിമയായ ഇവര്‍ മദ്യലഹരിയില്‍ കുഞ്ഞിനെ ആര്‍ക്കാണ് കൈമാറിയതെന്ന് അറിഞ്ഞിരുന്നില്ലെന്നും പിന്നീട് ബോധം തെളിഞ്ഞപ്പോഴാണ് കുഞ്ഞ് കൂടെയില്ലെന്ന വിവരം അറിയുന്നതെന്നും പോലീസ് പറഞ്ഞു. കുഞ്ഞിനെ തിരിച്ചറിഞ്ഞ യുവതിക്ക് അന്വേഷണത്തിനു ശേഷം പോലീസ് കുഞ്ഞിനെ കൈമാറി. യുവതിയുടെ ഭര്‍ത്താവും മദ്യത്തിനടിമയാണ്. ഇവര്‍ക്ക് അഞ്ചു വയസ്സുള്ള ഒരു മകളുമുണ്ട്. 

Latest News