Sorry, you need to enable JavaScript to visit this website.

അറബി സാഹിത്യ ഭാഷ സംസാരിച്ച്  ഇന്ത്യക്കാരൻ ശ്രദ്ധേയനാകുന്നു

അബൂസ്വാലിഹ് അനീസ് ലുഖ്മാൻ അൽനദ്‌വി

റിയാദ് - അറബി സാഹിത്യ ഭാഷ സംസാരിക്കുന്നവരെ അറബികൾക്കിടയിൽ തന്നെ കാണാൻ കഴിയുക ദുഷ്‌കരമായ കാലത്ത് അറബി സാഹിത്യ ഭാഷ സംസാരിക്കുന്ന ഇന്ത്യക്കാരന്റെ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. അറബികൾ തന്നെ ഭാഷയുടെ അടിസ്ഥാന വ്യാകരണ നിയമങ്ങൾ ലംഘിക്കുന്നതായി അബൂസ്വാലിഹ് അനീസ് ലുഖ്മാൻ അൽനദ്‌വി പരാതിപ്പെടുന്നു. നാവിന് പരിചയമാകുന്നതിന് എല്ലായ്‌പ്പോഴും താൻ തന്നോടുതന്നെ അറബിയിലാണ് സംസാരിക്കുന്നതെന്ന് അബൂസ്വാലിഹ് പറയുന്നു. ചിലപ്പോൾ വീട്ടിൽ കുടുംബാംഗങ്ങളോടും അറബിയിൽ സംസാരിക്കുന്നു. കുടുംബാംഗങ്ങളോട് അറബിയിൽ സംസാരിച്ച് അതിന്റെ അർഥം അവർക്ക് വിവർത്തനം ചെയ്ത് നൽകും. ചിലപ്പോൾ തെരുവുകളിലൂടെ നടക്കുമ്പോൾ ഭ്രാന്തന്മാരെ പോലെ അറബിയിലുള്ള കവിതാ ശകലങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. ഇത് കേട്ട് ഇയാൾക്ക് എന്താണ് സംഭവിച്ചതെന്ന് അത്ഭുതപ്പെട്ട് ആളുകൾ ചിരിക്കുകയും പരിഹസിക്കുകയും ചെയ്യും. എന്നാൽ അതൊന്നും താൻ ഗൗനിക്കാറില്ല. 
മറ്റുള്ളവരുടെ സഹായം കൂടാതെ അറബി സംസാരിക്കുന്നതിൽ പ്രാവീണ്യം നേടുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. അറബി സാഹിത്യ ഭാഷ തന്നെ സംബന്ധിച്ചേടത്തോളം വലിയ വെല്ലുവിളിയാണ്. ഭാഷയുടെ വ്യാകരണ നിയമങ്ങളാണ് കൂടുതൽ ദുഷ്‌കരം. പലപ്പോഴും അറബികൾ തന്നെ തങ്ങളുടെ സംസാരങ്ങളിൽ വ്യാകരണ പിഴവുകൾ വരുത്തുന്നതായും അബൂസ്വാലിഹ് അനീസ് ലുഖ്മാൻ അൽനദ്‌വി പറയുന്നു. 
ക്ലിപ്പിംഗ് പങ്കുവെക്കുന്ന സാമൂഹികമാധ്യമ ഉപയോക്താക്കൾ, ദൈവീക ഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റെ ഭാഷയായ അറബിയുടെ കാര്യത്തിൽ തങ്ങൾ വീഴ്ച വരുത്തുകയാണെന്ന അഭിപ്രായവും പ്രകടിപ്പിക്കുന്നു. അറബി സാഹിത്യ ഭാഷയുടെ പ്രാധാന്യവും അറബി ഭാഷയുടെ സൗന്ദര്യവും ഇവർ എടുത്തുപറയുന്നു. വളർന്നുവരുന്ന തലമുറകളുടെ മനസ്സുകളിൽ അറബി ഭാഷാ സ്‌നേഹം രൂഢമൂലമാക്കുന്നതിൽ സാമൂഹിക സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും വലിയ പങ്കുണ്ടെന്നും ക്ലിപ്പിംഗ് പങ്കുവെച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കൾ പറയുന്നു. 

വീഡിയോ കാണാം
 

Latest News