റഗ്ദാനിലെ വനനീലിമ, ധീ ഐനിലെ ജലതരംഗങ്ങൾ

സൗദി അറേബ്യയുടെ ടൂറിസ ഭൂപടത്തിൽ ആദ്യമായി ഇടം നേടിയ പ്രദേശങ്ങളിലൊന്നാണ് അൽബാഹ. ഭൂമിശാസ്ത്രപരമായി അസീർ, മക്ക റീജിയനുകൾക്കിടയിൽ സൗദിയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശത്ത് ചുരങ്ങളെ ചുറ്റുന്ന മലനിരകളുടെ മടിയിൽ ശയിക്കുന്ന മനോഹര ഗ്രാമം. സദാ പ്രസന്നമായ കാലാവസ്ഥ. വൈകുന്നേരമാകുന്നതോടെ കോടമഞ്ഞ് മൂടി പുഷ്പജാലം പോലെ വർണശബളമായ മഴശലഭങ്ങൾ പൊടിഞ്ഞു പാറുന്ന ചേതോഹര ദൃശ്യം. 
പച്ച പുതച്ച്, കണ്ണെത്താദൂരം പരന്നുകിടക്കുന്ന വിശാലമായ പ്രദേശവും അരുവികളും ഉഷ്ണ കാലത്തും അനുഭവപ്പെടുന്ന താരതമ്യേന തണുത്ത കാലാവസ്ഥയും പ്രകൃതി രമണീയമായ അൽബാഹയിലേക്ക് സഞ്ചാരികളെ മാടിവിളിക്കുന്നു. സ്വദേശികളും വിദേശികളും ആഹ്ലാദം പങ്കിടുന്ന ഡെസ്റ്റിനേഷൻ. പ്രകൃതിയുമായി ഇഴുകിച്ചേർന്ന് ഒഴിവു സമയം ഉല്ലാസമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്ന സൗദിയിലെ പ്രധാന കേന്ദ്രമായാണ് അൽബാഹ പരിഗണിക്കപ്പെടുന്നത്. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളും പൈതൃക കേന്ദ്രങ്ങളുമാണ് അൽബാഹയിലും പരിസരങ്ങളിലുമുള്ളത്. 


ജിദ്ദയിൽ നിന്ന് കേരള കലാസാഹിതിയുടെ പിക്‌നിക് സംഘത്തോടൊപ്പം ചേർന്നാണ് അൽബാഹ, റഗ്ദാൻ, ധീ ഐൻ, അൽലൈത്ത് ദേശ വിശേഷങ്ങളിലൂടെ സഞ്ചാരം നടത്തിയത്. ശൈത്യത്തിന്റെ ഇലപൊഴിച്ചിൽ തുടങ്ങിയതിനാൽ രാത്രി തീക്കൂട്ടി ക്യാമ്പ് ഫയറൊരുക്കിയാണ് റഗ്ദാൻ വില്ലേജിലെ റിസോർട്ട് വാസം അവിസ്മരണീയമാക്കിയത്. ഷാനവാസ് കൊല്ലം, റോയ് മാത്യു, സജി കുര്യാക്കോസ്, മുഷ്ത്താഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യാത്രാസംഘത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ അമ്പതോളം പേരുണ്ടായിരുന്നു. അക്ഷരാർഥത്തിൽ തന്നെ ഗൃഹാതുര സ്മൃതികളുണർന്ന രണ്ട് രാപ്പകലുകൾ. ചരിത്രമുറങ്ങുന്ന ചെങ്കൽ സൗധങ്ങൾ, അൽബാഹയിൽ നിന്ന് 24 കിലോമീറ്ററകലെ സദാ ജലസ്രോതസ്സുകൾ നിറയുന്ന ധീ ഐൻ ഗ്രാമം, ധീ ഐനിലെ പുരാതന കോട്ടകൊത്തളങ്ങൾ, പ്രാചീനമായ അറേബ്യൻ വാസ്തുശിൽപ മാതൃകകൾ, മാർബിൾ വില്ലേജ് എന്ന പേരിലുമറിയപ്പെടുന്ന ധീ ഐൻ പ്രദേശമാകെ മോടി കൂട്ടാൻ വേണ്ടി സൗദി ടൂറിസം അധികൃതർ പുനർനിർമാണത്തിന്റെ തിരക്കിലാണ്. അൽബാഹയുടെ കേന്ദ്ര സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന റഗ്ദാനിലെ നിബിഡമായ കാടുകളാകെ ഹരിത ചാമരം വീശി നിൽപാണ്. സസ്യലതാദികൾ പരിസരമെങ്ങും നിറഞ്ഞിരിക്കുന്നു. കിളിയൊച്ചകൾ കേൾക്കെ മനസ്സ് നാടിന്റെ കുളിർമയിലേക്ക് പറന്നു.


അചുംബിതമായ, അകൃത്രിമമായ പ്രകൃതിയുടെ മടിത്തട്ട് തേടുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പ്രദേശമാണ് അൽബാഹയിലെ വാദി അലീബ്. എപ്പോഴും ശീതളഛായ പകരുന്ന വൃക്ഷങ്ങളും പച്ചക്കുട നിവർത്തിയ വിശാലമായ വനപ്രദേശങ്ങളും കുന്നിൻചരിവുകളും ജല സഞ്ചാരികളെയും സന്ദർശകരെയും ഇവിടേക്ക് ആകർഷിക്കുന്നു. ചൂട് കുറയുന്നതോടെ സമശീതോഷ്ണ കാലാവസ്ഥ നുകരുന്നതിനും മനം മയക്കുന്ന വശ്യമനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും പ്രദേശത്തേക്ക് ജനങ്ങൾ ഒഴുകിയെത്തും. അൽഗാംദി, സഹ്‌റാനി ഗോത്രങ്ങളുടെ ആസ്ഥാനമാണ് അൽബാഹ. പഴയ കാലത്ത് അറേബ്യൻ ഉപദ്വീപിന്റെ തെക്കു ഭാഗങ്ങളിൽ നിന്ന് പുണ്യഭൂമി ലക്ഷ്യമാക്കി നീങ്ങിയിരുന്ന തീർഥാടക സംഘങ്ങളുടെ സഞ്ചാരപഥം ഇതിലൂടെയായിരുന്നു. പുണ്യം തേടിയുള്ള യാത്രക്കിടെ തീർഥാടക സംഘങ്ങൾ വെള്ളവും ഭക്ഷണവും ശേഖരിച്ചിരുന്നത് വാദി അലീബിൽ നിന്നായിരുന്നു. 
നിരവധി പുരാതന ചരിത്ര, സാഹിത്യ ഗ്രന്ഥങ്ങളിൽ വാദി അലീബിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. കാലാന്തരങ്ങളിൽ അലീബ് താഴ്‌വരയെ വർണിച്ച് നിരവധി കവികൾ കവിതകളും രചിച്ചിട്ടുണ്ട്. അൽഹജ്‌റയിൽ നിന്ന് പത്തു കിലോമീറ്റർ ദൂരെയാണ് വാദി അലീബ്. സറവാത്ത് മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന വാദി അലീബ് അരുവി നിരവധി ഗ്രാമങ്ങളിലൂടെ കടന്നുപോയി ചെങ്കടലിൽ പതിക്കുകയാണ്. എല്ലാ കാലത്തും അരുവിയിൽ നീരൊഴുക്കുണ്ടാകും. അപൂർവയിനങ്ങളിൽ പെട്ട മരങ്ങളും വൈവിധ്യങ്ങളായ പൂക്കളും വാദി അലീബിനെ കൂടുതൽ വശ്യമനോഹരമാക്കുന്നു.  


മഴ ശക്തമായാൽ പുറംലോകവുമായുള്ള ബന്ധം അറ്റുപോകും വിധമാണ് താഴ്‌വരകളെ ചുറ്റിയുള്ള അൽബാഹയുടെ കിടപ്പ്. മടക്കയാത്രയിൽ അൽലൈത്തിൽ തങ്ങിയപ്പോൾ, അവിടെയുള്ള മലയാളി സുഹൃത്തുക്കൾ പറഞ്ഞു: നാലു നാൾ മുമ്പ് പെയ്ത ശക്തമായ മഴയിൽ ഇവിടത്തെ പ്രസിദ്ധമായ ഹോട്ട് വാട്ടർ സ്പ്രിംഗ് പോലും ഭാഗികമായി തകർന്നു പോയി. ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഫസ്‌ലിൻ കഴിഞ്ഞ ദിവസം അൽലൈത്തിൽ വന്ന ദിവസമാണ് ഹോട്ട് വാട്ടർ സ്പ്രിംഗിനെ മരുഭൂമിയിലെ മഴ വിഴുങ്ങിയത്. 
സദാ ഉഷ്ണ ജലം പ്രവഹിക്കുന്ന ഈ അരുവിയിൽ നിന്ന് ആവി പിടിക്കുന്ന (സ്റ്റീം ബാത്ത്) നിരവധി പേരെ രണ്ടു വർഷം മുമ്പത്തെ അൽലൈത്ത് യാത്രയിൽ ഞാൻ കണ്ടിരുന്നു. പുനർനിർമിക്കേണ്ട അവസ്ഥയിലാണ് അൽലൈത്തിലെ ഈ ജല സ്രോതസ്സിപ്പോൾ. രാത്രി അൽബാഹയുടെ ആകാശത്ത് ഇന്ദ്രധനുസ്സിന്റെ സപ്തവർണ നൃത്തം. രണ്ടു നീല നക്ഷത്രങ്ങൾ മേഘങ്ങൾക്കിടയിൽ നിന്ന് മിഴി തുറന്നു. ക്യാമ്പ് ഫയറിന്റെ തീജ്വാലകളിൽ തണുപ്പ്  മണിക്കൂറുകളോളം ഇല്ലാതായ പോലെ. ചുരമിറങ്ങവേ കോട മൂടിയ മലമുകളിൽ നിന്ന് കാടും കോട്ടകളും കടന്ന് കാറ്റ് വന്നു. താഴ്‌വരകളുടെ താഴെ വെളുത്ത പൊട്ട് പോലെ നിരവധി കെട്ടിടങ്ങൾ. മാനം തൊടാൻ കൈ നീട്ടുന്ന പർവത പംക്തികൾ അൽബാഹയുടെ ലാൻഡ് സ്‌കേപിനെ കൂടുതൽ കമനീയമാക്കി. 

ചിത്രങ്ങൾ: ഷാനവാസ് കൊല്ലം
 

Latest News