സൗദിയില്‍ വീട്ടുവേലക്കാരിയെ രക്ഷിച്ച കേസില്‍ സാമൂഹ്യ പ്രവര്‍ത്തകന് ജാമ്യം; 16,000 റിയാല്‍ നല്‍കണം

തമിഴ് ശെല്‍വി

ദമാം- വീട്ടുവേലക്കാരിയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍ എത്തിച്ച കേസില്‍ അറസ്റ്റിലായ ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടനെ സ്‌പോണ്‍സറുടെ ജാമ്യത്തില്‍ വിട്ടയച്ചു. ഗാര്‍ഹിക പീഡനം മൂലം ദുരിതത്തിലായ തമിഴ്‌നാട് സ്വദേശിനി തമിഴ് ശെല്‍വിയെ രക്ഷപ്പെടുത്തി റിയാദിലെ ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍ എത്തിച്ച സംഭവത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടനെ ഖുറയാത്ത് പോലീസ് അറസറ്റ് ചെയ്തിരുന്നത്. വേലക്കാരിയുടെ വിസക്ക് വേണ്ടി ചെലവായ 16,000 റിയാല്‍ സ്‌പോണ്‍സര്‍ക്ക് നല്‍കണമെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. കടുത്ത നടപടി ആവശ്യപ്പെട്ട ശെല്‍വിയുടെ സ്‌പോണ്‍സര്‍  അനുരഞ്ജന ചര്‍ച്ചക്കൊടുവില്‍ വിസക്ക് വേണ്ടി ചെലവായ തുക ആവശ്യപ്പെടുകയായിരുന്നു.


മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


പണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ എംബസി കൈമലര്‍ത്തിയതോടെ മണിക്കുട്ടന്‍ വെട്ടിലായിരിക്കയാണ്. വിഷയത്തില്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വം കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വേലക്കാരി തമിഴ് ശെല്‍വിയെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ നേരത്തെ സുഷമാ സ്വരാജുമായി ബന്ധപ്പെട്ടിരുന്നു.

http://malayalamnewsdaily.com/sites/default/files/2019/01/01/selvi.png
പത്ത് മാസം മുമ്പാണ് ശെല്‍വി ഖുറയാത്ത് ഒലിയയില്‍ വീട്ടു വേലക്കായി എത്തിയത്. വിശ്രമമില്ലാത്ത ജോലിയും ക്രൂരമായ പീഡനവും കാരണം ബുദ്ധിമുട്ടിലായ തമിഴ്് ശെല്‍വി റിയാദിലെ ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരാതി നല്‍കിയിരുന്നു. സ്വദേശി വീട്ടമ്മയുടെ മര്‍ദനത്തെ തുടര്‍ന്ന് കയ്യൊടിഞ്ഞ തമിഴ് ശെല്‍വിയുടെ വീഡിയോകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ കേസില്‍ ഇടപെടുന്നതിനും പീഡനം അനുഭവിക്കുന്ന തമിഴ്് ശെല്‍വിയെ രക്ഷപ്പെടുത്തുന്നതിനും മണിക്കുട്ടന്റെ ഭാര്യയും സാമൂഹ്യ പ്രവര്‍ത്തകയുമായ മഞ്ജുവിന് എംബസി അനുമതി പത്രം നല്‍കിയിരുന്നു.  
കടുത്ത പീഡനം തുടര്‍ന്ന വീട്ടില്‍നിന്ന് രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ശെല്‍വി മഞ്ജുവിനെ മൊബൈലില്‍ വിളിച്ചു കരഞ്ഞു കൊണ്ടേയിരുന്നു. തുടര്‍ന്ന് മഞ്ജുവും മണിക്കുട്ടനും ദമാമില്‍നിന്ന് 350 കിലോമീറ്റര്‍ ദൂരത്തുള്ള ഖുറയാത്തിലേക്ക് പുറപ്പെട്ടു. ശെല്‍വി അയച്ച വീടിന്റെ റൂട്ട് മാപ്പ് പ്രകാരം പുലര്‍ച്ചെ അഞ്ച് മണിക്ക്  ഖുറയാത്തിലുള്ള വീടിനു മുമ്പിലെത്തി ശെല്‍വിയെ കാറില്‍ കയറ്റി റിയാദ് ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍ എത്തിച്ചു.
ശെല്‍വിയെ കാണാത്തതിനെ തുടര്‍ന്ന് സപോണ്‍സറുടെ അന്വേഷണത്തില്‍ വീടിനു പുറത്തു സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയില്‍ മണിക്കുട്ടന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുകയും തുടര്‍ന്ന് സ്‌പോണ്‍സര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ശെല്‍വിയെ ഹുറൂബാക്കുകയും ചെയ്തു. മണിക്കുട്ടനെ ഹാജരാക്കാന്‍ സ്‌പോണ്‍സറോട് ഖുറയാത്ത് ഉലയ പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ  കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ഖലീല്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി മതിലകം, എബ്രഹാം വലിയകാല, മഞ്ജു മണിക്കുട്ടന്‍, മണിക്കുട്ടന്റെ സ്‌പോണ്‍സര്‍ എന്നിവരുടെ കൂടെയാണ് മണിക്കുട്ടന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്.  

   

 

 

Latest News