ന്യൂദൽഹി- സംഘ്പരിവാറിലെയും എൻ.ഡി.എയിലെയും ഹിന്ദുത്വവാദികളെ നിരാശരാക്കി പ്രധാനമന്ത്രി മോഡി. കോടതി നടപടി പൂർത്തിയാക്കുന്നത് വരെ രാമക്ഷേത്ര നിർമാണം സംബന്ധിച്ച് യാതൊരു വിധത്തിലുളള ഉത്തരവും ഇറങ്ങില്ലെന്ന് നരേന്ദ്ര മോഡി. വ്യക്തമാക്കി. 'നിയമ നടപടികൾ പൂർത്തിയാവട്ടെ' എന്നാണ് ഇന്ന് ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോഡി പറഞ്ഞത്.
ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ ദീർഘനാളായി കേന്ദ്രം രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഉത്തരവ് ഇറക്കി എത്രയും പെട്ടെന്ന് ക്ഷേത്ര നിർമാണം തുടങ്ങണം എന്നാണ് വിശ്വ ഹിന്ദു പരിഷത് അടക്കമുളള സംഘടനകളുടെ ആവശ്യം.
അയോധ്യയിലെ ഭൂമിയുടെ കൈവശാവകാശത്തെ സംബന്ധിച്ചുളള കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ ആഴ്ച പരിഗണിച്ചേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ബി ജെ പി കളം മാറ്റി ചവിട്ടുന്നതിന്റെ സൂചനയാണ് പുതിയ പ്രസ്ഥാവന എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. രാമക്ഷേത്ര നിർമാണ വിഷയത്തിൽ എൻ ഡി എയിലെ ചില കക്ഷികളും ബി ജെ പിയും നേരത്തെ തന്നെ രണ്ട് തട്ടിലാണ്.
ബീഹാർ മുഖ്യമന്ത്രിയും എൻ ഡി എയിലെ പ്രബല കക്ഷിയായ ജനതാ ദൾ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാർ ബി ജെ പി നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു.
രാമക്ഷേത്ര നിർമാണം എൻ ഡി എയുടെ അജണ്ട അല്ലെന്ന് നിതീഷ്‌കുമാർ. ബിജെപിയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള സീറ്റ് വിഭജനം പൂർത്തിയാക്കിയതിന് തൊട്ടു പിന്നാലെയാണിത്.
'ബീഹാറിൽ വികസനം കൊണ്ടുവരികയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. രാം മന്ദിർ പ്രശ്‌നം കോടതി ഉത്തരവിലൂടെ പരിഹരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം,' നിതീഷ് കുമാർ പറഞ്ഞു.
നീണ്ട ചർച്ചകൾക്ക് ശേഷം ബീഹാറിൽ എൻ ഡി എ സീറ്റ് വിഭജനം പൂർത്തിയാക്കിയ ഉടനെയായിരുന്നു നിതീഷ് കുമാറിന്റെ അഭിപ്രായ പ്രകടനം.
എൻ ഡി എയുടെ ബീഹാറിലെ സഖ്യ കക്ഷിയായ ലോക് ജനശക്തി പാർട്ടി നേതാവായ ചിരാഗ് പാസ്വാനും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. രാമക്ഷേത്രം എൻ ഡി എ അജണ്ട അല്ല, ബിജെപി അജണ്ട ആണെന്നാണ് ചിരാഗ് പാസ്വാൻ പറഞ്ഞത്.