കാസർകോട് -കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സർക്കാർ ഇന്ന് വൈകീട്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിൽ കാസർകോട് പുതിയ ബസ്് സ്റ്റാന്റ് പരിസരത്തെ സർക്കിളിൽനിന്ന് ആരംഭിക്കും. മതിലിൽ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ആദ്യ കണ്ണിയാകും. ജില്ലയിലെ സാമൂഹ്യ-വിദ്യാഭ്യാസ- സാംസ്‌കാരിക-രാഷ്ട്രീയ-നവോത്ഥാന മേഖലകളിലെ പ്രമുഖ വനിതകൾ തുടർന്ന് അണിനിരക്കും.
പുതിയ ബസ്് സ്റ്റാന്റ് സർക്കിളിൽനിന്ന് ആരംഭിച്ച് പ്രസ്‌ക്ലബ് ജംഗ്ഷൻ വഴി കെ.എസ്.ടി.പി റോഡിലേക്കു പ്രവേശിച്ച് കാലിക്കടവ് വരെയാണു ജില്ലയിൽ മതിലൊരുക്കുന്നത്. 44 കിലോമീറ്റർ ദൂരത്തിൽ ഒരു ലക്ഷംപേരാണ് ജില്ലയിൽ അണിനിരക്കുകയെന്ന് ജില്ലാ കലക്ടർ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. വനിതാ മതിലിൽ പങ്കെടുക്കേണ്ടവർ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30നകം എത്തിച്ചേരണം. 3.50ന് ട്രയലും നാലിന് പ്രതിജ്ഞയോടെ വനിതാ മതിലും ഒരുക്കും.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സർക്കിൾ മുതൽ പഴയ പ്രസ് ക്ലബ് ജംഗ്ഷനിലൂടെ കെ. എസ്. ടി. പി റോഡ് വഴി നാലര കിലോമീറ്റർ ദൂരത്തിൽ കാസർകോട് മുൻസിപ്പാലിറ്റിയിൽനിന്നും, മധൂർ, ചെങ്കള, മൊഗ്രാൽ-പുത്തൂർ ഗ്രാമ പഞ്ചായത്തുകളിൽനിന്നുമുള്ള വനിതകൾ പങ്കെടുക്കണം.
അതിനുശേഷം ഏകദേശം ഒരു കിലോമീറ്റർ ദൂരം മഞ്ചേശ്വരം, വൊർക്കാടി, മീഞ്ച, പൈവളിഗ, മംഗൽപ്പാടി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവർ പങ്കെടുക്കണം. തുടർന്നു ചളിയൻങ്കോട് പാലം വരെ അരകിലോമീറ്റർ ദൂരത്തിൽ കുമ്പള, പുത്തിഗെ, എൻമകജെ, ബദിയടുക്ക ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് അണിനിരക്കേണ്ടത്.
മേൽപ്പറമ്പ് ടൗണിനു സമീപത്തെ ഇടവുങ്കാൽ ക്ഷേത്രം വരെയുള്ള രണ്ടു കിലോമീറ്റർ കാറഡുക്ക, കുമ്പഡാജെ, ബെള്ളൂർ, ദേലംമ്പാടി, മുളിയാർ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ളവർ അണിനിരക്കണം. തുടർന്ന് കോട്ടിക്കുളം വരെയുള്ള നാലേകാൽ കിലോമീറ്റർ ദൂരം ചെമ്മനാട്, ഉദുമ ഗ്രാമ പഞ്ചായത്തുകളിൽനിന്നുള്ളവർ പങ്കെടുക്കണം. കോട്ടിക്കുളം മുതൽ ബേക്കൽ ജങ്ഷൻ വരെ കുറ്റിക്കോൽ, ബേഡകം ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ളവരും പൂച്ചക്കാട് പള്ളിവരെയുള്ള മൂന്നേകാൽ കിലോമീറ്റർ ദൂരം പള്ളിക്കര ഗ്രാമ പഞ്ചായത്തിൽനിന്നുള്ള വനിതകളും പങ്കെടുക്കണം. പൂച്ചക്കാട് പള്ളി മുതൽ ചാമുണ്ഡിക്കുന്ന് വരെ പനത്തടി, കോടോം-ബേളൂർ, കള്ളാർ ഗ്രാമ പഞ്ച ായത്തുകളിൽനിന്നുള്ള വനിതകൾ അണിനിരക്കണം. തുടർന്ന് പുതിയകോട്ട താലൂക്ക് ഓഫീസ് മുതൽ ആൽത്തറ വരെ ഏഴര കിലോമീറ്റർ ദൂരം കാഞ്ഞങ്ങാട് നഗരസഭയിലെയും, അജാനൂർ, പുല്ലൂർ, പെരിയ ഗ്രാമ പഞ്ചായത്തുകളിലേയും വനിതകൾ പങ്കെടുക്കണം. തുടർന്ന് അലാമിപ്പള്ളി പുതിയ ബസ്് സ്റ്റാന്റിന് ശേഷമുള്ള പെട്രോൾ പമ്പ് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം ബളാൽ, ഈസ്റ്റ്-എളേരി, വെസ്റ്റ് - എളേരി ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ളവർ അണിനിരക്കണം.
പടന്നക്കാട് ടോൾ ബൂത്ത് വരെയുള്ള മൂന്നുകിലോമീറ്റർ മടിക്കൈ, കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ളവരും പടന്നക്കാട് ടോൾ ബൂത്ത് മുതൽ നീലേശ്വരം മാർക്കറ്റ് ജങ്ഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം കയ്യൂർ-ചീമേനി, പടന്ന ഗ്രാമ പഞ്ചായത്തുകളിൽനിന്നുള്ളവരുമാകണം വനിതാ മതിലിനായി പങ്കെടുക്കേണ്ടത്. നീലേശ്വരം മാർക്കറ്റ് ജങ്ഷൻ മുതൽ പള്ളിക്കര റെയിൽവേ ഗേറ്റ് വരെ രണ്ടരകിലോമീറ്റർ ദൂരം നീലേശ്വരം നഗരസഭ അതിർത്തിയിലുള്ളവരും പള്ളിക്കര റെയിൽവേ ഗേറ്റ് മുതൽ ചെക്ക് പോസ്റ്റ് വരെയുള്ള ഏകദേശം രണ്ടര കിലോമീറ്റർ ദൂരം തൃക്കരിപ്പൂർ, വലിയപറമ്പ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവരും പങ്കെടുക്കണം. ചെക്ക് പോസ്റ്റ് മുതൽ ഞാണങ്കൈ വരെയുള്ള രണ്ട്കിലോമീറ്റർ ദൂരം ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിൽ നിന്നുള്ളവരും ഞാണങ്കൈ മുതൽ കാലിക്കടവ് ജില്ലാ അതിർത്തി വരെയുള്ള ഏകദേശം മൂന്നരകിലോമീറ്റർ ദൂരം പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ നിന്നുള്ളവരും അണിനിരക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.