റിയാദ് - ഹോത്ത ബനീ തമീമിൽ സുരക്ഷാ സൈനികർക്കു നേരെ വെടിവെപ്പ് നടത്തിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകൾ നേരത്തെ മുതൽ അന്വേഷിച്ചുവരുന്ന പ്രതിയാണ്. വെടിവെപ്പിനിടെ സുരക്ഷാ ഭടന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് ശ്രമിച്ച സുരക്ഷാ സൈനികരിൽ നിന്ന് രക്ഷപ്പെടുന്നതിന് ശ്രമിച്ചാണ് പ്രതികൾ വെടിവെപ്പ് നടത്തിയത്. രക്ഷപ്പെടുന്നതിനുള്ള ഇവരുടെ ശ്രമം വിജയിച്ചില്ല. അറസ്റ്റിലായ പ്രതികളെ സുരക്ഷാ വകുപ്പുകൾ ചോദ്യം ചെയ്തുവരികയാണ്.






