പ്രതിരോധ ഇടപാടുകളില്‍ സോണിയയും രാഹുലും ഒരിക്കലും ഇടപെട്ടില്ല- ആന്റണി


നുണകള്‍ക്കായി ബി.ജെ.പി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു


ന്യൂദല്‍ഹി- അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ കേസില്‍ ബി.ജെ.പി ആരോപണങ്ങളുടെ മുനയൊടിച്ച് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനിടെ ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ പരാമര്‍ശിച്ചു എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ വൈരാഗ്യക്കളിയാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒരിക്കല്‍ പോലും സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ പ്രതിരോധ വിഷയങ്ങളില്‍ ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. സര്‍ക്കാരും ബി.ജെ.പിയും അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നുണകള്‍ പടച്ചുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എ.കെ ആന്റണി കുറ്റപ്പെടുത്തി.
ഇടപാടില്‍ അഴിമതിയുണ്ടെന്ന് റിപ്പോര്‍ട്ട് ഇറ്റലിയില്‍ നിന്ന് ലഭിച്ച നിമിഷം തന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇറ്റലിയില്‍ കേസ് നടത്താനുള്ള അസാധാരണ തീരുമാനവും യു.പി.എ സര്‍ക്കാര്‍ കൈക്കൊണ്ടു. ഒടുവില്‍ കേസ് വിജയിച്ചു. അഴിമതി ആരോപണമുയര്‍ന്ന ഘട്ടത്തില്‍ തന്നെ ഞങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അമേരിക്കയിലെയും റഷ്യയിലെയും സിംഗപ്പൂരിലേതുമുള്‍പ്പെടെ ശക്തരായ അഞ്ചോ ആറോ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി. മോഡി സര്‍ക്കാരിന്റെ ട്രാക്ക് റിക്കാര്‍ഡ് എന്താണെന്നും ആന്റണി ചോദിച്ചു.
താന്‍ പ്രതിരോധ മന്ത്രിയായിരിക്കെ ഒപ്പിട്ട കരാറിന്റെ ഒരു ഘട്ടത്തില്‍ പോലും സോണിയയോ രാഹുലോ ഇടപെട്ടിട്ടില്ല. ഉദ്യോഗസ്ഥരുടെ സംഘം വിലയിരുത്തിയ ശേഷമാണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡിനെ തെരഞ്ഞെടുത്തത്. കരാറില്‍ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയ ഉടന്‍ തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇറ്റലിയിലെ കോടതിയില്‍ കേസ് നടത്തി കരാര്‍ തുകയും മൂന്നു ഹെലികോപ്ടറുകളും യു.പി.എ സര്‍ക്കാര്‍ തിരിച്ചു പിടിച്ചു. തുടര്‍ന്ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു.
എന്നാല്‍, നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കമ്പനിയെ കരിമ്പട്ടികയില്‍ നിന്നൊഴിവാക്കുകയാണ് ചെയ്തത്. ബാംഗളൂരുവില്‍ സംഘടിപ്പിച്ച എയര്‍ ഇന്ത്യ ഷോയില്‍ പങ്കെടുക്കാന്‍ അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍ മെക്കാനിക്കയെ അനുവദിക്കുകയും ചെയ്തതായി ആന്റണി കുറ്റപ്പെടുത്തി. റഫാല്‍ വിമാന ഇടപാട് കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് പോലും വഴങ്ങാത്ത സര്‍ക്കാര്‍ ശ്രദ്ധ തിരിക്കാനാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.

 

Latest News