തൃശൂര്‍- വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച് ഒരു നികുതി രീശിത് നിങ്ങളുടെ കൈയിലെത്തിയാല്‍ നോക്കാതിരിക്കരുത്. വിചാരിക്കുന്നതുപോലെ അതൊരു നികുതി രശീതിയല്ല, കല്യാണക്കുറിയാണ്.
ക്ഷണക്കത്ത് കിട്ടുന്നവരൊക്കെ കല്യാണത്തിനെത്തിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, എങ്ങനെ ഇത് പ്രചരിച്ചുവെന്നറിയില്ലെന്നാണ് തൃശൂര്‍ അക്കിക്കാവില്‍ രൂപ് കല ഡൈസൈനിംഗ് ഷോപ്പ് നടത്തുന്ന പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് പ്രദീപിന്റെ മറുപടി.
വെഡ്ഡിംഗ് കാര്‍ഡും ഫ്‌ളക്‌സ് ബോര്‍ഡുകളുമൊക്കെ തയാറാക്കുന്ന പ്രദീപ് സ്വന്തം വിവാഹക്ഷണക്കത്തിലും വ്യത്യസ്തതയുള്ള ഒരു ഡിസൈന്‍ പരീക്ഷിക്കുകയായിരുന്നു.
ജനുവരി 28ന് വധു തോട്ടത്തില്‍ ഷീനയുടെ സ്വദേശമായ പട്ടാമ്പിയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലാണ് വിവാഹം.
ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ഡയറിയുമൊക്കെയായി ഇതിനു മുമ്പും ആളുകള്‍ വിവാഹ ക്ഷണക്കത്തില്‍ പുതുമ തേടിയിട്ടുണ്ടെങ്കിലും നികുതി രശീത് ആദ്യമാണ്.