Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബിജെപി നീക്കം തടയാനൊരുങ്ങി പ്രതിപക്ഷം

ന്യുദല്‍ഹി- എതിര്‍പ്പുകള്‍ക്കിടെ ലോക്‌സഭയില്‍ വീണ്ടും പാസാക്കിയ ഭേദഗതി ചെയ്ത മുത്തലാഖ് ബില്‍ ഇന്ന് രാജ്യസ്യഭയില്‍ അവതരിപ്പിക്കും. മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന മുത്തലാഖ് ബില്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിക്കുക. ബിജെപി തങ്ങളുടെ രാജ്യസഭാംഗങ്ങള്‍ക്ക് സഭയില്‍ ഹാജരാകണണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഇരുസഭകളിലെ അംഗങ്ങള്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. തെലുഗു ദേശം പാര്‍ട്ടി (ടിഡിപി)യും എംപിമാര്‍ക്ക് വിപ്പ് നല്‍കി.

രാജ്യസഭയില്‍ പ്രതിപക്ഷം ശക്തരാണെന്നിരിക്കെ ബില്‍ സഭയില്‍ പാസാക്കിയെടുക്കുക എന്നത് ബിജെപിക്ക് ലിറ്റ്മസ് ടെസ്്റ്റാകും. മുത്തലാഖ് ചര്‍ച്ച ഇന്ന് രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദങ്ങളിലേക്ക് നയിക്കാനിടയുണ്ട്. കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പുറമെ ബിജെപിയോട് അടുപ്പമുള്ള മറ്റു പാര്‍ട്ടികളും ബില്ലിനെതിരെ ശക്തമായി രംഗത്തുണ്ടെന്ന് ഭരണകക്ഷിക്ക് രാജ്യസഭയില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമിതി ഈ ബില്‍ സൂക്ഷമ പരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ബില്ലിലെ പല വകുപ്പുകള്‍ക്കുമെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്. രാജ്യസഭ തുടങ്ങുന്നതിനു മുമ്പ് പ്രതിപക്ഷ നേതാക്കളുടെ ഉന്നത തല യോഗവും നടക്കും. സഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനും തന്ത്രങ്ങള്‍ മെനയാണുമാണിത്.

ബില്ലിനെ എതിര്‍ത്തു കൊണ്ടുള്ള പ്രതിപക്ഷ പ്രമേയത്തെ 116 എംപിമാര്‍ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ബില്ല് പാസാക്കാനാകുമെന്ന ആ്ത്മവിശ്വാസമുണ്ടെന്ന് ബിജെപിയും വ്യക്തമാക്കുന്നു. സഭയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപി മറ്റു പാര്‍ട്ടികളുടേയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

ബില്‍ നിലവിലെ രീതിയില്‍ പാസാക്കാന്‍ പാടില്ലെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും ഇതു നീതി നല്‍കുന്നില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി ഈ ബില്ലുമായി മുന്നോട്ടു വന്നിട്ടുള്ളതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബില്ലിലെ ചില വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഈ വകുപ്പുകള്‍ തിരുത്തണമെന്ന് പല പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്. 

മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയുള്ള വിവാഹ മോചനമായ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ഈ ബില്‍. ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും അനുശാസിക്കുന്നു. വ്യക്തി നിയമത്തില്‍ വരുന്ന സിവില്‍ വ്യവഹാരത്തെ ക്രിമിനല്‍ കേസാക്കുന്നതിനെതിരെയാണ് ശക്തമായി എതിര്‍ക്കുന്നത്. മറ്റൊരു മതവിഭാഗക്കാര്‍ക്കും വിവാഹ മോചനം ക്രിമിനല്‍ കുറ്റമല്ലെന്നും മുസ്ലിംകള്‍ക്കു മാത്രം ഇതേര്‍പ്പെടുത്തുന്നതും വിവേചനപരമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

Latest News