Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബംഗ്ലാദേശില്‍ വ്യാപക അക്രമവും ബൂത്ത് പിടിത്തവും; 15 മരണം


മൂന്നാമൂഴം ഉറപ്പിച്ച് ശൈഖ് ഹസീന

കൃത്രിമം ആരോപിച്ച് 28 സ്ഥാനാര്‍ഥികള്‍ കൂടി പിന്മാറി


ധാക്ക- ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ വ്യാപക അക്രമവും ബുത്ത് പിടിത്തവും. വിവിധ ഡിസ്ട്രിക്ടുകളിലായി 15 പേര്‍ കൊല്ലപ്പെട്ടു. വന്‍തോതിലുള്ള അക്രമങ്ങള്‍ക്കാണ് പല പ്രദേശങ്ങളും സാക്ഷ്യം വഹിച്ചത്. ബൂത്ത് പിടിത്തങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് ഹസീന തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. മുഖ്യ എതിരാളി ഖാലിദ സിയയെ അഴിമതിക്കേസുകളുടെ പേരില്‍ ജയിലിലടച്ചിരിക്കയാണ്.
പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി വോട്ടെടുപ്പ് നടത്തിയെന്നാണ് ആരോപണം. അക്രമം തടയാനെന്ന പേരില്‍ ആറ് ലക്ഷം സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരുന്നത്. അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാന്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചിറ്റഗോംഗ് പട്ടണത്തിലെ ഒരു പോളിംഗ് കേന്ദ്രത്തില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തന്നെ നിറഞ്ഞ ബാലറ്റ് പെട്ടികള്‍ കണ്ടുവെന്ന് ബി.ബി.സി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണത്തിലെ മിക്ക പോളിംഗ് ബൂത്തുകളിലും ഭരണകക്ഷിയുടെ പോളിംഗ് ഏജന്റുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് പ്രധാന പ്രതിപക്ഷ സഖ്യത്തിലെ 28 സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പ് മത്സരത്തില്‍നിന്ന് പിന്മാറുന്നതായി അറയിച്ചു.
പത്ത് കോടി വോട്ടര്‍മാരാണുള്ളതെങ്കിലും പോളിംഗ് വളരെ കുറവായിരുന്നു. അതേസമയം, സംഘര്‍ഷ സംഭവങ്ങളുണ്ടായിട്ടും ഉത്സാവാന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടന്നതെന്ന് ഭരണകക്ഷിയായ അവാമി ലീഗ് അവകാശപ്പെട്ടു. വ്യാപക കൃത്രിമവും ബൂത്ത് പിടിത്തവും പ്രതിപക്ഷം ആരോപിച്ചിരിക്കെ, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്.


മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



2009 മുതല്‍ ശൈഖ് ഹസീനയുടെ അവാമി ലീഗാണ് ബംഗ്ലാദേശ് ഭരിക്കുന്നത്. ഈ വര്‍ഷാദ്യം ജയിലിലടച്ച ഖാലിദ സിയയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തടഞ്ഞിരുന്നു.
ഒരു ഭാഗത്ത് ആരോപണങ്ങള്‍ ഉന്നയിക്കുകയും മറുഭാഗത്ത് അക്രമം പ്രേരിപ്പിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ശൈഖ് ഹസീന കുറ്റപ്പെടുത്തി. ഇലക്്ഷന്‍ നീതിപൂര്‍വകമായിരിക്കില്ലെന്ന് പ്രതിപക്ഷവും തെരഞ്ഞെടുപ്പ് നിരീക്ഷകരും വോട്ടെടുപ്പിന് മുമ്പ് ആരോപിച്ചതു പോലെ തന്നെയാണ് വോട്ടെടുപ്പ് ദിവസമുണ്ടായ സംഭവങ്ങള്‍.
ഖാലിദ സിയയുടെ അഭാവത്തില്‍ കമാല്‍ ഹുസൈനാണ് പ്രതിപക്ഷത്തെ നയിച്ചത്. നേരത്തെ അവാമി ലീഗ് മന്ത്രിയും ഹസീനയുടെ സഹായിയുമായിരുന്ന കമാല്‍ ഹുസൈന്‍ ഇലക്്ഷനില്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബി.എന്‍.പി) ഉള്‍പ്പെടുന്ന ജാതിയ ഒയിക്യ മുന്നണിയാണ് തെരഞ്ഞെപ്പിനെ നേരിട്ടത്. 81 കാരനും രാജ്യത്തെ ഭരണഘടന തയാറാക്കിയ അഭിഭാഷകനുമായ കമാല്‍ ഹുസൈന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. പ്രതിപക്ഷം വിജയിച്ചാല്‍ ആരു നയിക്കുമെന്ന ചോദ്യം ഉയരാന്‍ ഇത് കാരണമാക്കിയിരുന്നു. 2014 ലെ തെരഞ്ഞെടുപ്പ് ബി.എന്‍.പി ബഹിഷ്‌കരിക്കുകയായിരുന്നു. പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് വലിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.

 

Latest News