Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവരെ കൊന്നേക്കുക, എന്താകുമെന്ന് നോക്കാം; വിദ്വേഷ പ്രസംഗവുമായി വി.സി

ലഖ്‌നൗ- രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധി നേടിയ ഉത്തർപ്രദേശിൽ നിന്നും കൊലവിളി പ്രസംഗവുമായി ഒരു വൈസ് ചാൻസലർ. വീർ ബഹാദൂർ സിങ് പൂർവാഞ്ചൽ യൂണിവേഴ്‌സിറ്റിയിലെ വി.സി രാജാ റാം യാദവാണ് കൊന്ന് തിരിച്ചു വരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്. 
ആരോടെങ്കിലും തർക്കമുണ്ടായാൽ കൊല്ലാൻ മടിക്കേണ്ട എന്നാണ് ഇതിനകം വൈറലായിക്കഴിഞ്ഞ ഒരു വീഡിയോയിൽ രാജാ റാം യാദവ് പറയുന്നത്. 
'നിങ്ങൾ പൂർവാഞ്ചൽ സർവകലാശാലയിലെ വിദ്യാർഥികളാണെങ്കിൽ കരഞ്ഞുകൊണ്ട് എന്റെ അടുത്ത് വരാൻ പാടില്ല. ആരോടെങ്കിലും തർക്കമുണ്ടായാൽ രണ്ടെണ്ണം കൊടുക്കുക, പറ്റുമെങ്കിൽ കൊന്നേക്കുക. എന്താവുമെന്നും എന്ത് ചെയ്യണമെന്നും പിന്നെ നോക്കാം,' രാജാ റാം വിഡിയോയിൽ പറയുന്നു. 
വിവാദ പ്രസ്താവന രാജാ റാം നടത്തിയത് ഗാസിപൂരിലെ സത്യദേവ് കോളേജിലെ ഒരു പരിപാടിക്കിടെ ആയിരുന്നു. 
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ കല്ലേറിൽ ഗാസിപൂരിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടത്. നരേന്ദ്ര മോദിയുടെ ജാഥ ഇവിടെ നടന്നതിന് തൊട്ടു പിന്നാലെ നിഷാദ് പാർട്ടി പ്രവർത്തകർ നടത്തിയ പോലീസ് സ്‌റ്റേഷൻ മാർച്ചിലാണ് അക്രമമുണ്ടായത്. അറസ്റ്റിലായ തങ്ങളുടെ നാലു പ്രവർത്തകരെ പോലീസ് വിട്ടയക്കണം എന്നു ആവശ്യപ്പെട്ടായിരുന്നു മാർച്ച്. 32 പേരെ ആക്രമണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രൂക്ഷമായ വിമർശനങ്ങളാണ് രാജാ റാമിന്റെ പ്രസംഗത്തിനെതിരെ വന്നു കൊണ്ടിരിക്കുന്നത്. സമാജ് വാദി പാർട്ടി വക്താവ് അബ്ദുൽ ഹാഫിസ് ഗാന്ധി പറഞ്ഞത് ഇത് തികഞ്ഞ പ്രകോപന പ്രസംഗമാണെന്നാണ്.
 'കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയല്ലാതെ വേറെ ഒന്നുമല്ല ഈ പ്രസംഗം. കുട്ടികൾക്ക് കുറ്റം ചെയ്യാൻ പ്രേരണ നൽകുന്ന ഇയാൾ വൈസ് ചാൻസലർ അല്ല. യുദ്ധപ്രഭുക്കളെ പോലെ അല്ലെങ്കിൽ യുദ്ധ കുറ്റവാളി സംഘങ്ങളുടെ തലവനെപ്പോലെ ആണ് ഇയാൾ പെരുമാറുന്നത്. കുറ്റവാസനയുള്ള ഇത് പോലുള്ള ആളുകളിൽനിന്ന് അക്കാദമിക വൈഭവം പ്രതീക്ഷിക്കാനാകില്ല. ' അബ്ദുൽ ഹാഫിസ് പറഞ്ഞു. രാജാ റാമിനെ പുറത്താക്കാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. 
സാമൂഹ്യ മാധ്യമങ്ങളിലും കടുത്ത വിമർശനങ്ങളാണ് രാജാറാമിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്. വൈസ് ചാൻസലർ വിഷം ചീറ്റുന്നു എന്നാണ് ചിലർ ട്വീറ്റ് ചെയ്തത്.
ഗവർണർ രാം നായിക് കഴിഞ്ഞ വർഷമാണ് രാജാ റാമിനെ വൈസ് ചാൻസലർ ആയി നിയമിച്ചത്. മുമ്പ്, അലഹാബാദ് സർവകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തിൽ പ്രൊഫസർ ആയിരുന്നു അദ്ദേഹം.
 

Latest News