കൊൽക്കത്ത- വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെൻ അന്തരിച്ചു. 95 വയസായിരുന്നു. ദാദാസാഹിബ് ഫാൽകെ പുരസ്‌കാര ജേതാവായിരുന്ന മൃണാൾ സെൻ കൊൽക്കത്തയിലെ വസതിയിലാണ് അന്തരിച്ചത്. ഇന്ത്യൻ സിനിമയിലെ അതികായനും ലോകസിനിമാ ചരിത്രത്തിൽ ഇടംനേടിയ ചലച്ചിത്രകാരനുമാണ് മൃണാൾ സെൻ. ഇപ്പോഴത്തെ ബംഗ്ലാദേശിലെ ഫരീദ്പുരിൽ 1923 മെയ് 14നായിരുന്നു മൃണാൾ സെന്നിന്റെ ജനനം. കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിൽനിന്ന് കെമിസ്ട്രിയിൽ ബിരുദം നേടി. പത്രപ്രവർത്തകനായും മെഡിക്കൽ റെപ്രസന്റെറ്റീവായും പ്രവർത്തിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 1955-ൽ ആദ്യസിനിമ സംവിധാനം ചെയ്തു. നീൽ ആകാഷെർ നീചെ എന്ന രണ്ടാമത്തെ ചിത്രം രാജ്യാന്തര ശ്രദ്ധ നേടി. നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി.