പോക്‌സോ കേസിൽ കടുത്ത ശിക്ഷ കേരളത്തിൽ ആദ്യം
കാസർകോട്- എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരിയെ നിരന്തരം പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെ കോടതി ആജീവനാന്തം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള കുബണൂർ പച്ചമ്പള്ള പഞ്ചത്തൊട്ടിയിലെ അബ്ദുൽ കരീമിനെ (34) യാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ് ശശികുമാർ അവസാനശ്വാസം വരെ തടവിന് ശിക്ഷിച്ചത്. പോക്‌സോ നിയമത്തിലെ വകുപ്പുകൾ, ബലാത്സംഗം, വധഭീഷണി തുടങ്ങിയ വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. മാതാവിനെ കത്തിമുനയിൽ നിർത്തി അവരുടെ കൺമുന്നിൽ വെച്ചു തന്നെ മകളെ പീഡിപ്പിച്ച അസാധാരണ കുറ്റകൃത്യമാണ് പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാൻ വഴിയൊരുക്കിയത്. പ്രതിയെ വെള്ളിയാഴ്ച കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സംഭവം നടന്ന് എട്ട് മാസത്തിനുള്ളിൽ തന്നെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. കേസിൽ അറസ്റ്റിലായത് മുതൽ യുവാവ് ജയിലിലാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു 2018 ഏപ്രിൽ രണ്ടിന് പുലർച്ചെ നാല് മണി മുതൽ 7.30 മണി വരെയും അതിന് മുമ്പുള്ള പല ദിവസങ്ങളിലും പ്രതി അബ്ദുൽ കരീം കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മംഗൽപ്പാടി പഞ്ചത്തൊട്ടിയിലെ ഒരു വാടക ക്വാർട്ടേഴ്സിൽ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നത്. പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗിക പീഡനം നടത്തിവന്നിരുന്നത്. പെൺകുട്ടി തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചതിനെ തുടർന്നാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കുമ്പള സി.ഐ കെ. പ്രേംസദൻ കേസന്വേഷണം ഏറ്റെടുക്കുകയും അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു. രണ്ടു മാസത്തിനകം കുറ്റപത്രം നൽകിയതിനാൽ പ്രതിക്ക് ജാമ്യത്തിലിറങ്ങാനും കഴിഞ്ഞില്ല. പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ നിർഭയ കേന്ദ്രത്തിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത പീഡന കേസിൽ പ്രതിയെ അവസാന ശ്വാസം വരെ തടവിലിടാൻ ശിക്ഷിച്ച വിധി കോടതിയിൽനിന്നുണ്ടായത് കേരളത്തിൽ ആദ്യം. സംഭവം നടന്നു രണ്ടു മാസത്തിനകം കുമ്പള സി.ഐ കെ. പ്രേംസദൻ കുറ്റപത്രം നൽകിയ പീഡന കേസിൽ കുമ്പള കുബണൂർ പച്ചമ്പള്ള പഞ്ചത്തൊട്ടിയിലെ അബ്ദുൽ കരീമിനെ (34) യാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി എസ് ശശികുമാർ ആണ് ഇന്നലെ അവസാന ശ്വാസം വരെ തടവിലിടാൻ ശിക്ഷിച്ചത്. മരണം വരെ പ്രതിക്ക് പുറത്തിറങ്ങാൻ കഴിയാത്ത കടുത്ത ശിക്ഷയാണിത്. പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിൽ ഇത്രയും വേഗത്തിൽ കുറ്റപത്രം നൽകുകയും എട്ട് മാസത്തിനകം വിധി പറഞ്ഞു കുറ്റവാളിയെ ശിക്ഷിക്കുകയും ചെയ്ത സംഭവം കേരളത്തിൽ അപൂർവ്വമാണെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരം കേസുകളിൽ കുറ്റപത്രം വൈകുകയും വിചാരണ നീണ്ടുപോവുകയും സാക്ഷികൾ മൊഴിമാറ്റുകയും ചെയ്യുക വഴി കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യം കാരണം വിധി വരുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലും ശിക്ഷ വാങ്ങിച്ചുകൊടുക്കുന്നതിലും അസാധാരണമായ വേഗമാണ് കുമ്പള സി.ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. കാസർകോട് കോടതിയുടെ ഈ സുപ്രധാന വിധി കുമ്പള സി.ഐ പ്രേംസദന് ലഭിച്ച പൊൻതൂവലാണ്. രണ്ടാം ഭർത്താവ് എന്ന പരിഗണനയിൽ മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു പെൺകുട്ടിയുടെ മാതാവിനെ പ്രധാന സാക്ഷിയാക്കാതെ പഴുതടച്ചു നടത്തിയ അന്വേഷണത്തിന്റെ മികവാണ് കോടതി അംഗീകരിച്ചത്. മാതാവിന്റെ കണ്മുന്നിൽ വെച്ച് കത്തിമുനയിൽ പെൺകുട്ടി കാണിച്ച അസാമാന്യമായ ധൈര്യവും കേസന്വേഷണത്തിന് സഹായകമായിട്ടുണ്ടെന്ന് പ്രേംസദൻ പറഞ്ഞു. എല്ലാ വസ്തുതകളും പരിഗണിച്ചു കോടതി വിധി പറഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






