Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശികളുടെ ബിനാമി ബിസിനസ് തടയാന്‍ സംയുക്ത നീക്കം

റിയാദ് - ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതിയുടെ ഭാഗമായി ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ എട്ടു വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നു. സ്വന്തം നിലക്ക് ബിസിനസ്, നിക്ഷേപ സ്ഥാപനങ്ങൾ ആരംഭിക്കാൻ സൗദി പൗരന്മാർക്ക് സാഹചര്യമൊരുക്കുന്നതിനും ബിനാമി പ്രവണത ഇല്ലാതാക്കുന്നതിനും സ്വകാര്യ മേഖലയുടെ വളർച്ച ശക്തിപ്പെടുത്തുന്നതിനുമാണ് ഉന്നമിടുന്നത്. ദേശീയ പരിവർത്തന പദ്ധതി 2020 ൽ ഉൾപ്പെടുത്തി വാണിജ്യ, നിക്ഷേപ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം. 
നിയമങ്ങൾ പരിഷ്‌കരിച്ചും നിരീക്ഷണം ശക്തമാക്കിയും ബോധവൽക്കരണം വർധിപ്പിച്ചും ശ്രമങ്ങൾ ഏകീകരിച്ചും ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കലാണ് ലക്ഷ്യം. വാണിജ്യ, നിക്ഷേപ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, സ്‌മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി, സക്കാത്ത്, നികുതി അതോറിറ്റി, സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി, സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എന്നീ എട്ടു മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നു. 
ഇത് എല്ലാ മേഖലകളിലെയും ബിനാമി ബിസിനസ് ഇല്ലാതാക്കുകയും സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ സൗദികൾക്ക് ആകർഷകമായ അവസരങ്ങൾ സൃഷ്ടിക്കുകയും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാങ്കേതിക പോംവഴികൾ നടപ്പാക്കുന്നതിന് സ്ഥാപനങ്ങളെ നിർബന്ധിക്കുന്നതു വഴി ധന ഇടപാടുകൾ ക്രമീകരിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കോട്ടം തട്ടിക്കുന്ന രീതിയിൽ പണം പുറത്തേക്ക് പോകുന്നതിന് തടയിടുന്നതിനും സഹായകമാകും. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് സൗദി യുവാക്കൾക്ക് അവസരമൊരുക്കി സാമൂഹിക വികസന ബാങ്കും മറ്റും വഴി വായ്പകളും പിന്തുണയും നൽകുകയാണ് പദ്ധതി. ബഖാലകളിലെ സെയിൽസ് ജോലികൾ സൗദിവൽക്കരിക്കാൻ മാത്രമല്ല ലക്ഷ്യമിടുന്നത്. മറിച്ച്, ബഖാലകൾ അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തം ഉടമസ്ഥതയിൽ നടത്താൻ സൗദി യുവാക്കൾക്ക് അവസരമൊരുക്കുന്നതിനാണ് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം ഉന്നമിടുന്നത്. 


 

Latest News