Sorry, you need to enable JavaScript to visit this website.

അമിത വണ്ണം കുറയ്ക്കാന്‍ കലോറി അറിയാം; സൗദിയില്‍ പുതിയ നിബന്ധന-video

റിയാദ്- സൗദിയില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളിലെയും പാനീയങ്ങളിലെയും കലോറി ഉപഭോക്താക്കള്‍ക്കു മുന്നില്‍ പരസ്യപ്പെടുത്തണമെന്ന നിയമാവലി പുതുവര്‍ഷത്തില്‍ നടപ്പിലാക്കുന്നു.  റസ്‌റ്റോറന്റുളിലും കോഫി ഷോപ്പുകളിലും മറ്റു സ്ഥാപനങ്ങളിലും നിബന്ധന പാലിക്കാതെ വില്‍പന നടത്തുന്ന ഓരോ ഉല്‍പന്നത്തിനും ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഞ്ചസാരയും ഉപ്പും കൊഴുപ്പുകളും കുറഞ്ഞ ഉല്‍പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ എത്തിക്കുന്നതിന് ഒമ്പതു വന്‍കിട ഫുഡ്സ്റ്റഫ് കമ്പനികളുമായി അതോറിറ്റി കരാറുകള്‍ ഒപ്പുവെച്ചിട്ടുമുണ്ട്.
അമിതവണ്ണം അടക്കമുള്ള രോഗങ്ങള്‍ തടയുന്നതിന് ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനാണ് നിയമാവലി നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിലെ സീനിയര്‍ ന്യൂട്രീഷ്യനിസ്റ്റ് ഫൈസല്‍ ബിന്‍ സുനൈദ് പറഞ്ഞു.
സൗദി ജനസംഖ്യയില്‍ 15നു  മുകളില്‍ പ്രായമുള്ളവരില്‍ 60 ശതമാനവും സ്‌കൂള്‍ പ്രായത്തിലുള്ളവരില്‍ 9.3 ശതമാനവും സ്‌കൂള്‍ പ്രായമാകാത്തവരില്‍ ആറു ശതമാനവും അമിതവണ്ണക്കാരാണ്. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, സന്ധിരോഗം എന്നിവക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് അമിതവണ്ണം. ഭക്ഷ്യവസ്തുക്കളിലെ ചേരുവകള്‍ അറിയുന്നതിന് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതിനാണ് അതോറിറ്റി ശ്രമിക്കുന്നത്.
പുതിയ നീക്കത്തെ സ്വദേശികളും വിദേശികളും ഒരു പോലെ സ്വാഗതം ചെയ്യുന്നു. റസ്റ്റോറന്റ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ പദ്ധതിയുടെ ഗുണദോഷങ്ങള്‍ മലയാളം ന്യൂസുമായി പങ്കുവെച്ചു.

 

Latest News