ജിദ്ദ - അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട സൗദി വനിതക്ക് സ്വകാര്യ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ജിദ്ദ ലേബർ കോടതി വിധിച്ചു. വൻകിട ഫുഡ്സ്റ്റഫ് കമ്പനി ജീവനക്കാരിക്കാണ് കോടതി നീതി ലഭ്യമാക്കിയത്. പ്രയോജനപ്പെടുത്താത്ത വാർഷിക ലീവ് ഇനത്തിലുള്ള അലവൻസും നിയമ വിരുദ്ധമായി പിരിച്ചുവിട്ടതിന് നഷ്ടപരിഹാരവും സർവീസ് ആനുകൂല്യവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സൗദി വനിത കോടതിയെ സമീപിച്ചത്.
ഇവർക്ക് പ്രയോജനപ്പെടുത്താത്ത വാർഷിക ലീവ് ഇനത്തിലുള്ള ബദൽ അലവൻസ് എന്നോണം 2793 റിയാലും അന്യായമായി പിരിച്ചുവിട്ടതിന് 4000 റിയാലും സർവീസ് ആനുകൂല്യമായി 5792 റിയാലും കൈമാറണമെന്ന് കോടതി വിധിച്ചു. നാലു വർഷം നീണ്ട സേവനത്തിന് പരാതിക്കാരിക്ക് കമ്പനി സർവീസ് സർട്ടിഫിക്കറ്റ് കൈമാറണമെന്നും വിധിയുണ്ട്. നിസ്സാര കേസായതിനാൽ വിധിക്കെതിരെ അപ്പീൽ നൽകാൻ കമ്പനിക്ക് അവകാശമില്ലെന്നും ലേബർ കോടതി വിധിന്യായത്തിൽ പറഞ്ഞു.