ഹജ് പാർപ്പിടങ്ങൾ പരിശോധിക്കാൻ 27 എൻജിനീയറിംഗ് ഓഫീസുകൾക്ക് അംഗീകാരം

മക്ക- അടുത്ത ഹജ് കാലത്ത് തീർഥാടകരെ പാർപ്പിക്കുന്നതിന് വാടകക്ക് നൽകുന്നതിന് ആഗ്രഹിക്കുന്ന കെട്ടിടങ്ങൾ പരിശോധിക്കുന്നതിന് 27 എൻജിനീയറിംഗ് ഓഫീസുകൾക്ക് മക്ക നഗരസഭയും സിവിൽ ഡിഫൻസും അംഗീകാരം നൽകി. എല്ലാവിധ വ്യവസ്ഥകളും പൂർണമാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തി എൻജിനീയറിംഗ് ഓഫീസുകൾ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഹജ് തീർഥാടകരെ പാർപ്പിക്കുന്നതിന് കെട്ടിടങ്ങൾക്ക് ഹൗസിംഗ് കമ്മിറ്റി ലൈസൻസ് അനുവദിക്കുകയെന്ന് കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ അബ്ദുല്ല ബജാബിർ പറഞ്ഞു. 
മുഹറം ഒന്നു (സെപ്റ്റംബർ 11) മുതൽ കെട്ടിട ഉടമകളിൽ നിന്ന് കമ്മിറ്റി ലൈസൻസ് അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. അപേക്ഷ ലഭിച്ച കൂട്ടത്തിൽ ഒരു കെട്ടിടത്തിനും ഇതുവരെ ലൈസൻസ് നിഷേധിച്ചിട്ടില്ല. കെട്ടിടങ്ങളിൽ പൂർണമായിരിക്കേണ്ട വ്യവസ്ഥകളിൽ ഈ വർഷം മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. തീർഥാടകരെ പാർപ്പിക്കുന്നതിന് വാടകക്ക് നൽകാൻ ആഗ്രഹിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾ എത്രയും വേഗം അംഗീകൃത എൻജിനീയറിംഗ് ഓഫീസുകളെ സമീപിച്ച് സർട്ടിഫിക്കറ്റ് നേടണം. ഈ വർഷം ഇതുവരെ 286 കെട്ടിടങ്ങൾക്ക് കമ്മിറ്റി ലൈസൻസ് നൽകിയിട്ടുണ്ട്. ഈ കെട്ടിടങ്ങളിൽ ആകെ 20,271 മുറികളുണ്ട്. ഇവയിൽ ആകെ 90,023 തീർഥാടകരെ പാർപ്പിക്കുന്നതിന് ശേഷിയുണ്ട്. 203 കെട്ടിടങ്ങൾക്കുള്ള ലൈസൻസ് അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. 
ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത് അസീസിയയിലെ കെട്ടിടങ്ങൾക്കാണ്. ഇവിടെ 169 കെട്ടിടങ്ങൾക്ക് ഇതുവരെ ലൈസൻസ് നൽകിയിട്ടുണ്ട്. ഈ കെട്ടിടങ്ങളിൽ 56,335 തീർഥാടകരെ പാർപ്പിക്കുന്നതിന് ശേഷിയുണ്ട്. റസീഫയിൽ ഒമ്പതു കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി. ഈ കെട്ടിടങ്ങളിൽ 2459 തീർഥാടകരെ പാർപ്പിക്കാൻ കഴിയും. ഉതൈബിയയിൽ 39 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി. ഇവ 14,115 തീർഥാടകരെ പാർപ്പിക്കാൻ വിശാലമാണ്. വിശുദ്ധ ഹറമിനു സമീപം 20 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ഈ കെട്ടിടങ്ങളിൽ 6659 തീർഥാടകരെ പാർപ്പിക്കാൻ ശേഷിയുണ്ട്. മിസ്ഫലയിൽ 31 കെട്ടിടങ്ങൾക്ക് ഇതുവരെ ലൈസൻസ് നൽകിയിട്ടുണ്ട്. ഇവ ആകെ 10,464 തീർഥാടകരെ പാർപ്പിക്കാൻ വിശാലമാണെന്നും എൻജിനീയർ അബ്ദുല്ല ബജാബിർ പറഞ്ഞു. 
 

Latest News