വർഷങ്ങൾക്ക് മുമ്പ് സനാതന സന്ന്യാസിനി മതവേദിയിൽ നടത്തിയ പ്രസംഗത്തിലെ വരികൾ ഏതാണ്ട് ഇങ്ങിനെയായിരുന്നു - ഒരു പ്രദേശത്ത് നിറയെ യാത്രക്കാരുള്ള ബസിൽ അവശരായ മനുഷ്യർ പ്രയാസപ്പെട്ട് നിന്ന് യാത്ര ചെയ്യുമ്പോൾ ആരോഗ്യമുള്ളവർ അവരെ ഗൗനിക്കാതെ സീറ്റിൽ അമർന്നിരുന്ന് സുഖമായി യാത്ര ചെയ്യുന്നത് കണ്ടാൽ തീരുമാനിച്ചു കൊള്ളുക; ആ നാട് ദയ കരുണ എന്നിവയൊക്കെ വറ്റിതുടങ്ങിയ , മനുഷ്യനന്മ മരിച്ചവരുടെ പ്രദേശമായി മാറിതുടങ്ങിയെന്ന്. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ ചികിത്സ കൊടുക്കാതെ, കഴിഞ്ഞ ദിവസം കേരളം കൊന്നു കളഞ്ഞ ഒരു വയസുള്ള കുരുന്നിനെ സാക്ഷി നിർത്തി ഇപ്പറഞ്ഞ കാര്യം ഒരിക്കൽ കൂടി സ്ഥിരീകരിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയിൽവേയുടെ കണ്ണിൽ ചോരയില്ലായ്മക്കും, കരുണയും, സഹജവി സ്‌നേഹവുമെല്ലാം സ്‌റ്റേജിലും പേജിലുംമതിയെന്ന് കരുതുന്ന മനുഷ്യരുടെയും, വലിയ തോൽവിയുടെ മറ്റൊരു തെളിവാണ് ആ കുഞ്ഞിന്റെ മരണം. എല്ലാ കോച്ചുകളിലും കയറി സീറ്റന്വേഷിച്ചെങ്കിലും കിട്ടാത്തതിനാലണ് കുഞ്ഞിന് ഈ അവസ്ഥ വന്നത്. പിതാവ് കണ്ണൂർ ഇരിക്കൂർ സ്വദേശി ഷമീറിന്റെ വാക്കുകൾ ഇങ്ങനെ; ജനറൽ ടിക്കറ്റ് സ്ലീപ്പർ ടിക്കറ്റാക്കാൻ കഴിയുമെന്നാണ് കരുതിയത്. കണ്ണൂർ മുതൽ കോഴിക്കോട് വരെ രണ്ട് ടി.ടി.ഇമാരെ കണ്ടു കേണപേക്ഷിച്ചു നോക്കി. എമർജൻസി ക്വാട്ടയെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ആംബുലൻസിന്റെ ചെലവോർത്തപ്പോൾ അതിന് ശ്രമിച്ചില്ല - കൂലിപ്പണിക്കാരനായ ഷമീർ തന്റെ നിസ്സഹായവസ്ഥ വിവരിച്ചതങ്ങിനെയാണ്. സീറ്റ് കിട്ടില്ലെന്നായപ്പോൾ ഭാര്യ സുമയ്യ കുട്ടിയുമായി സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ കയറി. ഷമീർ ജനറൽ കംപാർട്ട്‌മെന്റിലും . പനി വർദ്ധിച്ച് തളർച്ചയിലായ കുഞ്ഞ് മരണത്തിന് മെല്ലെ കീഴടങ്ങുകയാണെന്ന് തിരിച്ചറിഞ്ഞത് ലേഡീസ് കംപാർട്ട് മെന്റിലെ മെഡിക്കൽ വിദ്യാർഥികളാണ്. അവരിലെ സഹജീവി സ്‌നേഹമെങ്കിലും അത്തരത്തിൽ ഉണർന്നില്ലായിരുന്നുവെങ്കിൽ മരിച്ച അവസ്ഥയിൽ ആ കുഞ്ഞ് ഇനിയുമേറെ ദൂരം സഞ്ചരിക്കുമായിരുന്നു. രാത്രി 11 മണികഴിഞ്ഞ് കുറ്റിപ്പുറം സ്‌റ്റേഷനിൽനിന്ന് വണ്ടി മുന്നോട്ടെടുത്തപ്പോൾ ഇനിയും നന്മ മരിക്കാത്ത മനസ്സിന്റെ ഉടമകളായ യാത്രക്കാരും മെഡിക്കൽ വിദ്യാർഥികളും ചങ്ങല വലിച്ചു നിർത്തുകയായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ അവർ പഠിച്ചെടത്തോളം ചികിത്സാ രീതിവെച്ച് ആവുന്നതുപോലെ ശ്രമിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞുപോയി. ഇത്തരം ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ ഒട്ടനവധി വ്യവസ്ഥാപിത സംവിധാനങ്ങൾ നിലവിലുള്ള സ്ഥാപനമാണ് റെയിൽവേ എന്നോർക്കണം. കൺട്രോൾ റൂമിൽ അറിയിച്ച് അടുത്ത സ്‌റ്റേഷനിൽ വൈദ്യസഹായം ലഭ്യമാക്കാൻ റെയിൽവേക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാ പ്രധാന സ്‌റ്റേഷനിലും ഡോക്ടർ വേണം. പാലക്കാട് ഡിവിഷനു കീഴിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണ്ണൂർ, പാലക്കാട് സ്റ്റേഷനുകളിലാണ് മെഡിക്കൽ ബൂത്തുള്ളത്. തിരുവനന്തപുരം ഡിവിഷന് കീഴിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് ചികിത്സയൊരുക്കുന്നത്. സ്‌റ്റേഷനിലിറങ്ങിയാൽ രോഗിക്ക് ആശുപത്രി വരെ ആംബുലൻസ് ലഭ്യമാക്കൽ ബന്ധപ്പെട്ട സ്‌റ്റേഷൻ മാസ്റ്ററുടെ ഉത്തരവാദിത്തമാണ്. ഇതൊന്നും അറിയാത്തവരാണ് ഈ കുഞ്ഞിന്റെ മാതാപിതാക്കൾ. പാവങ്ങളിൽ പാവങ്ങൾ. നാട്ടിൽ ഇതൊക്കെ അറിയുന്നവരാരും അവരോടിതൊന്നും പറഞ്ഞു കൊടുത്തുമില്ല.
റെയിൽവേയിൽ ചികിത്സാ യാത്രകൾക്ക് എമർജൻസി ക്വാട്ടയുണ്ട്. റിസർവ്വേഷൻ ലിസ്റ്റ് തയ്യാറാകും മുമ്പ് അപേക്ഷ ലഭ്യമായിരിക്കണം. അതല്ലാതെ സീറ്റ് നൽകാൻ ടി.ടി.ഇ മാർക്ക് അധികാരമില്ല. ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട യാത്രകൾക്ക് റെയിൽവെയിൽ 75 ശതമാനം നിരക്കിളവും ഉണ്ടെന്നോർക്കുക. ഇതൊക്ക പക്ഷെ റെയിൽവെയുടെ ലിഖിത നിയമങ്ങൾ.
മാനുഷിക പരിഗണനയും, കരുണയുമുള്ള ഒന്നോ രണ്ടോ പേരെങ്കിലും ആ കുഞ്ഞിനെയും കൊണ്ട് കെഞ്ചി നടന്ന മാതാപിതാക്കളുടെ വാക്കുകൾ കേൾക്കണമായിരുന്നു. അങ്ങിനെ കേൾക്കാൻ കാതു മാത്രം പോര. ഹൃദയവും വേണം. ഹൃദയശൂന്യരുടെ നാടായി നാം മാറുന്നുവെന്ന് സമ്മതിക്കാൻ ആരും ഇനിയും മടിച്ചിരിക്കേണ്ടതില്ല. കേരളീയ സമൂഹം പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല. പുരോഗതിയും സൗകര്യങ്ങളും വർദ്ധിക്കുന്തോറും നാട് വല്ലാതെ പിന്നോട്ട് സഞ്ചരിക്കുകയാണ്. വേദനിക്കുന്ന സഹജീവിയെ പരിഗണിക്കാനും പരിചരിക്കാനും ഓടിയെത്തുന്ന നല്ല മനസ്സുള്ള ധാരാളം മനുഷ്യരുണ്ടായിരുന്ന നാട് എപ്പോഴായിരിക്കാം ഇങ്ങനെയൊക്കെ മാറിപ്പോയത്? തന്റെ ജീവിത പരിസരത്ത് ഒരു സഹജീവിക്കും ഇങ്ങിനെയൊരവസ്ഥ വരാൻ ഇനിയൊരിക്കലും അനുവദിക്കില്ല എന്ന് ഓരോ മനുഷ്യരും മനസ്സിൽ പറയുകയെങ്കിലും വേണം. അല്ലെങ്കിലുണ്ടല്ലോ; ഒരു മഹാമതിലുകൊണ്ടും നമ്മുടെ നാട് ഇനി രക്ഷപ്പെടാൻ പോകുന്നില്ല.
മറിയം എന്ന നക്ഷത്ര കുഞ്ഞ് വരാനിരിക്കുന്ന മുഴുവൻ കാലത്തേക്കും കേരള മനസാക്ഷിയുടെ മുന്നിലെ ഓർമ്മപ്പെടുത്തലായി മാറുന്നതവിടെയാണ്.






