വനിതാമതിലും ആകാശക്കോട്ടകളും

2019 തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് ആകാശക്കോട്ട കെട്ടി ജനങ്ങളെ നയിക്കാനാണ് കേരളത്തിൽ രാഷ്ട്രീയ മുന്നണികൾ മത്സരിക്കുന്നത്. കേരള സർക്കാറിന്റെ മുൻകൈയിൽ പുതുവത്സര ദിനത്തിൽ ഉയരുന്ന വനിതാ മതിൽ, അതിനെ നേരിടാൻ ബി.ജെ.പി. തിരക്കിട്ട് കത്തിച്ച അയ്യപ്പ ജ്യോതി, പിണറായി- ബി.ജെ.പി ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് തീർക്കാൻ ശ്രമിക്കുന്ന യു.ഡി.എഫിന്റെ പ്രതിരോധക്കോട്ട- ഇതും യഥാർത്ഥത്തിൽ അതിനിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന നേരിടാനുള്ള രാഷ്ട്രീയ സന്നാഹങ്ങൾ മാത്രമാണ്.
ശബരിമലയിൽ യുവതികൾക്ക് പ്രവേശം നൽകണമെന്ന സുപ്രീംകോടതി വിധി, ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ ഹിന്ദു വിശ്വാസികളുടെ വികാരമുയർത്തി.  വിധി നടപ്പാക്കാൻ തുടക്കത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച അമിത താൽപര്യം ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാൻ വലിയ ഗുണം ചെയ്തു. തുടർന്ന് എൽ.ഡി.എഫിലും യു.ഡി.എഫിലും വലിയ ചോർച്ചയുണ്ടായി.
എൽ.ഡി.എഫിലുണ്ടായ ചോർച്ച നികത്താനും എൽ.ഡി.എഫ് മുന്നണി വിപുലീകരിക്കാനും സി.പി.എം നിർബന്ധിതമായി.നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീകളുടെ തുല്യത ഉയർത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് സർക്കാർ വൈകാരികമായി ഉയർത്തുന്നത്. എന്നാൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലാണ് ബി.ജെപിയെ പോലെ പിണറായി വിജയനും സർക്കാറിന്റെ  രാഷ്ട്രീയാടിത്തറയായ എൽ.ഡി.എഫിനെ പ്രതിരോധിക്കാനും വിപുലീകരിക്കാനും ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ്- കോൺഗ്രസ് മുക്ത കേരളം ബി.ജെ.പി ലക്ഷ്യമിടുന്നതു പോലെ.
ശബരിമല കർമസമിതിയും അവരുടെ പുതിയ നാമജപവും ബി.ജെ.പിയുടെ ഹിന്ദുത്വ - സവർണ- യാഥാസ്ഥിതിക ആശയ അടിത്തറയും സവർണ്ണമേധാവിത്വത്തെയും ശക്തിപ്പെടുത്തി. പ്രത്യേകിച്ച് ഹിന്ദുമത വിശ്വാസികളിൽ അതുണ്ടാക്കിയ ധ്രൂവീകരണം എൽ.ഡി.എഫിനെയും കോൺഗ്രസിനെയും ദുർബലപ്പെടുത്തി.
എൽ.ഡി.എഫിന് പുറത്തു നിന്നിരുന്ന നാല് പാർട്ടികളെ കൂടി എൽ.ഡി.എഫിൽ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയതും ഇതിന്റെ ഭാഗമായാണ്.
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലൂടെ എസ്.എൻ.ഡി.പിയെ വനിതാമതിലിന്റെ ഭാഗമാക്കുക വഴി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസ്‌നെ കുടി എൽ.ഡി.എഫിലേക്ക് അനൗദ്യോഗികമായി ബന്ധിപ്പിക്കുകയാണ് വെള്ളാപ്പള്ളിയിലൂടെ പിണറായി വിജയൻ പ്രയോഗിച്ച രാഷ്ട്രീയ അടവ്. ജനുവരി ആദ്യവാരത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണത്തിന് പത്തനംതിട്ടയിൽ എത്തുന്ന പ്രധാനമന്ത്രി മോദിയുടെ പ്രസംഗവേദിയിലേക്ക് കോൺഗ്രസിൽ നിന്നും മറ്റു കക്ഷികളിൽ നിന്നും നേതാക്കളെ അണി നിരത്തി ഈ ക്ഷീണം തീർക്കാനാണ് ബി.ജെ.പി ഇനി ശ്രമിക്കുക.
ഒരു സർക്കാറിന്റെയും നേതൃത്വത്തിൽ സ്ത്രീകളുടെ തുല്യതയടക്കം നവോത്ഥാന മൂല്യങ്ങളുയർത്തിയുള്ള ഒരു സംരംഭം ഇതിനു മുമ്പ് ഇന്ത്യയിലുണ്ടായിട്ടില്ല. ആ നിലയിലും ലക്ഷകണക്കായ സ്ത്രീകളെ അണിനിരത്തിയും എൽ.ഡി.എഫിന്റെയും സർക്കാറിന്റെയും പിൻബലത്തിൽ വനിതാ മതിൽ ഒരു ചരിത്ര സംഭവമെന്ന് സ്ഥാപിച്ചെടുക്കാൻ സർക്കാറിന് സാധിക്കും. സർദാർ പട്ടേലിന്റെ സ്മാരകമായിഗുജറാത്തിൽ നിർമ്മിച്ച പ്രതിമ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയതാണെന്ന് മോദി അവകാശപ്പെടുന്നതിന്റെ മറ്റൊരു മാതൃകയാകും കേരളത്തിലെ വനിതാമതിൽ.
എന്നാൽ പ്രയോഗതലത്തിൽ സർക്കാർ ആഭിമുഖ്യത്തിലുള്ള ഈ വനിതാമതിൽ അവിശ്വാസത്തിന്റെയും വൈരുദ്ധ്യത്തിന്റെയും മറ്റൊരു ചിത്രവും ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു. വിധി നടപ്പാക്കുന്നതിലോ അതുവഴി സ്ത്രീകളുടെ തുല്യവകാശം ഉറപ്പുവരുത്തുന്നതിലോ സർക്കാറിന് താല്പര്യമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളാണ് ശബരിമലയിൽ ഇതിനകം നടന്നത്. ദേവസ്വം മന്ത്രി കടകംപള്ളി തന്നെ ഏറ്റവുമൊടുവിൽ യുവതീ പ്രവേശനത്തിൽ സർക്കാരിന് താല്പര്യമില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.  യുവതികളോട് മല കയറാൻ വരരുതെന്ന് ദേവസ്വംബോർഡ് പ്രസിഡന്റും അഭ്യർത്ഥിച്ചു. ഇതിനിടയിൽ തമിഴ്‌നാട്ടിൽ നിന്നടക്കം വന്ന വനിതാ തീർത്ഥാടകരെ കേരള അതിർത്തിയിൽ നിന്ന് ശബരിമലയിൽ പോലീസ് എത്തിച്ചു. വിശ്വാസികളുടെ പേരിൽ ആർ.എസ്.എസ് പ്രവർത്തകർ അവരെ നേരിട്ടപ്പോൾ ബലം പ്രയോഗിച്ച് പോലീസ് തന്നെ മലയിറക്കി പോലീസും സർക്കാരും പരിഹാസ്യരായി.  പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ പൊരുത്തമില്ല. ശബരി മല പ്രശ്‌നത്തിൽ പിണറായി വിജയൻ പുലർത്തുന്ന ഇരട്ടത്താപ്പ് ഇപ്പോൾ കൃത്യമായി ജനങ്ങൾ തിരിച്ചറിയുന്നു എന്നതാണ് സത്യം. 
നവോത്ഥാനത്തിന്റെ കാലഘട്ടത്തിൽ നിന്ന് ആ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു കൊണ്ടുപോയത് കമ്യൂണിസ്റ്റ് പാർട്ടികളുടെ വർഗ്ഗ രാഷ്ട്രീയമാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ വർഗ്ഗ രാഷ്ട്രീയം ഉപേക്ഷിക്കുന്ന രാഷ്ട്രീയ കാഴ്ചയാണ് പുതുവത്സര പുലരിയിൽ വനിതാമതിൽ കേരളത്തിന് മുമ്പിൽ അവതരിപ്പിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും വർഗ്ഗ ബഹുജനസംഘടനകളുടെയും കൊടികൾ ഉപേക്ഷിച്ചാണ് നവവത്സര ദിനത്തിൽ വനിതാ മതിൽ ഉയർത്തുന്നത്. പ്രത്യേകിച്ചും സാമുദായിക സംഘടനകളുടെ മേധാവിത്വം ഉയർത്തിപിടിക്കണമെന്നു കൂടി തീരുമാനിച്ച്. വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് ജാതിമത രഹിത സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുകയെന്ന പാർട്ടി പരിപാടിയിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടികൾ ജാതി രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് പിന്നോക്കം നടക്കുന്ന കാഴ്ച കൂടി ഇതിലുണ്ട്.
നവോത്ഥാനകാല ചരിത്രവും ആ കാലത്തിന്റെ സൃഷ്ടിയായ മൂല്യങ്ങളും ഹിന്ദുക്കളായ നവോത്ഥാന നായകർക്കൊപ്പം ക്രിസ്ത്യൻ, മുസ്ലിം നവോത്ഥാന നായകരുടെ കൂടി സംഭാവനയാണ് ആ ചരിത്രയാഥാർത്ഥ്യമെന്നത് വിസ്മരിക്കപ്പെട്ടിരിക്കുന്നു. ശ്രീനാരായണ ഗുരു കേരളത്തിൽ നിർമ്മിച്ച ക്ഷേത്രങ്ങളുടെയും മതങ്ങളുടെയും അടിത്തറയിൽ നിന്നും ഉയർന്നു വന്നത് സാമൂഹിക സമത്വത്തിന്റെ ഉജ്ജ്വല മാതൃകയാണ്. ഗുരുവിന്റെ ആധ്യാത്മിക ചിന്തകളുടെ മിത്തുകളിൽ നിന്ന് സാമൂഹിക രാഷ്ട്രീയ അവകാശ വാദങ്ങളും സ്വാതന്ത്ര്യം സമത്വം എന്ന സന്ദേശവും മനുഷ്യനും മനുഷ്യത്വവുമാണ്.
എസ്.എൻ.ഡി.പി ആ പാരമ്പര്യത്തിൽ നിന്ന് വഴിമാറി പോയി. മറ്റ് സാമുദായിക സംഘടനകളെപ്പോലെ നേതൃത്വത്തിലിരിക്കുന്നവരുടെ സാമ്പത്തികവും  അധികാര നേട്ടങ്ങളുമായി ബന്ധപ്പെട്ട സ്വാർത്ഥ ലക്ഷ്യങ്ങളിലേക്ക് ചുരുങ്ങി.
അതിന്റെ ഏറ്റവും വഷലമായ നീക്കമാണ് എസ്.എൻ.ഡി.പി - ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ നേതൃത്വവുമായി രാഷ്ട്രീയ ബാന്ധവത്തിൽ ഏർപ്പെട്ടത്. ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ രൂപമായതും ഇപ്പോഴും എൻ.ഡി.എ മുന്നണിയിൽ തുടരുന്നതും.
എന്നിട്ടും വനിതാമതിലിൽ എസ്.എൻ.ഡി.പിയും ബി.ഡി.ജെ.എസും അണിചേരുന്നു. നാളെ അവർ ഏത് അധികാര പച്ചയിലേക്ക് മേയുമെന്നത് പ്രവചിക്കാനാവില്ല. ഈ ചരിത്ര പശ്ചാത്തലത്തിലാണ് ഒന്നര പതിറ്റാണ്ടു മുമ്പ് സി.പി.എം സംസ്ഥാന കമ്മിറ്റി സാമുദായിക സംഘടനകൾക്ക് ഇന്നത്തെ കേരളത്തിൽ പുരോഗമനപരമായ ഒരു സാമൂഹ്യധർമ്മവും നിർവഹിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്.
ഇപ്പോൾ എൽ.ഡി.എഫിൽ ഉൾക്കൊള്ളിച്ച നാല് രാഷ്ട്രീയ പാർട്ടികളിൽ എം.പി വീരേന്ദ്രകുമാറിന്റെ ജനതാദൾ മാത്രമാണ് സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള എൽ.ഡി.എഫിലെ ആദ്യ ഘടകകക്ഷി. മറ്റുള്ളവരെയെല്ലാം ജാതി വോട്ടുകൾ സ്വരൂപിക്കാൻ മാത്രം ചേർത്തവരാണെന്ന കെ.ആർ ഗൗരിയമ്മയുടെ വിമർശനം അക്ഷരാർത്ഥത്തിൽ ശരിയാണ്.
മതിലുറപ്പിക്കാൻ ബലി കൊടുക്കണമെന്ന അന്ധവിശ്വാസം ലോകത്ത് നിലനിന്നിരുന്നു. ഭരണാധികാരിയെ പ്രീതിപ്പെടുത്താൻ സ്വന്തം ഭാര്യയെ ബലി കൊടുത്ത മതിലുറപ്പിച്ച ഒരു കൽപണിക്കാരന്റെ കഥ ഒ.എൻ.വിയുടെ കരളലിയിക്കുന്ന കവിതയാണ്. വർഗ രാഷ്ട്രീയം ബലി കൊടുത്ത് സി.പി.എം വനിതാ മതിൽ ഉറപ്പിക്കുന്നതാണ് അവരുടെയും സി.പി.ഐയുടെയും രാഷ്ട്രീയ പാപ്പരത്തം.
ഇത് കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് വരുത്തുന്ന രാഷ്ട്രീയ നഷ്ടം അവർ ഇപ്പോൾ തിരിച്ചറിയില്ല. ബംഗാളിനും ത്രിപുരക്കും പിറകെ കേരളവും പോകുന്ന വഴി തെളിയുന്നത്.
 

Latest News