Sorry, you need to enable JavaScript to visit this website.

ദിവസം പതിനാറ് കഴിഞ്ഞു, ഖനിയിൽ കുടുങ്ങിയവർക്ക് വേണ്ടിയുള്ള തെരച്ചിൽ നിഷ്ഫലം

ഗുവാഹത്തി/ ന്യൂദൽഹി- പതിനാറ് ദിവസം കഴിഞ്ഞിട്ടും മേഘാലയയിലെ ഈസ്റ്റ് ജയൻഷ്യ കൽക്കരി ഖനിയിൽ കുടുങ്ങിയ  തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ കാര്യമായ പുരോഗതി ഇല്ലാതെ തുടരുന്നു. നാവികസേനയിലെ 15 മുങ്ങൽ വിദഗ്ധർ രക്ഷാപ്രവർത്തകർക്കൊപ്പം ഉടൻ ചേരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 10 ഹൈപവർ മോട്ടോർ പമ്പുകളും ഖനിയിലെത്തും. വെള്ളിയാഴ്ച രാവിലെയാണ് പത്ത് ഹൈപവർ പമ്പുകളുമായി വ്യോമസേനയുടെ ചരക്കുവിമാനം ഗുവാഹത്തിയിൽ ഇറങ്ങിയത്. ഇവിടെനിന്ന് ട്രക്കുകളിലാണ് 220 കിലോ മീറ്റർ അകലെയുള്ള ഖനിക്കു സമീപം എത്തിച്ചത്.  ഭുവനേശ്വറിൽനിന്ന് ഗുവാഹത്തിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ എത്തിക്കാനും രക്ഷാദൗത്യത്തിനായുള്ള കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുമാണ് വ്യോമസേനയുടെ വിമാനം ഉപയോഗിക്കുക. നാവിക സേനയുടെ സഹായത്തോടെ വെള്ളം വറ്റിച്ച ശേഷം വീണ്ടും തിരച്ചിൽ തുടരാനാണ് രക്ഷാപ്രവർത്തനം നടത്തുന്ന ദേശീയ ദുരന്ത നിവാരണ സേനാ സംഘത്തിന്റെ തീരുമാനം. 
'എന്ത് ചെയ്യാൻ കഴിയുമെന്നാണ് നോക്കുന്നത്. കോൾ ഇന്ത്യയിൽനിന്നുള്ള വിദഗ്ധർ ഇവിടെ ഉണ്ട്. പമ്പുകൾ എത്തിയാൽ വെള്ളം വറ്റിച്ച് രക്ഷാപ്രവർത്തനം തുടരാൻ കഴിയും,' ദേശീയ ദുരന്ത നിവാരണ സേനാ അസിസ്റ്റന്റ് കമാന്റന്റ് എ കെ സിംഗ് പറഞ്ഞു. 
മുങ്ങാൻ കഴിയാത്ത വിധം ഉയർന്ന  ജലനിരപ്പാണ് ഖനിയിൽ ഉള്ളതെന്ന് സിംഗ് പറഞ്ഞു. ചെറിയ പമ്പുകൾ വെച്ചാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തന സംഘം ജലനിരപ്പ് താഴ്ത്താൻ ശ്രമിച്ചതെന്നും എന്നാൽ ഇത് വിജയിച്ചില്ലെന്നും സിംഗ് പറഞ്ഞു. ഡിസംബർ 18 ന് മാത്രമാണ് ഹൈപവർ പമ്പുകൾക്ക് വേണ്ടി സർക്കാർ കേന്ദ്രത്തോട് അപേക്ഷിച്ചത്.
 ഈമാസം  13 നാണ് തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയത്. ജോലിക്കിടെ എലിമടകൾ എന്നറിയപ്പെടുന്ന ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ മരിച്ചെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് രക്ഷാപ്രവർത്തനം  ഊർജിതമാക്കാനുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ നീക്കം. സേനയുടെ ആവശ്യപ്രകാരമാണ് വ്യോമസേന ദൗത്യത്തിൽ പങ്കാളിയാവുന്നത്.
അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഖനിയിൽ 70 അടിയോളം ഉയരത്തിൽ വെള്ളം നിറഞ്ഞതാണ് രക്ഷാപ്രവർത്തനം വിഫലമാക്കിയത്. ഖനിക്കുള്ളിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ തൊഴിലാളികൾ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ ദുർഗന്ധം കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിന്റേതാണ് എന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രതികരണം.
ഖനി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന കോൺഗ്രസിന്റെ ആരോപണം മുഖ്യമന്ത്രി കൊൺറാഡ് സാങ്മ നിഷേധിച്ചു. സർക്കാരിന്റെ അലസ സമീപനം കാരണമാണ് രണ്ടാഴ്ചയായിട്ടും തൊഴിലാളികളെ രക്ഷപ്പെടുത്താൻ സാധിക്കാതിരുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിട്ടില്ലെന്നും മറ്റൊരു തലത്തിൽ തുടരുകയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ദുരന്തങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖനിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോട്ടോക്ക് പോസ് ചെയ്യുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. നദികളേയും ജലസ്രോതസ്സുകളേയും മലിനമാക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് 2014 ൽ മേഖാലയയിൽ ഖനനം നിരോധിച്ചിരുന്നുവെങ്കിലും പ്രാദേശികമായും അനധികൃതമായും എലിമട ഖനികൾ തുടരുകയാണ്.

Latest News