ജിദ്ദ- കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഗ്നിബാധ. എയർപോർട്ട് കോംപൗണ്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് യൂനിറ്റുകളും എയർപോർട്ടിലെ അഗ്നിശമന വിഭാഗവും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കി.
അഗ്നിബാധ കാരണം ജിദ്ദ വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് കാലതാമസം നേരിടുകയോ സർവീസുകൾ നീട്ടിവെക്കുകയോ ചെയ്തിട്ടില്ലെന്ന് ജിദ്ദ എയർപോർട്ട് പബ്ലിക് റിലേഷൻസ്, മീഡിയ മേധാവി തുർക്കി അൽദീബ് പറഞ്ഞു. അഗ്നിബാധയെ തുടർന്ന് ആകാശം മുട്ടെ ഉയർന്ന പുക ഏറെ ദൂരെ നിന്നു വരെ കാണാമായിരുന്നു. ജിദ്ദ എയർപോർട്ട് ഡയറക്ടർ ജനറൽ ഉസാം ഫുവാദ് നൂർ നേരിട്ട് സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.