പത്തനംതിട്ട- കുഞ്ഞിനെ കിട്ടാനായി ആൾമാറാട്ടം നടത്തിയ ദമ്പതികൾ തമ്മിലുണ്ടായ തർക്കം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കുഞ്ഞിനെയും അമ്മയെയും ശിശു സംരക്ഷണ വകുപ്പ് ഏറ്റെടുത്തു. കുഞ്ഞിനെ സ്വന്തമാക്കാനായി ഗർഭിണിയേയും ഭർത്താവിനേയും ദമ്പതികൾ വാടകക്ക് വീട് എടുത്ത് താമസിപ്പിച്ചിരിക്കുകയായിരുന്നു. പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വ്യാജ പേരിലായിരുന്നു. ഒടുവിൽ കുഞ്ഞിനെ വിട്ടുകൊടുക്കാൻ അമ്മ തയാറാകാതിരുന്നതിനെത്തുടർന്നാണ് തർക്കമുണ്ടായത്. 33 ദിവസം പ്രായമായ കുഞ്ഞ് അമ്മയോടൊപ്പം ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലാണിപ്പോൾ.
ഗർഭിണിയായ പന്തളം സ്വദേശിനിയേയും കൂടെ താമസിച്ചിരുന്ന യുവാവിനെയുമാണ് കുഞ്ഞിനെ കിട്ടാനായി ദമ്പതികൾ വീടെടുത്ത് താമസിപ്പിച്ചിരുന്നത്. പ്രസവ ശേഷം കുഞ്ഞിനെ യുവാവിന്റെ കൂട്ടുകാരനായ കൃഷ്ണൻ കുട്ടിക്കും ഭാര്യക്കും കൈമാറാനായിരുന്നു ധാരണ. യുവാവിന് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. പന്തളം സ്വദേശിനിക്ക് 17 വയസുള്ള മകനുമുണ്ട്.
ഇവർക്ക് ഏഴംകുളത്ത് വീട് വാടകയ്ക്ക് എടുത്തുനൽകിയ ശേഷം കൃഷ്ണൻകുട്ടിയും ഭാര്യയും ഇവരോടൊപ്പം ഇവിടെ തന്നെ താമസിക്കുകയായിരുന്നു. കൃഷ്ണൻകുട്ടിയുടെ ഭാര്യയുടെ പേരിലായിരുന്നു പന്തളം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ പേരിൽ തന്നെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റും ലഭിച്ചു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷം കുഞ്ഞിന് പാൽ നൽകാൻ പന്തളം സ്വദേശിനിയെ കൃഷ്ണൻകുട്ടിയും ഭാര്യയും അനുവദിച്ചില്ല. പാലിനു പകരം ഇവർ പാൽപ്പൊടി കലക്കി കുഞ്ഞിന് കൊടുക്കുകയായിരുന്നു. ഇത് മാതാവ് എതിർത്തതാണ് പ്രശ്‌നത്തിന് കാരണമായത്. കുഞ്ഞിന് പാൽപ്പൊടി കലക്കിക്കൊടുക്കാൻ മാതാവായ പന്തളം സ്വദേശിനി സമ്മതിച്ചില്ല. ഇതോടെ ഇവർ തമ്മിൽ വഴക്കായി. തുടർന്ന് കുഞ്ഞിന്റെ മാതാവായ പന്തളം സ്വദേശിനി പോലീസിൽ പരാതിപ്പെട്ടതായും പറയുന്നു. എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് മാതാവ് നവജാത ശുശുവിനേയുമെടുത്ത് വാടക വീട്ടിൽനിന്നും രക്ഷപ്പെട്ട് ശിശുക്ഷേമ സമിതിയിൽ എത്തുകയായിരുന്നു. ശിശു സംരക്ഷണ ഓഫീസർ എ.ഒ. അബീൻ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കണമെന്ന് കാണിച്ച് കലക്ടർക്കും പോലീസ് മേധാവിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.