Sorry, you need to enable JavaScript to visit this website.

ബി.ഡി.ജെ.എസ് ഇടതു പക്ഷത്തേക്ക് ചായുന്നു 

തിരുവനന്തപുരം- എൽ.ഡി.എഫിന്റെ രാഷ്ട്രീയാടിത്തറ ഉറപ്പിക്കാൻ സി.പി.എം എന്തിനും തയാറായി നിൽക്കേ യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ദുർബലമാകുന്നു. സി.പി.എം കഴിഞ്ഞ ദിവസം നാല് പാർട്ടികളെ കൂട്ടിച്ചേർത്ത് എൽ.ഡി.എഫിനെ ശക്തമാക്കിയപ്പോൾ പ്രതിപക്ഷത്തെ പിൻതള്ളി മുന്നേറാൻ നോക്കിയ ബി.ജെ.പിക്ക് ഒപ്പമുള്ളവർ പോലും നഷ്ടപ്പെടുകയാണുണ്ടായത്. എൻ.ഡി.എ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ബി.ഡി.ജെ.എസ് ഇടതു പക്ഷത്തേക്ക് ചായുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ എൽ.ഡി.എഫിൽ ബി.ഡി.ജെ.എസ് എത്തിയാലും അത്ഭുതപ്പെടാനില്ല. സി.കെ.ജാനു ബി.ജെ.പി ബന്ധം വിട്ട് എൽ.ഡി.എഫ് പാളയത്തിലെത്തിക്കഴിഞ്ഞു. വനിതാ മതിൽ കഴിയുമ്പോൾ ജാനുവും ഇടതുമുന്നണിക്കുള്ളിലെത്തിയേക്കും.
എൽ.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെന്നത് ശ്രദ്ധേയമാണ്. വി.എസ്.അച്യുതാനന്ദൻ നിശബ്ദനാകുകയും മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിൽ ശക്തനാകുകയും ചെയ്തപ്പോൾ എല്ലാം മാറിമറിഞ്ഞു. ആർ.ബാലകൃഷ്ണ പിള്ളയെ മുന്നണി ഘടക കക്ഷിയാക്കിയത് വി.എസിന്റെ നിലപാടിന് വിരുദ്ധമാണ്. ഇക്കാര്യം വി.എസ് തുറന്നടിക്കുകയും ചെയ്തു. വി.എസ് കൊടുത്ത അഴിമതിക്കേസിലാണ് ബാലകൃഷ്ണ പിള്ളയ്ക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. അതേ ബാലകൃഷ്ണ പിള്ളയെ ആദ്യം വി.എസിനൊപ്പം കാബിനറ്റ് പദവി നൽകി മുന്നോക്ക സമുദായ കമ്മീഷൻ അധ്യക്ഷനാക്കി. ഇപ്പോൾ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇനി കെ.ബി.ഗണേഷ്‌കുമാർ മന്ത്രിസഭയിൽ അംഗമായിക്കൂടെന്നില്ല. പിള്ളയുടെ മുന്നണി പ്രവേശം എൽ.ഡി.എഫിന് ഭാരമാകുമെന്നാണ് വി.എസ് പറയുന്നത്. ഐ.എൻ.എൽ ദീർഘകാലത്തിന് ശേഷം മുന്നണിയിൽ കയറിപ്പറ്റിയതോടെ കുറച്ചുകൂടി ശക്തിപ്പെടുമെന്ന് വ്യക്തമാണ്. എൽ.ജെ.ഡി, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നീ കക്ഷികളും മുന്നണിയിലെത്തിയിരിക്കുന്നു. ഇതെല്ലാം ഇടതു പക്ഷത്തിന് ശക്തിയുണ്ടാക്കുമെന്നാണ് കണക്കു കൂട്ടുന്നത്.
എന്നാൽ ബി.ഡി.ജെ.എസ് നിലപാടുകൾ ബി.ജെ.പിക്ക് എതിരാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ കക്ഷിയെന്ന പേരിൽ വന്ന ബി.ഡി.ജെ.എസിന് സംസ്ഥാനത്ത് വലിയ സ്വാധീനമൊന്നുമില്ലെന്ന് അറിവുള്ളതാണ്. എങ്കിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജാതി കാർഡ് ഇറക്കിക്കളിക്കുന്ന രീതിയിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ താൽപര്യത്താലാണ് സംസ്ഥാനത്ത് ബി.ഡി.ജെ.എസിനെ മുന്നണിക്കൊപ്പം കൂട്ടിയത്. എന്നാൽ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംസ്ഥാനത്തെ ഈഴവരുടെ പോപ്പുമാരല്ലെന്ന് ഇനിയെങ്കിലും ബി.ജെ.പി തിരിച്ചറിയേണ്ടതുണ്ട്. അയ്യപ്പജ്യോതിയിൽ ബി.ഡി.ജെ.എസ് പങ്കെടുത്തില്ലെന്ന് മാത്രമല്ല വനിതാ മതിലിൽ പങ്കെടുക്കുമെന്ന സൂചനയും നൽകുന്നു. ഇതിനർഥം അവർ ഇടതു ചേരിയിലേക്ക് കുടിയേറുമെന്നു തന്നെയാണ്. വി.എസ്.അച്യുതാനന്ദൻ നൽകിയ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന ഉറപ്പാണ് പിതാവിനേയും പുത്രനേയും അങ്ങോട്ട് വലിക്കുന്നത്. അത് നടക്കുമെന്ന് തന്നെയാണ് വ്യക്തമായ സൂചനയും. 
ബി.ജെ.പിക്ക് അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടെങ്കിലും മുന്നണി ശക്തിപ്പെടുത്താൻ അവർക്കാകുന്നില്ല. വനിതാ മതിലിൽ പങ്കെടുക്കുമെന്ന് പറയുന്ന ബി.ഡി.ജെ.എസിനെ എന്തു ചെയ്യണമെന്ന് പോലും ബി.ജെ.പി നേതൃത്വത്തിന് വശമില്ല. ശക്തമായ സംസ്ഥാന നേതൃത്വമില്ലാത്തതാണ് കാരണം. പാർട്ടിയിലെ ഗ്രൂപ്പിസമാണ് മറ്റൊന്ന്. 
യു.ഡി.എഫിൽ നിന്ന് ചോർച്ച ഇല്ലെങ്കിലും പുതിയ കക്ഷികളെ ആകർഷിക്കാനോ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. കോൺഗ്രസിന് പുതിയ നേതൃത്വം സംസ്ഥാനത്ത് വന്നെങ്കിലും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ അവസരമാണ് എൽ.ഡി.എഫ് ഫലപ്രദമായി ഉപയോഗിക്കുന്നത്. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു.

 

Latest News