കെജ്‌രിവാളിനെതിരെ ചുമ ആയുധമാക്കി ബി.ജെ.പിക്കാര്‍

ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയും ദല്‍ഹി ജല്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയിലാണ് സംഭവം.
കെജ്‌രിവാള്‍ സംസാരിക്കാന്‍ തുടങ്ങിയ ഉടന്‍ മുന്‍ നിരയിലുണ്ടായിരുന്നവര്‍ സംഘമായി ചുമയ്ക്കാന്‍ തുടങ്ങി. ബഹളമുണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും സദസ്സിലുള്ളവര്‍ ചുമ തുടര്‍ന്നു. ഇതോടെയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇടപെട്ടത്. ഇതൊരു ഔദ്യോഗിക പരിപാടിയാണെന്നും നിശബ്ദത പാലിക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്‍ധനും ഗഡ്കരിയോടൊപ്പം ചേര്‍ന്നു. തുടര്‍ന്നാണ് ശബ്ദമുണ്ടാക്കിയവര്‍ നിശബ്ദരായത്.
ദീര്‍ഘനാളായി കെജ്‌രിവാള്‍ ചുമ കാരണം ബുദ്ധിമുട്ടുന്നുണ്ട്. 2016 ല്‍ ചുമ മാറ്റാനായി അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതാണ് ബി.ജെ.പിക്കാര്‍ കെജ്‌രിവാളിനെ പരിഹസിക്കാന്‍ വിഷയമാക്കിയത്.  
ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സംസ്ഥാന ജലവിഭവ മന്ത്രി സത്യപാല്‍ സിങ്, ദല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

 

Latest News