തുര്‍ക്കിയെ ഭയന്ന് കുര്‍ദ് സായുധസംഘം അസദ് സേനയെ ക്ഷണിച്ചു
ദമസ്‌കസ്- സിറിയയില്‍ സര്‍ക്കാര്‍ സൈന്യം ആറു വര്‍ഷത്തിനിടെ ആദ്യമായി പ്രധാന വടക്കന്‍ പട്ടണമായ മന്‍ബിജില്‍ പ്രവേശിച്ചു. പ്രദേശം നിയന്ത്രിച്ചിരുന്ന കുര്‍ദ് സായുധ സംഘം പിന്‍വാങ്ങി പട്ടണം ഏറ്റെടുക്കാന്‍ സിറിയന്‍ സേനയെ ക്ഷണിക്കുകയായിരുന്നു. തുര്‍ക്കി സേന പുതിയ ആക്രമണം നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിറിയന്‍ സേനയുടെ നടപടി. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കുര്‍ദ് സംഘടനയായ വൈ.പി.ജി സേനകള്‍ ഭീകരസംഘടനയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കി ആക്രമിക്കാനിരുന്നത്.
സിറിയയില്‍നിന്ന് എല്ലാ യു.എസ് സൈനികരും പിന്മാറുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഏല്‍പിച്ച ആഘാതത്തിനു പിന്നാലെയാണ് അമേരിക്കന്‍ പിന്തുണ ലഭിച്ചിരുന്ന കുര്‍ദ് വിമത സേന സിറിയന്‍ സൈന്യത്തെ ക്ഷണിച്ചത്. ഐ.എസിനെ പൂര്‍ണമായും തകര്‍ത്ത സാഹചര്യത്തില്‍ അമേരക്കയുടെ 2000 സൈനികരെ പിന്‍വലിക്കുകയാണെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാല്‍ അമേരിക്കയുടെ നീക്കം ഐ.എസിനെ വീണ്ടും ശക്തിപ്പെടുത്തുമെന്നാണ് സഖ്യകക്ഷികളുടെ അഭിപ്രായം. യു.എസ് സൈനികര്‍ സിറിയയുടെ വിവിധഭാഗങ്ങളില്‍നിന്ന് പിന്‍വാങ്ങി തുടങ്ങിയിട്ടുണ്ട്.
വടക്കന്‍ സിറിയയിലെ തന്ത്രപ്രധാന പട്ടണമാണ് മന്‍ബിജ്. ട്രംപിന്റെ തീരുമാനത്തെ വഞ്ചനയെന്നാണ് കുര്‍ദുകള്‍ വിശേഷിപ്പിക്കുന്നത്. കുര്‍ദുകളാണ് ഐ.എസിനെതിരായ കരയുദ്ധം നയിച്ചിരുന്നത്. അമേരിക്കയുടെ പിന്തുണ നഷ്ടമായതോടെയാണ് പട്ടണം ഒഴിയാനുള്ള കുര്‍ദുകളുടെ തീരുമാനം.
തുര്‍ക്കി സൈന്യം തങ്ങള്‍ക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. റഷ്യയുടേയും ഇറാന്റേയും പിന്തുണയുള്ള സിറിയന്‍ സൈന്യം മന്‍ബിജില്‍ എത്തുന്നത് തുര്‍ക്കിയെ ആക്രമണ നീക്കത്തില്‍നിന്ന് പിന്തിരിപ്പിക്കുമെന്ന് കുര്‍ദുകള്‍ കണക്ക് കൂട്ടുന്നു. ഈ മാസം 19ന് പ്രസിഡന്റ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനുശേഷം കുര്‍ദ് പോരാളികള്‍ കൈയടക്കിയ പ്രദേശങ്ങള്‍ക്ക് സമീപം തുര്‍ക്കി സൈനിക സന്നാഹം വര്‍ധിപ്പിച്ചുവരികയായിരുന്നു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) എന്ന സഖ്യത്തിന്റെ ഭാഗമായിരുന്ന കുര്‍ദ് സൈന്യം അമേരിക്കന്‍ സൈനികരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. അഫ്രിന്‍ പട്ടണത്തിനു സമീപം കുര്‍ദ് വിമതര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്ന തുര്‍ക്കി അമേരിക്കയെ ഇതിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു.