വനിതാ മതിലില്‍ കുടുംബശ്രീ അംഗങ്ങളെ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കുന്നു; കലക്ടര്‍ക്ക് പരാതി

മലപ്പുറം: സര്‍ക്കാരും വിവിധ സംഘടകളും ചേര്‍ന്ന് ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നവെന്ന പരാതിയുമായി യുഡിഎഫ്. വനിതാ മതിലില്‍ പങ്കെടുക്കാത്ത അംഗങ്ങളും അയല്‍ക്കൂട്ടങ്ങളും സമ്മര്‍ദവും ഭീഷണിയും നേരിടുന്നുണ്ട് എന്ന് ചൂണ്ടിക്കാണിച്ച് മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണക്ക് പരാതി നല്‍കി. വനിതാ മതില്‍ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്നും കുടുംബശ്രീ പ്രവര്‍ത്തകരെ ഇതില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കല്‍ ശരിയല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.

വനിതാ മതിലില്‍ പങ്കെടുക്കാത്ത അംഗങ്ങളെയും അയല്‍ക്കൂട്ടങ്ങളെയും ഭീഷണിപ്പെടുത്തുന്ന തരത്തില്‍ താനാളൂര്‍ പഞ്ചായത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ സംസാരിക്കുന്ന ശബ്ദം സന്ദേശം പുറത്തു വന്നതിനു പിന്നാലെയാണ് പരാതിയുമായി യുഡിഎഫ് കലക്ടറെ സമീപിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വോയ്സ് ക്ലിപ്പില്‍ വൈസ് ചെയര്‍പേഴ്സണ്‍ പറയുന്നത് വനിതാ മതിലില്‍ രാഷ്ട്രീയമില്ലെന്നും പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ ഇനി ഉണ്ടാവില്ല എന്നുമാണ്. ഒന്നര ലക്ഷത്തോളം അംഗങ്ങളെ മലപ്പുറം ജില്ലയില്‍ നിന്ന് പങ്കെടുപ്പിക്കാനാണ് കുടുംബശ്രീയുടെ പദ്ധതി. രാമനാട്ടുകര മുതല്‍ പെരിന്തല്‍മണ്ണ വരെ അമ്പത്തിയഞ്ച് കിലോമീറ്റര്‍ ആണ് ജില്ലയില്‍ വനിതാ മതില്‍. വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും നടപടി നേരിട്ടാല്‍ നിയമപരമായി നേരിടുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു
 

Latest News