Sorry, you need to enable JavaScript to visit this website.

ലീഗ് കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെടണമെന്ന് ജലീല്‍; പാര്‍ട്ടിക്കുള്ളിലും അമര്‍ഷം 

മലപ്പുറം- മുത്തലാഖ് ബില്ലില്‍ ചര്‍ച്ച നടക്കുന്ന ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്ന പി കെ കുഞ്ഞലിക്കുട്ടിയോട് രാജിവെക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. ജനകീയ വിഷയങ്ങളില്‍ ഒന്നിലും ഇടപെടാത്ത ലീഗ് മുസ്ലിം സമുദായത്തിന്റെ കാര്യത്തില്‍ പോലും ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് ജലീല്‍ ആരോപിച്ചു.

രാജ്യത്തെ മുസ്ലിംകളെ വേട്ടയാടാനും ജയിലിലേക്ക് അയക്കാനുമുളള അനുമതിയാണ് മുത്തലാഖ് നല്‍കുന്നത്. ഉത്തരേന്ത്യയില്‍ മുത്തലാഖിന്റെ പേരില്‍ നിരവധി മുസ്ലിം യുവാക്കള്‍ ജയില്‍ വാസം അനുഭവിക്കുന്നുണ്ട്. ചര്‍ച്ചക്ക് വന്നപ്പോള്‍ ആകെ പതിനൊന്ന് വോട്ടാണ് ബില്ലിനെതിരായി വന്നത്. ഇതില്‍ എട്ട് വോട്ടും സി പി എം മെമ്പര്‍മാരുടേതായിരുന്നു. മുസ്ലിം ലീഗിന്റെ രണ്ട് അംഗങ്ങളും നിര്‍ബന്ധമായും സഭയില്‍ ഉണ്ടാവേണ്ടതായിരുന്നു-ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താത്തത് അപരാധമാണെന്ന് ചൂണ്ടിക്കാട്ടിയ ജലീല്‍ സഭയില്‍ ഹാജരാവാന്‍ താല്പര്യമില്ലാത്തവരെ പറഞ്ഞയച്ചാല്‍ ഇത് തന്നെയായിരിക്കും ഗതിയെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ലമെന്റില്‍ ഇന്നലെ നടന്ന നിര്‍ണായക ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷം പുകയുന്നുണ്ട്. മുത്തലാഖ് ബില്‍ പാര്‍ലമെന്റ് ചര്‍ച്ചക്കെടുത്ത ദിവസം അതില്‍ പങ്കെടുക്കാന്‍ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നില്ല. വളാഞ്ചേരിയില്‍ ഒരു വിവാഹചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധമാണുയരുന്നത്. നേരത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. അന്ന് വിമാനം വൈകിയതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത് എന്നായിരുന്നു ന്യായീകരണം. 

എന്നാല്‍, മുത്തലാഖ് ബില്‍ ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോള്‍ വിവാഹചടങ്ങില്‍ മണിക്കൂറുകളോളം പങ്കെടുത്ത ശേഷമാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്. മുസ്ലിം സമുദായത്തെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയത്തിന്റെ ചര്‍ച്ചയില്‍ പോലും പങ്കെടുക്കാതെ പാര്‍ലമെന്റില്‍നിന്ന് വിട്ടുനിന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നല്‍കി കുഞ്ഞാലിക്കുട്ടിയെ പാര്‍ലമെന്റിലേക്ക് അയച്ചത് പാര്‍ലമെന്റില്‍ ഒരു വോട്ട് ചെയ്യാന്‍ വേണ്ടിയാണെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. ഇ.അഹമ്മദിന് പകരമാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹമിരുന്ന കസേരയോട് എങ്കിലും നീതി കാണിക്കണമെന്നും ലീഗ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യപ്പെടുന്നു.


 

Latest News