ന്യൂദല്‍ഹി-ലോക്‌സഭയില്‍ ഡോ. ശശി തരൂര്‍ എം.പിയെ വിവാഹ വിദഗ്ധന്‍ എന്ന് അപസഹിച്ച് ബിജെപി. ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിന് അംഗീകാരം നല്‍കുന്ന ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് ബി.ജെ.പി എം.പിമാരുടെ ഭാഗത്തുനിന്ന് അപഹാസ്യമായ നടപടി.
ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേ ജമ്മു കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യം അസ്വഭാവിക വിവാഹ ബന്ധമായിരുന്നു എന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. ഉടന്‍ തന്നെ മറുപക്ഷത്തിരുന്ന ബി.ജെ.പി എംപിമാര്‍ വിവാഹത്തിന്റെ കാര്യത്തില്‍ താങ്കളുടെ അത്ര അറിവ് തങ്ങളില്‍ ആര്‍ക്കുമില്ലെന്നും താങ്കള്‍ വിവാഹ വിദഗ്ധനല്ലേ എന്നും പരിഹസിക്കുകയായിരുന്നു. ഉടന്‍ തന്നെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തന്റെ സഹപ്രവര്‍ത്തകരെ തടഞ്ഞു. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കരുതെന്ന് അദ്ദേഹം താക്കീത് നല്‍കി. വിവാഹ ബന്ധങ്ങള്‍ തകരാന്‍ അസ്വാഭാവികമോ സ്വാഭാവികമോ ആകണമെന്നില്ലെന്ന് തരൂരിനോട് അദ്ദേഹം പറയുകയും ചെയ്തു.