Sorry, you need to enable JavaScript to visit this website.

കരിനിയമത്തിന്റെ  കറുത്ത നാളുകൾ വരവായി..

ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. 
അതുകൊണ്ടുതന്നെ പരാജയം മുന്നിൽ കാണുന്നൊരു ഭരണാധികാരി ഇത്തരം ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ പിടികൂടാൻ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് യഥാർഥത്തിൽ ചെയ്തിരിക്കുന്നത്. 

 

ഇന്റലിജൻസ് ബ്യൂറോ സൃഷ്ടിച്ച, സുഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ 22 പ്രതികളെ സി.ബി.ഐ കോടതി വെറുതെ വിട്ട വിധിയും ജെ.എൻ.യുവിലെ വിദ്യാർഥി യൂണിയൻ നേതാവായിരുന്ന കനയ്യകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ രണ്ടര വർഷം മുമ്പുണ്ടായ സംഭവത്തിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ദൽഹി പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നുവെന്ന വാർത്തയും ഒരേ ദിവസമാണ് പുറത്തു വന്നത്. 
അന്നേദിവസം തന്നെയാണ് സിബിഐയും ഇന്റലിജൻസ് ബ്യൂറോയും ദൽഹി പോലീസും ഉൾപ്പെടെയുള്ള പത്ത് അന്വേഷണ ഏജൻസികൾക്ക് ഏതൊരു പൗരന്റെയും സ്ഥാപനങ്ങളുടെയും കംപ്യൂട്ടറുകളിൽ കയറി പരിശോധിക്കാനും വിവരങ്ങൾ പിടിച്ചെടുക്കാനും സ്വാതന്ത്ര്യം നൽകിയുള്ള കേന്ദ്രത്തിന്റെ ഉത്തരവും പുറത്തു വന്നതെന്നത് യാദൃഛികമാവാം.
നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, എൻഐഎ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നൽ ഇന്റലിജൻസ് (ജമ്മു കശ്മീരിലും നോർത്ത് ഈസ്റ്റിലും അസമിലും മാത്രം) എന്നിവയാണ് മറ്റ് ഏജൻസികൾ.
ആരുടെയും കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറാനും നിരീക്ഷണം നടത്താനും കംപ്യൂട്ടറുകൾ വഴി കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങൾ കടന്ന് കയറി ഏറ്റെടുക്കാനും പുതിയ ഉത്തരവ് പ്രകാരം ഈ ഏജൻസികൾക്ക് സാധിക്കും. ഫോൺ വിളികളും ഇ. മെയിലുകളും ഉൾപ്പെടെ പരിശോധിക്കാമെന്ന ഉത്തരവിലെ നിർദേശമനുസരിച്ച് നമ്മുടെ മൊബൈൽ ഫോണുകൾ പോലും ഇനി നിരീക്ഷണത്തിലായിരിക്കുമെന്നുറപ്പാണ്.
ഒരാളുടെ കംപ്യൂട്ടർ രേഖകൾ പരിശോധിക്കണമെങ്കിൽ നേരത്തേ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇനി മുതൽ അനുമതിയില്ലാതെ തന്നെ ആരുടെയും കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറാനും വിവരങ്ങൾ ശേഖരിക്കാനും അന്വേഷണ ഏജൻസികൾക്ക് കഴിയും. ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഇവർക്ക് അധികാരമുണ്ടാവും. രഹസ്യാന്വേഷണ വിഭാഗത്തിനു പോലും ഉപകരണങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരം ഇതുവരെ നൽകിയിട്ടില്ലായിരുന്നു. അവർ സംസ്ഥാന പോലീസ് സേനയുമായി ചേർന്നാണു പ്രവർത്തിച്ചിരുന്നത്.
വ്യക്തികളെ നിരീക്ഷണത്തിലാക്കി അടിയന്തരാവസ്ഥയുടെ പ്രവണത കാട്ടിയുള്ള പുതിയ ഉത്തരവു വന്ന ദിവസം തന്നെ മേൽപറഞ്ഞ രണ്ടു കേസുകളും അതുമായി ബന്ധപ്പെട്ട മൂന്ന് അന്വേഷണ ഏജൻസികളും സംബന്ധിച്ച വാർത്തകളെത്തിയെന്നത് കേന്ദ്ര സർക്കാർ തീരുമാനം കൊണ്ടുണ്ടാകുന്ന അപകടത്തിന്റെ ആഴമെത്രയെന്ന് പരിശോധിക്കാൻ എളുപ്പമാകുന്നു.
അമിത് ഷായും മറ്റും ഉൾപ്പെടുന്ന അവിശുദ്ധ രാഷ്ട്രീയ – മാഫിയാ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു സുഹ്‌റാബുദ്ദീൻ ഷെയ്ഖ്. ആ കൂട്ടുകെട്ടിൽ നിന്ന് പിൻമാറിയപ്പോഴായിരുന്നു അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിയെ വധിക്കാൻ പദ്ധതിയിട്ടുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന പേരിൽ ബസിൽ നിന്ന് പിടിച്ചുകൊണ്ടുപോയി പിന്നീട് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചുവെന്ന കള്ളക്കഥയുണ്ടാക്കുകയും ചെയ്തത്. ഷേക്കിനെ ബസിൽ നിന്ന് പിടിച്ചുകൊണ്ടുപോയതിന്റെയും വധിച്ചതിന്റെയും ദൃക്‌സാക്ഷികളായിരുന്ന ഭാര്യ കൗസർബിയും പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. 
ഗുജറാത്ത് പോലീസിന്റെ അന്വേഷണം പ്രതികളെ വെള്ളപൂശുന്നതിനാണെന്ന് വ്യക്തമായപ്പോൾ 2012 ൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഈ കേസിൽ ഉന്നത പങ്കാളിത്തം തെളിയുന്നുവെന്ന് വന്നതോടെ സിബിഐ കോടതി ജഡ്ജിമാരുൾപ്പെടെ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന സ്ഥിതിയുമുണ്ടായി. 2014 ൽ കേന്ദ്രത്തിൽ മോഡി അധികാരമേറ്റതോടെ സിബിഐ എന്നത് പൂർണമായും കോടതികൾ നിരീക്ഷിച്ചതു പോലെ കൂട്ടിലടച്ച തത്തയായി. ഇതിന്റെ അനന്തര ഫലം കൂടിയാണ് സുഹ്‌റാബുദ്ദീൻ ഷേക്ക് കേസിലെ വിധി. വില്ലന്മാരായത് ഇന്റലിജൻസ് ബ്യൂറോയും സിബിഐയുമെന്നർഥം.
കനയ്യകുമാറിനും കൂട്ടർക്കുമെതിരായ കേസ് അന്വേഷിച്ചതും ഇപ്പോൾ കുറ്റപത്രം സമർപ്പിക്കാൻ പോകുന്നതും ദൽഹി പോലീസാണ്. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ഈ ഏജൻസി ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെ എൻ യു) യിലെ കേസിൽ മാത്രമല്ല പല ഘട്ടങ്ങളിലും യജമാന ഭക്തി കാട്ടിയെന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. കെട്ടിച്ചമച്ച വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു ദൽഹി പോലീസ് ജെ എൻ യുവിലെ കേസ് തന്നെ ആരംഭിച്ചത്.
ഫലത്തിൽ ഇത്തരം പ്രവർത്തന ചരിത്രമുള്ള ഏജൻസികൾക്കാണ് രാജ്യത്തെ ഓരോ പൗരന്റെയും സ്വകാര്യതകളിലേക്ക് കടന്നുകയറാനുള്ള അവകാശം നൽകിയിരിക്കുന്നതെന്നത് ആശങ്കാജനകം മാത്രമല്ല അപകടകരം കൂടിയാണ്. അനുമതി നൽകിയിട്ടുള്ള എല്ലാ ഏജൻസികളും ഇതേ പ്രവർത്തന പാരമ്പര്യം പലപ്പോഴും കാട്ടിയവയാണെന്നതും ഇതിന്റെ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇഡി, സിബിഡിടി, റവന്യൂ ഇന്റലിജൻസ് എന്നിവയെ എല്ലാം രാഷ്ട്രീയ ആവശ്യങ്ങൾക്കുമുപയോഗിച്ച മുൻകാല ഉദാഹരണങ്ങൾ നിരവധിയാണ്.
ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ പരാജയം മുന്നിൽ കാണുന്നൊരു ഭരണാധികാരി ഇത്തരം ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ പിടികൂടാൻ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് യഥാർഥത്തിൽ ചെയ്തിരിക്കുന്നത്.

Latest News