പോര്‍വിമാനങ്ങള്‍ക്ക് ചൈനീസ് രഹസ്യ പദ്ധതി; നിഷേധവുമായി പാക്കിസ്ഥാന്‍


ചൈന-പാക് ഇടനാഴി സാമ്പത്തിക പദ്ധതി മാത്രം

ഒരു രാജ്യത്തിനും എതിരല്ല


ഇസ്്‌ലാമാബാദ്- ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് (സി.പി.ഇ.സി) സൈനിക ലക്ഷ്യങ്ങളില്ലെന്ന വിശദീകരണവുമായി പാക്കിസ്ഥാന്‍. ഇതൊരു സാമ്പത്തിക പദ്ധതി മാത്രമാണെന്ന് പാക് വിദേശമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. 6000 കോടി ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ഭാഗമായി പാക്കിസ്ഥാനില്‍ പോര്‍വിമാനങ്ങളും മറ്റു ആയുധങ്ങളും നിര്‍മിക്കാന്‍ ചൈനക്ക് രഹസ്യപദ്ധതിയുണ്ടെന്ന യു.എസ് മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് പാക് വിദേശ മന്ത്രാലയത്തിന്റെ വിശദീകരണം. ആയുധങ്ങളും പോര്‍വിമാനങ്ങളും നിര്‍മിക്കാനുള്ള രഹസ്യ പദ്ധതിക്ക് പാക്കിസ്ഥാന്‍ വ്യോമസേനയും ചൈനീസ് ഉദ്യോഗസ്ഥരും അന്തിമ രൂപം നല്‍കി വരികയാണെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഇസ്്‌ലാമാബാദില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എക്കാലത്തും അടുത്ത സൗഹൃദത്തില്‍ തുടരുന്ന പാക്കിസ്ഥാനും ചൈനയും ചേര്‍ന്ന് ഒറ്റ സീറ്റുള്ള ബഹുദൗത്യ പോര്‍വിമാനം നിര്‍മിക്കാനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റെല്‍ത്ത് ഫൈറ്റര്‍ അടക്കമുള്ള അത്യാധുനിക ചൈനീസ് ജെറ്റുകള്‍ സ്വന്തമാക്കാന്‍ പാക്കിസ്ഥാന് അതിയായ താല്‍പര്യമുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലുണ്ട്. തികച്ചും വാസ്തവ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചൈന ഈ റിപ്പോര്‍ട്ട് തള്ളിയിരുന്നു.
സാമ്പത്തിക ഇടനാഴി ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സാമ്പത്തിക വികസന പദ്ധതി മാത്രമാണെന്ന് പാക് വിദേശമന്ത്രാലയ വക്താവ് വിശദീകരിച്ചു. പാക് സമ്പദ്ഘടനയെ മെച്ചപ്പെടുത്താന്‍ സി.പി.ഇ.സി സഹായിക്കുന്നുണ്ട്. പദ്ധതിക്ക് കീഴില്‍ ഊര്‍ജ മേഖലയും അടിസ്ഥാന സൗകര്യ മേഖലയും മെച്ചപ്പെട്ടുവരികയാണ്. ഇരു രാജ്യങ്ങള്‍ തമ്മില്‍ സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ഏതെങ്കിലും രാജ്യത്തിനെതിരല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവും ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന സി.പി.ഇ.സി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സ്വപ്‌ന പദ്ധതിയാണ്.
പാക്കധീന കശ്മീരിലുടെ കടന്നു പോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയെ ഇന്ത്യ ശക്തിയായി എതിര്‍ത്തുവരികയാണ്. പാക്കധീന കശ്മീരിലുടെ കടന്നു പോകുന്ന ഏത് ഇടനാഴിയും രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും വെല്ലുവിളിയാണെന്നാണ് ഇന്ത്യയുടെ വിമര്‍ശം.

 

Latest News