Sorry, you need to enable JavaScript to visit this website.

മുത്തലാഖ് ചർച്ചക്കെത്തിയില്ല, കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം

മലപ്പുറം- പാർലമെന്റിൽ ഇന്നലെ നടന്ന നിർണായക ചർച്ചയിൽ പങ്കെടുക്കാതിരുന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ പാർട്ടിയിൽ അമർഷം പുകയുന്നു. മുത്തലാഖ് ബിൽ പാർലമെന്റ് ചർച്ചക്കെടുത്ത ദിവസം അതിൽ പങ്കെടുക്കാൻ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നില്ല. വളാഞ്ചേരിയിൽ ഒരു വിവാഹചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ പാർട്ടിയിൽ വൻ പ്രതിഷേധമാണുയരുന്നത്. നേരത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. അന്ന് വിമാനം വൈകിയതുകൊണ്ടാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത് എന്നായിരുന്നു ന്യായീകരണം. എന്നാൽ, മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതിരുന്നതിന് ഇതേവരെ ഒരു വിശദീകരണവും കുഞ്ഞാലിക്കുട്ടി നൽകിയിട്ടില്ല. വിവാഹചടങ്ങിൽ മണിക്കൂറുകളോളം പങ്കെടുത്ത ശേഷമാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്. മുസ്‌ലിം സമുദായത്തെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയത്തിന്റെ ചർച്ചയിൽ പോലും പങ്കെടുക്കാതെ പാർലമെന്റിൽനിന്ന് വിട്ടുനിന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നൽകി കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിലേക്ക് അയച്ചത് പാർലമെന്റിൽ ഒരു വോട്ട് ചെയ്യാൻ വേണ്ടിയാണെന്നും ലീഗ് പ്രവർത്തകർ പറയുന്നു. ഇ.അഹമ്മദിന് പകരമാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹമിരുന്ന കസേരയോട് എങ്കിലും നീതി കാണിക്കണമെന്നും ലീഗ് പ്രവർത്തകർ തന്നെ ആവശ്യപ്പെടുന്നു.

അതേസമയം, പാർലമെന്റിൽ ലീഗിനെ പ്രതിനിധീകരിച്ച് ഇ.ടി മുഹമ്മദ് ബഷീർ മികച്ച പ്രസംഗമാണ് നടത്തിയത്. എൻ.കെ പ്രേമചന്ദ്രൻ എം.പിയും ബില്ലിനെ എതിർത്ത് സംസാരിച്ചു. 
മുസ്‌ലിം പുരുഷന്മാരെ ക്രൂരന്മാരായി ചിത്രീകരിക്കുന്ന അപമാനകരമായ നിയമമാണിതെന്നായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞത്.  ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയ പ്രചരണമാണ് മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ ഒളിഞ്ഞ് കിടക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏത് കാലത്തും ബി.ജെ.പിയുടെ നിഗൂഢമായ അജണ്ടകളെ എതിർത്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25 പ്രകാരം ഒരാൾക്ക് ഏത് മതത്തിൽ വിശ്വസിക്കുവാനും അത് പ്രകാരം ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, കുട്ടികളുടെ സംരക്ഷണം ഇവയെല്ലാം തന്നെ മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ടതാണ്. അതിന്റെ അവിഭാജ്യ ഘടകങ്ങളാണ്. മുസ്ലിം വ്യക്തി നിയമത്തിനാവട്ടെ ഭരണഘടന ആർട്ടിക്കിൾ 25ന്റെ സംരക്ഷണവുമുണ്ട്. അത് കൊണ്ട് തന്നെ ഇത് മൗലികാവകാശമാണ്. ബി.ജെ.പി ഗവൺമെന്റ് ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെ കടന്നാക്രമണങ്ങൾ നടത്തുന്നതിന്റേയും ഏക സിവിൽ കോഡിലേക്ക് രാജ്യത്തെ കൊണ്ടുപോവുന്നതിന്റേയും ആദ്യപടിയാണ് മുത്തലാഖ് ബില്ലിൽ കാണിക്കുന്ന അതീവ താത്പര്യം. ഈ നിയമം ഭരണഘടനാവിരുദ്ധമാണ്.ഇ.ടി പറഞ്ഞു.  

ബി.ജെ.പിയിലെ നേതാക്കന്മാർ ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ ഏറ്റവും വലുത് ട്രിപ്പിൾ ത്വലാഖ് കൊണ്ട് മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്നതാണെന്ന് പറഞ്ഞു പരത്തുന്നത് വളരെ പരിഹാസ്യമായ സംഗതിയാണ്. ഇന്ത്യയിൽ കഴിഞ്ഞയാഴ്ച പുറത്ത് വന്ന ഒരു ആധികാരിക പഠനം പറഞ്ഞ കാര്യം ലോകത്ത് സ്ത്രീകൾ ഏറ്റവും അധികം അപകടകരമായ സ്ഥിതിവിശേഷത്തിൽ കഴിയുന്ന ഒന്നാമത്തെ രാജ്യം ഇന്ത്യയാണെന്നാണ്. അത് ലൈംഗിക ചൂഷണത്തിന്റെ കാര്യമായിരുന്നാലും നീതി ലഭിക്കുന്ന കാര്യത്തിലായിരുന്നാലും ശിശു വിവാഹത്തിന്റെ കാര്യത്തിലായിരുന്നാലും യുദ്ധം നടന്നു കൊണ്ടിരിക്കുന്ന സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളേക്കാൾ മുകളിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് രാജ്യത്തിന് അപമാനമാണ്. ഇതിനെ പറ്റി എന്തെങ്കിലും ചിന്തിക്കാനോ പരിഹാരമുണ്ടാക്കാനോ ബി.ജെ.പിക്കാർ മനസ്സു കാണിച്ചിട്ടുണ്ടോ?. നിങ്ങൾക്ക് ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതിയെ കുറിച്ച് ആത്മാർത്ഥതയുടെ കണിക പോലുമുണ്ടോ എന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി സഭയിൽ ചോദിച്ചു. 

Latest News