'ഐഎസ് തീവ്രവാദി'കളില്‍ നിന്ന് എന്‍.ഐ.എ പിടികൂടിയ 'ബോംബ്' ഗുണ്ട്, 'റോക്കറ്റ് ലോഞ്ചര്‍' ട്രാക്ടറിന്റെ നോസിലും

ന്യൂദല്‍ഹി- ഉത്തരേന്ത്യയില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ ആസുത്രണം ചെയ്ത ഐ.എസ് ബന്ധമുള്ള തീവ്രവാദികളെന്നാരോപിച്ച് എന്‍.ഐ.എ പത്തംഗ സംഘത്തെ പിടികൂടിയ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. ദല്‍ഹിയില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നുമാണ് ഇവരെ എന്‍.ഐ.എയും യുപി ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് പിടികൂടിയതെന്ന പേരില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച ആയുധങ്ങളെ ചൊല്ലി ഇപ്പോള്‍ സംശയങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സാധാരണ പടക്കവില്‍പ്പന കടകളില്‍ നിന്ന് ആര്‍ക്കും വാങ്ങാന്‍ ലഭിക്കുന്ന ഗുണ്ടുകള്‍, മൊബൈല്‍ ഫോണിന്റെ പെട്ടി, ക്രിമിനുകളില്‍ നിന്ന് പോലീസ് പലപ്പോഴും പിടികൂടാറുള്ള നാടന്‍ തോക്കുകള്‍, ഐ.എസിന്റെ ലോഗോ പ്രിന്റ് ചെയ്ത ഒരു കടലാസ് എന്നിവയ്‌ക്കൊപ്പം 'റോക്കറ്റ് ലോഞ്ചറും' പിടിച്ചെടുത്തതായി പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ട്രാക്ടര്‍ ട്രോളിയുടെ ഭാഗമായ പ്രഷര്‍ നോസിലാണെന്നാണ് പുറത്തു വന്ന വിവരം.

ഹസ്‌റത്ത് എന്നറിയപ്പെടുന്ന മുഫ്തി മുഹമ്മദ് സുഹൈല്‍, അനസ് യൂനുസ്, റാശിദ് സഫര്‍ റാഖ്, സഈദ്, സഹോദരന്‍ റഈസ് അഹമദ്, സുബൈര്‍ മാലിക്, സഹോദരന്‍ സൈദ്, സാഖിബ് ഇഫ്തികാര്‍, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് അസം എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ സഈദിന്റെ വീട്ടിലെ ട്രാക്ടറിന്റെ പ്രഷര്‍ നോസിലാണ് എന്‍.ഐ.എ പിടികൂടി 'റോക്കറ്റ് ലോഞ്ചറാ'ണെന്ന പേരില്‍ അവതരിപ്പിച്ചത്. ഇക്കാര്യ സഈദിന്റെ ഉമ്മയാണ് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാറിനോട് പറഞ്ഞത്.

ബോംബുകളെന്ന പേരില്‍ പടക്കങ്ങള്‍ കാണിച്ച എന്‍.ഐ.എ പിടികൂടിയ റോക്കറ്റ് ലോഞ്ചര്‍ ട്രാക്ടറിന്റെ പ്രഷര്‍ നോസില്‍ ആണെന്ന് വ്യക്തമായതോടെ സമൂഹമാധ്യമങ്ങളില്‍ പരിഹാസ്യരായി. യുപി പോലീസ് പലപ്പോഴായി ക്രിമിനലുകളില്‍ നിന്ന് പിടികൂടിയ ആയുധങ്ങളാണ് തീവ്രവാദികളുടേതെന്ന പേരില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആസൂത്രിത നീക്കമാണിതെന്ന് വരുത്തി തീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റേയും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റേയും നീക്കങ്ങളെന്ന സംശയങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം ഉന്നയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ ബിജെപി വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയതോടെ ഇന്ത്യ അപകടത്തിലാണെന്ന് രീതിയില്‍ പുതിയ പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമമാണോ ഇതെന്നും സംശയിക്കപ്പെടുന്നുണ്ട്. ഇതുവരെ കേള്‍ക്കാത്ത പുതിയ ഭീകര സംഘടനയുടെ പേര്‍ എന്‍.ഐ.എ അവതരിപ്പിച്ചതം സംശയത്തിനടയാക്കുന്നു. നേരത്തെ യുപിഎ സര്‍ക്കാരിന്റെ അവസാന കാലങ്ങളില്‍ സ്‌ഫോടനങ്ങളിലും മറ്റു തീവ്രവാദ കേസുകളില്‍ സജീവമായിരുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിസ്മൃതിയിലാകുകയായിരുന്നു. ഇപ്പോല്‍ ഹര്‍ക്കത്തുല്‍ ഹര്‍ബെ ഇസ്ലാം എന്ന അറബി ഉര്‍ദു പദങ്ങളും പ്രയോഗങ്ങളും കൂട്ടിയോജിപ്പിച്ച വിചിത്ര പേരിലാണ് പുതിയ തീവ്രവാദ സംഘടനയെ എന്‍ഐഎ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഈ സംഘടനയുടെ പിന്നില്‍ ആരാണെന്നോ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ അന്വേഷണ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടില്ല. 


 

Latest News