ഇന്ത്യയിലെ ഏറ്റവും മോശം വിമാനക്കമ്പനി ഇതാണ്

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഏറ്റവും മോശമായി സര്‍വീസ് നടത്തുന്ന വിമാന കമ്പനി ഇന്‍ഡിഗോ ആണെന്ന് ഉപഭോക്താക്കള്‍ വിലയിരുത്തിയതായി വ്യോമയാനകാര്യ പാര്‍ലമെന്റ് സ്ഥിരസമിതി. ചില സ്വകാര്യ വിമാനക്കമ്പനികള്‍ യാത്രക്കാരോട് പെരുമാറുന്ന രീതി മടുപ്പിക്കുന്നതാണെന്നും ഇന്‍ഡിഗോയാണ് കൂട്ടത്തില്‍ വളരെ മോശമെന്നും വ്യോമയാന, റോഡ്, കപ്പല്‍ ഗാതഗതം, ടൂറിസം, സംസ്‌കാരം എന്നിവ സംബന്ധിച്ച പാര്‍ലമെന്റിന്റെ സ്ഥിരസമിതി അധ്യക്ഷന്‍ ഡെരക് ഒബ്രെയ്ന്‍ എം.പി പറഞ്ഞു. വിവിധ പാര്‍ട്ടിക്കാരായ സമിതിയിലെ 30 അംഗങ്ങള്‍ക്കും ഇതില്‍ എതിരഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. പലതവണ പരാതിപ്പെട്ടാലും മറുപടി ഇന്‍ഡിഗോ മറുപടി നല്‍കാറില്ല. യാത്രക്കാരോട് മോശമായാണ് പെരുമാറുന്നത്. ലഗേജ് ഒന്നോ രണ്ടോ കിലോ കൂടിയാല്‍ പോലും അധിക ചാര്‍ജ് ഈടാക്കും. മര്യാദയില്ല. മയവുമില്ല. ഇത്തരം കാര്യങ്ങള്‍ സമിതി ഗൗരവമായി തന്നെ കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമാന ടിക്കറ്റ് റദ്ദാക്കുന്നതിന് ഇടാക്കുന്ന ചാര്‍ജ് അടിസ്ഥാന നിരക്കിന്റെ പകുതിയില്‍ കൂടാന്‍ പാടില്ലെന്നു കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നികുതിയും ഇന്ധന സര്‍ചാര്‍ജും ഉപഭോക്താക്കള്‍ക്ക് തിരിച്ചു കൊടുക്കണം. വിമാനക്കമ്പനികള്‍ വളരെ കൂടുതല്‍ ഇടാക്കുന്നുണ്ട്. ലഗേജിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യയാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു. ലഗേജ് പരിധി എയര്‍ ഇന്ത്യ കൂടുതല്‍ നല്‍കുന്നു. മറ്റു കമ്പനികളും ഇതു വര്‍ധിപ്പിക്കണമെന്നും ഒബ്രെയന്‍ ആവശ്യപ്പെട്ടു.
 

Latest News