ട്രെയിനില്‍ സീറ്റ് കിട്ടാതെ മാതാപിതാക്കള്‍ അലഞ്ഞു; പനി മൂര്‍ഛിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം- ഹൃദ്രോഗ ബാധിതയായ പിഞ്ചു കുഞ്ഞ് ട്രെയിനില്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഇടം കിട്ടാതെയും കൃത്യസമയത്തു ചികിത്സ ലഭിക്കാതെയും മരിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് അടിയന്തിരമായി കൊണ്ടുപോകുകയായിരുന്ന കുഞ്ഞാണ് ടിക്കറ്റ് പരിശോധകന്റെ ദയയില്ലാത്ത പെരുമാറ്റം മൂലം മരണത്തിന് കീഴടങ്ങിയത്. വണ്ടിയില്‍ ബെര്‍ത്ത് ലഭിക്കാനും കുഞ്ഞിന് വൈദ്യ സഹായം തേടിയും ആവര്‍ത്തിച്ച് രക്ഷിതാക്കള്‍ അഭ്യര്‍ഥിച്ചെങ്കിലും കമ്പാര്‍ട്ട്്‌മെന്റില്‍ നിന്ന് ഇവരെ ഇറക്കി വിടുകയായിരുന്നു.

കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി. ഹൗസില്‍ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയം (ഒരു വയസ്സ്) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മൂന്നു മാസം മുമ്പ് കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോള്‍ ഇരിക്കൂറിലെ ഡോക്ടറെ കാണിച്ചിരുന്നു. തുടര്‍ന്ന് ശ്രീചിത്രയിലെ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ ഉടനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ട്രെയിനില്‍ മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഷമീറും സുമയ്യയും മകളുമായി മംഗലാപുരം-തിരുവനന്തപുരം മാവേലി എക്്‌സ്പ്രസില്‍ കയറി. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്കു കാരണം ഇവര്‍ റിസര്‍വ് കോച്ചിലാണ് കയറിയത്. കുഞ്ഞിന് സുഖമില്ലെന്നും സീറ്റ് നല്‍കണമെന്നും ഇവര്‍ ടിക്കറ്റ് പരിശോധകനോട് പറഞ്ഞു. എന്നാല്‍ സീറ്റില്ലെന്ന് പറഞ്ഞ് ഓരോ കോച്ചുകളില്‍ നിന്നും ഇവരെ ഇറക്കി വിട്ടതായി പറയുന്നു. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെ ഓരോ കോച്ചുകളിലും മാറി മാറി കയറി സീറ്റിനായി അപേക്ഷിച്ചെങ്കിലും രാത്രിയില്‍ കുഞ്ഞുമായി ഇവരെ ഇറക്കിവിട്ടു. ഒടുവില്‍ സുമയ്യ കുഞ്ഞുമായി ലേഡീസ് കമ്പാര്‍ട്ട്്‌മെന്റിലും ഷമീര്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലും കയറി. ഇതിനിടെ കുഞ്ഞിന് പനി മൂര്‍ഛിച്ചതോടെ വൈദ്യസഹായം തേടിയെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥര്‍ സഹായിച്ചില്ലെന്ന് പരാതിയുണ്ട്. കുഞ്ഞ് മാതാവിന്റെ മടിയില്‍ കിടന്ന് തളരുന്നത് കണ്ട സഹയാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസെത്തിയാണ് ഇവരെ പുറത്തിറക്കിയത്. അപ്പോഴും കാര്യമറിയാതെ ജനറല്‍ കമ്പാര്‍ട്ട്്‌മെന്റിലിരിക്കുകയായിരുന്ന ഷമീറിനെ തേടിപ്പിടിച്ചപ്പോഴേക്കും സമയമേറെ പിന്നിട്ടിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആംബുലന്‍സില്‍ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. പിഞ്ചു മകളുടെ ചികില്‍സക്കായി പുറപ്പെട്ട മാതാപിതാക്കള്‍ പിന്നീട് മകളുടെ മൃതദേഹവുമായാണ് നാട്ടിലേക്ക് മടങ്ങിയത്.
 

 

 

Latest News