ഇടുക്കി- എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം അഭിമന്യുവിന്റെ കുടുംബത്തിനായിസി.പി.എം പണി കഴിപ്പിച്ചവീടിന്റെ താക്കോൽ ദാനംമുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 14 ന് നിർവഹിക്കും. വട്ടവട പഞ്ചായത്തിലെ കൊട്ടക്കൊമ്പൂരിലെ കർഷകരായ മനോഹരന്റെയുംഭൂപതിയുടെയുംഏറ്റവും ഇളയ മകനായ അഭിമന്യു വളരെ പിന്നോക്ക സാഹചര്യത്തിൽ നിന്നാണ് പഠനത്തിനായി മഹാരാജാസ് കോളേജിൽ എത്തിയത്. കൊട്ടക്കൊമ്പൂരിലെ ഒറ്റമുറി വീട്ടിൽ കഴിയുന്ന അഞ്ചംഗ കുടുംബത്തിൽ നിന്ന് സയന്റിസ്റ്റാകണമെന്ന ആഗ്രഹത്തോടെ എത്തിയ അഭിമന്യുവിന്റെ മരണംകേരളത്തെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുടുംബത്തെ സഹായിക്കുന്നതിനായിസി.പി.എമ്മിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ചിരുന്നു. ഇത് ഉപയോഗിച്ച് പത്ത് സെന്റ് ഭൂമി വാങ്ങിയാണ്വീട് നിർമിച്ചത്. ജൂലൈ 23ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന് തറക്കല്ലിട്ടത്.ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ, ജില്ല സെക്രട്ടറിയേറ്റംഗം കെ.വി ശശി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.രാജേന്ദ്രൻ എം.എൽ.എ, എം. ലക്ഷമണൻ, ഏരിയ സെക്രട്ടറി വി.സിജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ്ആറു മാസത്തിനുള്ളിൽ 1256 ചതുരശ്ര അടിയിൽ വീട് നിർമിച്ചത്. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹംപാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 11 ന് മംഗളമായി നടത്തി. സഹോദരൻ പരിജിത്തിന് സി.പി.എം നേതൃത്വത്തിലുള്ള സഹകരണ ബാങ്കിൽ ജോലിയും നൽകി.






