Sorry, you need to enable JavaScript to visit this website.

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി; കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും ബഹിഷ്‌ക്കരിച്ചു

ന്യൂദല്‍ഹി- മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ച മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി. മൂന്ന് ത്വലാഖുകള്‍ ഒന്നിച്ചു ചൊല്ലി ഭാര്യയെ വിവാഹ മോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതും  മുസ്ലിം പുരുഷന്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ അനുശാസിക്കുകയും ചെയ്യുന്ന നിയമമാണിത്. 12നെതിരെ 238 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങള്‍ ഉള്‍പ്പെടുത്ത സെലക്ട് കമ്മിറ്റി ഈ മാറ്റം വരുത്തിയ ബില്‍ പരിശോധിക്കണമെന്നായിരുന്നു മുത്തലാഖ് ക്രിമിനില്‍ കുറ്റമാക്കുന്നതിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

പ്രതിപക്ഷം പ്രധാനമായും മൂന്ന് ന്യൂനതകളാണ് ചൂണ്ടിക്കാട്ടിയത്. ഒന്ന്, ഭര്‍ത്താവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന വകുപ്പാണ്. മറ്റൊരു മതവിഭാഗക്കാര്‍ക്കും ഇത്തരമൊരു ശിക്ഷയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവ് ജയിലിലായാല്‍ ഭാര്യയ്ക്ക് ആ്‌ര് ജീവനാംശം നല്‍കുമെന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം സര്‍ക്കാര്‍ നീക്കിയിട്ടില്ല, എന്നതാണ് രണ്ടാമത്തേത്. ഇത്തരം കടുത്ത നടപടികള്‍ കുടുംബത്തെ ഒന്നിപ്പിക്കാന്‍ സഹായിക്കുമോ എന്ന സംശയവും പ്രതിപക്ഷം ഉന്നയിക്കുന്നു. 

മുത്തലാഖ് ബില്‍ 2017 ഡിസംബറില്‍ ലോക്സഭ ശബ്ദ വോട്ടോടെ പാസാക്കിയിരുന്നു. ജനുവരി മൂന്നിന് രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ഭരണപക്ഷത്തിന് അംഗബലമില്ലാത്തതിനാല്‍ മുടങ്ങി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനോ, ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാനോ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. നേരത്തെയുള്ള ബില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി.മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. ഭാര്യയ്ക്കോ രക്തബന്ധമുള്ളവര്‍ക്കോ വിവാഹം വഴി ബന്ധുക്കളായവര്‍ക്കോ മാത്രമേ പോലീസില്‍ പരാതി നല്‍കാന്‍ കഴിയൂ. ആര്‍ക്കുവേണമെങ്കിലും പരാതി നല്‍കാമെന്നതായിരുന്നു നേരത്തെ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥ. ഭാര്യ ആവശ്യപ്പെട്ടാല്‍ മജിസ്ട്രേറ്റിന് കേസ് ഒത്തുതീര്‍പ്പാക്കാം. രണ്ട് കക്ഷികള്‍ക്കും ചേര്‍ന്ന് കേസ് പിന്‍വലിക്കാം. ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ പ്രതി ബാധ്യസ്ഥനാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്ന് ഭാര്യയ്ക്ക് ആവശ്യപ്പെടാം. തീരുമാനം മജിസ്ട്രേറ്റിന്റേതായിരിക്കും. തുടങ്ങിയവയാണ് പുതിയ വ്യവസ്ഥകള്‍.

Latest News