ചിലർ അങ്ങനെയാണ്, കാലം മാറിയതും 'സിസ്റ്റം' കാലഹരണപ്പെട്ടതുമൊന്നും അറിയുകയില്ല. അവർ ഭജനക്കാരെപ്പോലെ പാടിക്കൊണ്ടേയിരിക്കും. ഇവിടെ ഇപ്പോഴത്തെ പ്രശ്‌നത്തിൽ ബഹുവചനം ഇല്ല; ഏറ്റെടുക്കാൻ ആളില്ലാഞ്ഞിട്ടാണ്. ഏകവചനത്തിൽ പറയാം, രാഹുൽ ഗാന്ധിജി. കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവർത്തനം രഹസ്യ സർവേയിലൂടെ വിലയിരുത്തി പുള്ളിക്കാരൻ റാങ്ക് നിശ്ചയിച്ചുവത്രേ! കടന്നുപോയി! കാലം കഴിഞ്ഞ ഒരു വ്യവസ്ഥയെ വീണ്ടും മുന്നിൽ കൊണ്ടുവരാനുള്ള ശ്രമമാണത്. ഏതോ ഒരു ഗൂഢാലോചന പിന്നിലുണ്ട്. അതിന്റെ മുന്നിലാകട്ടെ, ഭാരം ചുമക്കാൻ പാവം രുഹുലനും! 'വിജയത്തിന് അവകാശം ഏറ്റെടുക്കാൻ അനേകം പേരുണ്ടാകും. എന്നാൽ പരാജയത്തിനോ? പഴികേൾക്കാൻ ആരും വരില്ലതാനും' -എന്നൊരു ചൊല്ലുണ്ട്. കേരളത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ നൽകിയിരുന്ന റാങ്കു പോലും പിൻവലിച്ചിട്ടു കാലം കുറെ ആയി. യുവജനോത്സവങ്ങളിൽ റാങ്ക് പ്രത്യക്ഷപ്പെട്ടിരുന്ന കാലത്ത് ശോഭിച്ചിരുളിയ അഴിമതികൾ ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇതൊന്നും കോൺഗ്രസ് പ്രസിഡന്റിന് അറിയേണ്ടതില്ല. കിട്ടിയ അവസരം കൈക്കലാക്കി വിലയിരുത്താൻ നടക്കുകയാണ്. കോഴിക്കോട്ടെ സിദ്ദീഖും പാലക്കാട്ടെ ശ്രീകണ്ഠനും മുന്നിലെത്തിയത്രേ! മറ്റു പലരും 'ബി' വിഭാഗത്തിൽ. തീരെ മോശപ്പെട്ടവർ 'സി' വിഭാഗത്തിലും! ഇവരെ ഗ്രൂപ്പ് തിരിച്ച് ആകാമായിരുന്നു. ഐ, എ.
വടക്കേ ഇന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിൽ അന്യ പുരുഷ സഹായത്തോടെ സീറ്റ് ജയിച്ചതിന്റെ പേരിലാണ് 'ഗോഡ്‌സ് ഓൺ കൺട്രി'യിലേക്കു മാർക്കിടാൻ കയറിയത്. ചായയും പഴംപൊരിയും ഉച്ചക്ക് ബിരിയാണിയും നൽകി മീറ്റിംഗുകൾ മുടങ്ങാതെ നടത്തിപ്പോരുന്ന കോൺഗ്രസുകാരുടെ മനസ്സ് മടുപ്പിക്കുന്ന പ്രവൃത്തി ആയിപ്പോയി അത്! തലസ്ഥാനത്ത് കഴിഞ്ഞ വാരം നടന്ന കരുണാകരൻ അനുസ്മരണം രാഹുൽജി നേരിട്ടു കണ്ടിരുന്നെങ്കിൽ റാങ്കിടാൻ നടക്കുമായിരുന്നില്ല. ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനെ ഫോണിൽ വിളിച്ച് ചില ജില്ലാ പ്രസിഡന്റുമാർ പരാതി പറഞ്ഞപ്പോഴാണ് റാങ്ക് ഒരു കടംകഥയാണെന്ന വിവരം അറിഞ്ഞത്. അപ്പോൾ, ഈ റാങ്ക് പട്ടിക എങ്ങനെ 'ഔട്ടാ'യി? കേന്ദ്ര സർക്കാറിന്റെ കളിയാണോ? ഐ.ബിയും റോയും സി.ബി.ഐയും മുതൽ ലോക്കൽ പോലീസ് സ്റ്റേഷൻ വരെ നമ്മുടെയൊക്കെ ഇന്റർനെറ്റുകളിൽ രാത്രികാലങ്ങളിൽ നൈറ്റ് ക്ലബിൽ പോകുന്നതു പോലെ രഹസ്യമായി കടന്നുകയറുന്ന കാലമാണ്. രാഹുൽജി സൂക്ഷിച്ചാൽ കോൺഗ്രസിനു ദുഃഖിക്കേണ്ട!
*** *** ***
ഭാഗ്യം കേറി വരുന്ന രഹസ്യം പാവം പയ്യനറിഞ്ഞോ? എന്ന് അടൂർ ഭാസിയുടെ ഒരു ലോട്ടറിൽ വിൽപനാ ഗാനമുണ്ട്. ശബരിമലയും വനിതാ മതിലും വന്നതോടെ, പെരുന്നയിൽ ഉണ്ടിരുന്ന നായർക്ക് ലോട്ടറിയടിച്ചു! ചങ്ങനാശ്ശേരിക്കു പുറത്ത് പരസ്യമായി യാത്ര ചെയ്യാനുള്ള ധൈര്യമില്ലാത്തതിനാലും വാ തുറന്നാൽ അബദ്ധം പിണയുമെന്ന് ഉത്തമ ബോധ്യമുള്ളതിനാലും മാളത്തിൽ കഴിഞ്ഞു പോന്ന നേതാവ് പതുക്കെ മാധ്യമങ്ങളിൽ തല കാട്ടിത്തുടങ്ങി. വർഗീതയെ തുടച്ചുനീക്കാൻ നൂറ്റിയൊന്നു പ്രദക്ഷിണം വെയ്ക്കുകയും നാളികേരമുടയ്ക്കുകയും ചെയ്യുന്ന നേതാക്കളോ, മുഖ്യൻ പോലുമോ, 'പെരുന്ന'യെ വിമർശിക്കാറില്ല. അള മുട്ടിയാൽ ചേരയും കടിക്കുമെന്നതു പോലെ ഇപ്പോഴിതാ കണ്ണൂർ ലോബിയിലെ നിരപരാധിയായ കോടിയേരി ചാടി വീണിരിക്കുന്നു- എൻ.എസ്.എസിന്റെ നിലപാടുകൾ തുറന്നു കാട്ടുമത്രേ! നല്ല കാര്യം! പക്ഷേ 'രക്ഷിക്കാനും ശിക്ഷിക്കാനും' കഴിവുള്ള ആസ്ഥാനമാണിത്.
പണ്ട് സൂര്യനെല്ലി പെണ്ണുകേസിലെ ഒരു നേതാവ് സംഭവ ദിവസം രാവിലെ സൂര്യോദയം മുതൽ രാത്രി എട്ടു മണി വരെ തങ്ങളുടെ ആപ്പീസിൽ ഉണ്ടും ഉറങ്ങിയും ചീട്ടുകളിച്ചും നേരമ്പോക്കു പറഞ്ഞും കഴിഞ്ഞു കൂടുകയായിരുന്നു എന്ന് പ്രസ്താവനയിറക്കിയ നേതൃത്വമാണത്. തനിനിറം തുറന്നുകാട്ടാൻ ഇറങ്ങുന്ന കോടിയേരിയും നേതാവും എത്ര തവണ ഏതൊക്കെ ടി.ബിയിലും റിസോർട്ടിലും വെച്ചു തങ്ങളെ കണ്ടുവെന്നും മൊബൈലിൽ ബന്ധപ്പെട്ടുവെന്നും കാണാപ്പപാഠം പോലെ പ്രസ്താവിച്ചുകളയും അവർ! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല. വേലിയിലിരുന്നതിനെ എടുത്ത് മടിശ്ശീലയിൽ വെച്ചുവെന്ന പോലെയാകും സഖാക്കളുടെ സ്ഥിതി! അവിവേകമൊന്നും വേണ്ട കോടിയോരീ? എത്ര സീറ്റുകളിൽ സഹായിച്ചവരാണവർ! സ്ഥാനം ഒപ്പിച്ചുകൊടുത്തവരാണ് നമ്മൾ! ഒന്നും മറക്കണ്ട. തിരിച്ചടിച്ചാലോ?
*** *** ***
ശബരിമലയും വനിതാ മതിലും എത്ര താളാത്മകമായ തലവാചകം! ചർച്ചാവിഷയം! അഭേദ്യമായ ബന്ധം! പൊരുത്തം! ഇതിനിടയിലാണ് സർക്കാർ സഹായമില്ലാതെ തന്നെ മുപ്പതു ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള സി.പി.എം തീരുമാനം! സഹസംഘടനകളും സഹരിക്കും. അധികാരിയും ഞാനം കൂടി അഞ്ഞൂറ്റിയൊന്നു രൂപ സംഭവന നൽകും എന്നു പറഞ്ഞതു പോലെയാണ് സംഗതി! ഘടക കക്ഷികളെയാണ് 'സഹ'ന്മാരായി ഉദ്ദേശിച്ചതെങ്കിൽ, ഒരു അമ്പതിനായിരം പോലും തികയ്ക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടിവരുമെന്ന് ഏതു പിള്ളേർക്കുമറിയാം! സ്വന്തം പാർട്ടി ബാക്കി 29 ലക്ഷം കണ്ടെത്തണം. അവിടെയാണ് 'അധികാരി'യുടെ പ്രസക്തി. സർക്കാർ ജീവനക്കാരും അങ്കണവാടികളും, കുടുംബശ്രീകളുമെല്ലാം ഒന്ന് അനങ്ങണമെങ്കിൽ ചുരുങ്ങിയ പക്ഷം മുഖ്യമന്ത്രിയെങ്കിലും ഭീഷണിക്കത്തു കൊടുത്തയക്കണം! നമ്മുടെ പാർട്ടിക്കാണെങ്കിൽ കുഞ്ചൻ നമ്പ്യാർ പാടിയതു പോലെ 'പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല' എന്നതാണ് അവസ്ഥ. വല്ലാതെ വരക്കിഴിയും പിഴിച്ചിലും തിരുമ്മലുമൊക്കെ നടത്തി നോക്കണം.
'വാജീകരണ സുധ'യും നൽകാം. പി.കെ. ശശിയെപ്പോലെയുള്ളവർ അറിയാതെ മതി. ക്ഷേമ പെൻഷൻ വാങ്ങുന്ന അഗതികളെ പോലും വിരട്ടി നൂറു രൂപ വീതം 'സംഭാവന' വാങ്ങിയ കാര്യം ദൃശ്യ മാധ്യമങ്ങൾ പുറത്തു കാട്ടിയതിനാൽ ഇനി ആ വഴിക്കു തന്നെ പോകുന്നതാണ് നന്ന്. 'അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കുക' എന്നതാണല്ലോ പ്രമാണം. സർക്കാറാകട്ടെ ചില്ലിക്കാശ് മതിൽ പണിക്കു ചെിലവാക്കുകയില്ലെന്ന് കോടതിയിൽ സത്യവാങ്മൂലവും കൊടുത്തു. ഇനി വരുന്നതിനെ നേരിടുക തന്നെ! സഹപാർട്ടികൾ കൂടെയുണ്ടാകണേ എന്നു നിത്യവും മുടങ്ങാതെ പ്രാർഥിക്കുക.
*** *** ***
'നിലപാട്' എന്ന വാക്കിന്റെ അർഥം പരതിയാൽ നിഘണ്ടുവിൽ കണ്ടേക്കും. പക്ഷേ 'ഏട്ടിലെ പശു പുല്ലു തിന്നുകയില്ല' എന്നു പറഞ്ഞതുപോലെ, നാട്ടിൽ നിലപാട് കൈക്കൊള്ളുക ഹിമാലയത്തിൽ കയറുന്നതുപോലെ കഠിനം തന്നെയാണ്.
നമ്മുടെ ദേവസ്വം ബോർഡ് പ്രസിഡന്റും വകുപ്പു മന്ത്രിയും അന്യ വകുപ്പുമായ ആരോഗ്യ മന്ത്രിയും നടത്തിയ പ്രസ്താവനകൾ 'നിലപാടി'ന്റെ ആണിക്കല്ലിളക്കുന്നു. കണ്ട ആക്ടിവിസ്റ്റുകളെയൊക്കെ മലയിൽ കയറ്റി പോലീസിനു പണിയുണ്ടാക്കി വെയ്ക്കാൻ പറ്റില്ലെന്നാണ് അവരുടെ നിലപാട്. ഇത് മുഖ്യമന്ത്രി പിണറായി സഖാവിന്റെ നിലപാടിനെ എടുത്തു തല കീഴാക്കി പിടിക്കുന്ന ഏർപ്പാടാണെന്നു വ്യക്തം. അഥവാ, ഒരിടത്തു 'നില' ഉറപ്പിക്കാൻ പെടുന്ന പാടാണ് മേൽപറഞ്ഞ വാക്കിന്റെ അർഥം എന്നു നമ്മൾ മനസ്സിലാക്കണം.
ഇതിനേക്കാൾ എത്രയോ ഭയങ്കര നിലപാടുകളാണ് കേന്ദ്ര ഭരണ കക്ഷിയുടേത്! ശബരിമല കയറ്റ പ്രശ്‌നത്തിൽ 'സംഘ'ക്കാർ 2010 ൽ എടുത്ത നിലപാട് കീഴ്‌മേൽ മറിച്ചാണ് ഇന്നു കാണുന്ന നിലപാടെടുത്തത്! വിടുവായത്തം സ്വാഭിമാനമായി കരുതുന്ന 'ചില നേതാക്കൾ' വായടയ്ക്കണമെന്ന് പറഞ്ഞ മന്ത്രി നിതിൻ ഗഡ്കരി മോഡി സാന്നിധ്യത്തിൽ നിലപാടങ്ങു വിഴുങ്ങി. ഭിന്നലിംഗക്കാർക്കു ഗർഭമുണ്ടായാൽ പോലും നമ്മുടെ ജലസേചന പദ്ധതി നടക്കാൻ പോകുന്നില്ലെന്ന തന്റെ മഹത്തായ വചനങ്ങൾ പോലും അദ്ദേഹം 'മുള്ളുതൊടാതെ' വിഴുങ്ങി.
പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങളൊക്കെ നടപ്പിലാക്കാൻ വേണ്ടിയുള്ളതാണോ എന്നു ചോദിച്ച വെൺമണി കവി. ശ്രീധരൻ പിള്ളയദ്ദേഹം കുറച്ചു ദിവസങ്ങളായി വാ തുറക്കാറില്ല. വിഴുങ്ങിയതൊക്കെ ദഹിക്കട്ടെയെന്ന കരുതിയാകാം. എങ്കിലും 'ചാണ്ടി മുറുകുമ്പോൾ' തൊമ്മൻ അയയുന്നു' എന്നു പറഞ്ഞതു പോലെ, കെ.പി. ശശികല വായടയ്ക്കുമ്പോൾ ശോഭാ സുരേന്ദ്രൻ തുറക്കുന്നു എന്ന പ്രത്യേകത ബി.ജെ.പിക്കുണ്ട്. അത്തരം ഉച്ചഭാഷിണികൾ കേരളത്തിൽ മറ്റൊരു പാർട്ടിക്കുമില്ല.
അവരെയൊക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയക്കുമത്രേ! കുറച്ചുകാലത്തേക്ക് സൈ്വരമായി കിടന്നുറങ്ങാൻ നാട്ടുകാർ അന്യസംസ്ഥാനങ്ങളിൽ പോകേണ്ടി വരുമോ?






