സദാചാര കുരുപൊട്ടൽ ഒരു രോഗമാണോ ഡോക്ടർ?
അതെ, ഇതൊരു അസംതൃപ്ത ലൈംഗിക രോഗമാണ്.
ആർക്കൊക്കെ വരാം?
ഭൂമിയിൽ മനുഷ്യരിൽ മാത്രമേ ഈ രോഗം ഇതുവരേയും കണ്ടെത്തിയിട്ടുള്ളൂ. മൃഗങ്ങളിൽ വരാറില്ല. വരികയുമില്ല.
മനുഷ്യരിൽ തന്നെ വകതിരിവുകളുണ്ടോ?
ഹിന്ദുവെന്നേ മുസ്‌ലിമെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ
ഈ രോഗം വരും. ഇതിനകത്തുള്ള സമുദായങ്ങൾക്കും ഇത് ബാധകമാണ്.
ഇതൊരു പകർച്ചവ്യാധിയാണോ ഡോക്ടർ?
അതെ, എല്ലാ ജില്ലകളിലും ഇതിന് രോഗാണുക്കളുണ്ട്
വിദ്യാഭ്യാസം ഒരു ഘടകമാണോ?
അതെ
പിഎച്ച്.ഡിക്കാരിലും നിരക്ഷരരിലും ഒരുപോലെ ഇതുവരും.
ലിംഗ വ്യത്യാസമെന്തെങ്കിലും?
ആണുങ്ങളിലാണ് കൂടുതൽ. പെണ്ണുങ്ങൾക്ക് ഇതിന്റെ ബാധയുണ്ട്.
ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഒരു പണിയുമില്ലാത്ത സദാചാര ആങ്ങള അമ്മാവന്മാർ
വെറുതേയിങ്ങനെ കറങ്ങിനടക്കുമ്പോൾ എവിടെയെങ്കിലും ഒരാണും പെണ്ണും, അല്ലെങ്കിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചിരിക്കുന്നതോ നടക്കുന്നതോ കാണാനിടയാവും. അപ്പോൾ അവരുടെയുള്ളിലെ സദാചാര ലഡു ഒന്നിളകും, പിന്നെയതു പൊട്ടും. പലതു കൊണ്ടും അടിച്ചമർത്തപ്പെട്ട ചില ഹോർമോണുകൾ ജ്വലിച്ച് വരും
അതങ്ങ് പടർന്നു പിടിച്ചാൽ നിരനിരയായി ചോദ്യശരങ്ങൾ വരും
എല്ലാം കഴിഞ്ഞാൽ ഉത്തരവാദിത്തം നിർവഹിച്ച ഉത്തമ പുരുഷ കേസരികളായി തിരിച്ചുപോകും. ഫ്രോയ്ഡിയൻ മനഃശാസ്ത്ര പ്രകാരം തങ്ങൾക്ക് കിട്ടാത്തതും കഴിയാത്തതും മറ്റൊരാൾക്ക് കിട്ടുന്നതിലുള്ള അസംതൃപ്തിയാണെന്നും ഒരു കര ന്യൂസുണ്ട്.
മരുന്നുകൾ എന്തെങ്കിലും?
ഗുളികയും ടോണിക്കും ഓയിൻമെന്റും പരീക്ഷിച്ചെങ്കിലും ഇത്തരക്കാർക്കത് ഏശിയിട്ടില്ല. അപാര തൊലിക്കട്ടിയാണതിന് കാരണം.
അപ്പോൾ ചികിത്സ ഇല്ലെന്നർത്ഥം?
ഉണ്ട്, അതിനവർ സ്വയം തയ്യാറാവണം. മനസ്സിൽ മലിനമായി, വ്രണമായി കെട്ടിക്കിടക്കുന്ന സ്ത്രീ വിരുദ്ധതയും ആണധികാരവും വിവരമില്ലായ്മയും ചെത്തിക്കളഞ്ഞാൽ മതി. സൂക്കേട് പമ്പ കടക്കും.
സമൂഹത്തിനെന്തെങ്കിലും റോൾ?
സദാചാര ആങ്ങളമാരേയും, സദാചാര അമ്മാവന്മാരേയും ഈ പണിക്കൊന്നും ഏൽപിച്ചിട്ടില്ലെന്നും വീട്ടുകാർ തന്നെ മതിയെന്നും ഉറക്കെ വിളിച്ചുപറഞ്ഞാൽ മതി. എന്നാലിവർ ഈ പണി വിട്ട് മറ്റെന്തെങ്കിലും ജോലിയന്വേഷിച്ച് പൊയ്‌ക്കോളും.
സ്വന്തമായും വീട്ടുകാർക്കും എന്തെങ്കിലും വരുമാനവുമാകും.
എല്ലാ രാജ്യങ്ങളിലുമുണ്ടോ ഈ രോഗം ?
ഡബ്ല്യൂ.എച്ച്.ഒ റിപ്പോർട്ട് പ്രകാരം കേരളത്തിലാണ് കൂടുതലും.
ഒന്നാം ക്ലാസ് മുതലേ ആണും പെണ്ണും
വേർതിരിവുള്ളവരല്ല എന്നങ്ങ് പഠിച്ചുതുടങ്ങിയാൽ
തീരാവുന്നതേയുള്ളൂന്ന് വിദഗ്ധർ പറയണ്ണ്ട്
മറ്റെന്തെങ്കിലും പരിഹാരങ്ങൾ?
തന്റേടവും ചുറുചുറുക്കുമുള്ള പെങ്കുട്ട്യേളെക്കൊണ്ട് എടക്കിടക്കിടവരെ ആട്ടിയാൽ മതിയാവും. ചാട്ടുളി പോലത്തെ ചോദ്യങ്ങൾ ചോദിച്ചാൽ മതിയാവും. ഞങ്ങൾ വളർന്നിട്ടും ഇങ്ങളിപ്പഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണോ ചങ്ങായിമാരേ എന്ന് ഓർമപ്പെടുത്തിയാൽ മതിയാവും.
ഇതിന്റെ തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടിവരും. നേരെയാവില്ലിത്. ഒളിഞ്ഞും മറിഞ്ഞും സൈബർ ഇടങ്ങളിലൂടെയും
അസഭ്യവാക്കുകളുടെ മലവെള്ളപ്പാച്ചിലാകുമത്. അശ്ലീല ഭാഷയുടെ നിഘണ്ടു തുറന്ന് അതിൽ രമിക്കുകയും ഉന്മത്തരാവുകയും ചെയ്യും.
പറഞ്ഞോട്ടേന്ന്.
കെട്ടിക്കിടക്കുന്ന രോഗാണുക്കൾ തെറികളായി പുറത്തേക്കൊഴുകി
അങ്ങനെയെങ്കിലും ഭേദപ്പെട്ടെങ്കിലോ?






