Sorry, you need to enable JavaScript to visit this website.

ഡിജിറ്റൽ ആകാശത്തിലേക്ക് പറക്കാൻ കുട്ടിക്കൂട്ടം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) കണ്ണൂർ ജിവിഎച്ച്എസ്എസിൽ സംഘടിപ്പിച്ച കുട്ടി റിപോർട്ടർമാർക്കുള്ള പരിശീലനം

കണ്ണൂർ-  പഠനപ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുന്നതോടൊപ്പം വിദ്യാലയ വാർത്തകളും പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യാൻ കണ്ണൂർ ജില്ലയിലെ 350 ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ കുട്ടി റിപോർട്ടർമാരായി സജ്ജമാക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച പരിശീലന ക്യാംപ് തുടങ്ങി. ആകെയുള്ള 143 ലിറ്റിൽ കൈറ്റ്‌സ് യൂനിറ്റുകളിൽനിന്ന് തിരഞ്ഞെടുത്ത 10 ശതമാനം അംഗങ്ങൾക്ക് 19 കേന്ദ്രങ്ങളിലാണ് പരിശീലനം. ഡിജിറ്റൽ കാമറ ഉപയോഗിച്ച് പഠന വിഭവങ്ങൾ ഉണ്ടാക്കാനും സ്‌കൂളുകളിൽനിന്ന് കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിലൂടെ സംപ്രേഷണത്തിന് അനുയോജ്യമായ വാർത്തകളും വിഭവങ്ങളും തയാറാക്കാനും കുട്ടി റിപോർട്ടർമാരെ പ്രാപ്തരാക്കുന്നു. വാർത്ത കണ്ടെത്തൽ, സ്‌ക്രിപ്റ്റ് രചന, കാമറപ്രവർത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിങ്, ഓഡിയോ റെക്കോർഡിങ്, ഓഡിയോ മിക്‌സിങ്, വീഡിയോ എഡിറ്റിങ്, ടൈറ്റിലിങ്, ആങ്കറിങ് തുടങ്ങിയ പ്രവർത്തനങ്ങൾ പരിശീലനത്തിന്റെ ഭാഗമാണ്. വീഡിയോകൾ ഹൈടെക് സ്‌കൂളുകളിലെ ഡിജിറ്റൽ ശൃംഖല വഴി കേന്ദ്രീകൃത സെർവറിലെ സ്‌കൂളുകൾക്ക് അപ്‌ലോഡ് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 334 സ്‌കൂളുകൾക്ക് ഡിഎസ്എൽആർ കാമറ ലഭ്യമാക്കി. ഇവയുടെ പ്രവർത്തനം, പരിപാലനം എന്നിവ പരമാവധി ഉറപ്പുവരുത്താൻ കുട്ടികൾക്കും സ്‌കൂളുകളിലെ ചുമതലക്കാർക്കും നിർദേശവും പരിശീലനവും നൽകി. 'സമഗ്ര' പോർട്ടലിലേക്ക് അക്കാദമിക് സ്വഭാവമുള്ള ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കാനും പരിശീലനം നൽകുന്നു. ഇതിന് പുറമെയാണ് കൈറ്റ് വിക്‌ടേഴ്‌സിലേക്കും മറ്റുമായി സ്‌കൂൾ വാർത്തകൾ തയ്യാറാക്കാനുള്ള പ്രത്യേക അവധിക്കാല ക്യാംപ് ഡിസംബർ 26ന് ആരംഭിച്ചത്. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത മൾട്ടിമീഡിയ ഗ്രാഫിക്‌സ് സങ്കേതങ്ങൾ ഉപയോഗിച്ച് ഇത്രയും കൂടുതൽ പേർക്ക് വാർത്തകൾ തയ്യാറാക്കുന്നതു മുതൽ അവയുടെ എഡിറ്റിങും സംപ്രേഷണവും ഉൾപ്പെടെ പൂർണതോതിലുള്ള പരിശീലനം നൽകുന്നത് ഇന്ത്യയിൽ ആദ്യമായാണെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു.
 

Latest News