ന്യൂദൽഹി- മധ്യപ്രദേശ് മന്ത്രിസഭയിൽ സമാജ് വാദി പാർട്ടി എം.എൽ.എയെ ഉൾപ്പെടുത്താത്തതിൽ പാർട്ടി നേതാവ് അഖിലേഷ് യാദവിന് അമർഷം. ആസന്നമായ ലോക്‌സഭാ തെരഞ്ഞെുപ്പിൽ എസ്.പി- ബി എസ് പി സഖ്യത്തിൽ കോൺഗ്രസിനെ ചേർക്കില്ല എന്ന സൂചനയും അഖിലേഷ് നൽകി. 'കോൺഗ്രസിന് നന്ദി. ഞങ്ങളുടെ അംഗത്തിനെ തഴഞ്ഞതിന്,' അഖിലേഷ് യാദവ് ഡൽഹിയിൽ പറഞ്ഞു.
ആകെ 230 സീറ്റൂകളിൽ 114 എണ്ണം നേടിയ കോൺഗ്രസിന് മധ്യപ്രദേശിൽ കേവല ഭൂരിപക്ഷമില്ല. എസ്. പി, ബി എസ് പി പിന്തുണയോടെയാണ് കമൽനാഥ് മന്ത്രിസഭ മധ്യപ്രദേശിൽ അധികാരത്തിലേറിയത്. ബി എസ് പിക്ക് രണ്ടും എസ് പിക്ക് ഒന്നും സീറ്റുകൾ ലഭിച്ചിരുന്നു. പക്ഷെ, രണ്ടു പാർട്ടിക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.പി -ബി.എസ്.പി സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്താൻ അഖിലേഷ് യാദവിനും മായാവതിക്കും താൽപര്യമില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ കോൺഗ്രസ്-ബിജെപി ഇതര മൂന്നാം മുന്നണി രൂപീകരിക്കാനുളള നീക്കങ്ങളെ അഖിലേഷ് സ്വാഗതം ചെയ്തു. കെ സി ആറുമായി ഉടൻ കൂടിക്കാഴ്ച്ച നടത്തുമെന്ന് അഖിലേഷ് പറഞ്ഞു. നേരത്തെ കെ സി ആറും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയും മൂന്നാം മുന്നണി രൂപീകരണ സംബന്ധമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.






