Sorry, you need to enable JavaScript to visit this website.

മേഘാലയ ഖനിയില്‍നിന്ന് ദുര്‍ഗന്ധം; പ്രതീക്ഷ കൈവിട്ട് രക്ഷാ സംഘം

സായ്പുങ്- മേഘാലയയിലെ സായ്പുങ് കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15  തൊഴിലാളികളുടെ കാര്യത്തില്‍ പ്രതീക്ഷ അസ്തമിക്കുന്നു. ഖനിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയാണെന്നും ഇത് നല്ല സൂചനയല്ലെന്നും എന്‍.ഡി.ആര്‍.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകുമെന്നും ശരീരം ചീഞ്ഞളിയുന്നതിന്റെ ദുര്‍ഗന്ധമാകാം പുറത്തുവരുന്നതെന്നും എന്‍.ഡി.ആര്‍.എഫ് കരുതുന്നു.

ഈമാസം 13 നാണ് തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയത്. അടുത്തുള്ള നദിയില്‍നിന്ന് വെള്ളം കുത്തിയൊലിച്ച് മണ്ണിടിഞ്ഞത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. ഖനിയിലെ വെള്ളം പമ്പ് ചെയ്തുകളയാന്‍ സാധിക്കാത്ത അവസ്ഥിയിലാണ് രക്ഷാസേന. നിലവില്‍ 25 എച്ച്പിയുടെ രണ്ട് പമ്പുകള്‍ മാത്രമാണ് രക്ഷാസേനയുടെ കൈവശമുള്ളത്. ഇവ കാര്യക്ഷമമല്ലാത്തതുകൊണ്ട് പമ്പിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

100 എച്ച്പിയുടെ പത്ത് പമ്പുകളെങ്കിലും വേണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയിട്ടില്ല.  ജില്ലാ ഭരണകൂടം അപേക്ഷ സംസ്ഥാന ഗവണ്‍മെന്റിന് കൈമാറിയെങ്കിലും ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സാധാരണക്കാരുടെ ജീവന് ഒരുവിലയും സര്‍ക്കാര്‍ കല്‍പിക്കുന്നില്ലെന്ന് ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്.


മലയാളം ന്യൂസ് അപ്‌ഡേറ്റുകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മൂന്നുദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്നു ഹെല്‍മെറ്റുകള്‍ മാത്രമാണ് കണ്ടെത്താനായത്. അകത്തുള്ള തൊഴിലാളികളെക്കുറിച്ച് ഒരു തരത്തിലുമുള്ള വിവരവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് രക്ഷാസേന വ്യക്തമാക്കി. നിലവില്‍ എഴുപതടിയോളം ഉയരത്തില്‍ ജലമുണ്ട്. ഖനിയുടെ ഏത് അറയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണ്ടെത്താന്‍ അത് മുഖ്യ തടസ്സമായി.
ക്രെിയിനിലൂടെ താഴെയിറങ്ങിയ സേനാംഗങ്ങള്‍ പതിനഞ്ച് മിനിറ്റിനകം തിരികെയെത്തി. ഖനി നിറയെ ദുര്‍ഗന്ധമാണെന്നാണ്  അവര്‍ അറിയിച്ചത്. അത്ഭുതങ്ങള്‍ സംഭവിച്ചുകൂടാ എന്നില്ലെന്നും രക്ഷാ പ്രവര്‍ത്തകര്‍ എന്നനിലയില്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് കമാന്‍ഡര്‍ സന്തോഷ് സിങ് പറഞ്ഞു.
 നാല്‍പതടിയിലേക്ക് വെള്ളം കുറഞ്ഞാല്‍ മാത്രമേ സുഗഗമായ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതയുള്ളു. ഇതുവരെ ഞങ്ങള്‍ക്ക് അകത്ത് കടക്കാന്‍ സാധിച്ചിട്ടില്ല. എത്ര അറകളാണ് ഖനിയിലുള്ളതെന്നും ഖനിയുടെ ആഴവും വ്യാപ്തിയും എത്രയാണെന്നും ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ദുരന്ത നിവാരണ സേന പറയുന്നു.

 

Latest News