Sorry, you need to enable JavaScript to visit this website.

സർവീസിലെ സംവരണ അട്ടിമറി;  സർക്കാർ നിലപാട് മാറ്റണം - മുസ്‌ലിം ലീഗ് 

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ വാർഷിക കൗൺസിൽ യോഗം മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- സംസ്ഥാന സർക്കാർ പുതുതായി നടപ്പാക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ സംവരണ അട്ടിമറി ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥ സംവിധാനങ്ങളിലുള്ള അവസരങ്ങൾ പൂർണമായും നിഷേധിക്കപ്പെടുമെന്നതിനാൽ സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് നവോത്ഥാനത്തിനു വേണ്ടി മുഖംമൂടി അണിയുകയും മറുഭാഗത്ത് നവോത്ഥാന വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യുന്ന എൽ.ഡി.എഫ് നിലപാട് അപഹാസ്യമാണെന്നും യോഗം വിലയിരുത്തി. 
1957ലെ ഇ.എം.എസ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ച സംവരണ വിരുദ്ധ നീക്കമാണ് പിണറായി സർക്കാർ ആവർത്തിക്കുന്നതെന്ന് കൗൺസിൽ ആരോപിച്ചു. പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശമായ സംവരണം അട്ടിമറിക്കാൻ കരുനീക്കം നടത്തുന്ന കേരളത്തിലെ ഇടതു സർക്കാരിന്റെ കപടമുഖം ജനങ്ങൾ തിരിച്ചറിയണമെന്ന് കൗൺസിൽ ആഹ്വാനം ചെയ്തു. ജില്ലാ ലീഗ് വാർഷിക കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ മലപ്പുറം സപെഷൽ സെന്ററിന്റെ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കാതെ ഈ കേന്ദ്രത്തെ നശിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും സംസ്ഥാന ഗവൺമെന്റ് ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ ഫയലിംഗ് അധികാരത്തോടുകൂടിയ ബെഞ്ച് മലബാറിലേക്ക് അനുവദിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. പുതിയ റേഷൻ കാർഡുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും അർഹരായ മുഴുവൻ ആളുകൾക്കും തെറ്റുകൾ പരിഹരിക്കപ്പെട്ട റേഷൻ കാർഡ് ഉടൻ അനുവദിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് എം.എ. ഖാദർ വരവ് ചെലവ് കണക്കും, സെക്രട്ടറി ഉമർ അറക്കൽ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ കെ. കുട്ടി അഹമ്മദ് കുട്ടി, പി.എം.എ സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ജില്ലാ ഭാരവാഹികളായ കൊളത്തൂർ ടി. മുഹമ്മദ് മൗലവി, എം.കെ ബാവ, എം. അബ്ദുല്ലക്കുട്ടി, പി.എ റഷീദ്, സി. മുഹമ്മദാലി, സലീം കുരുവമ്പലം, ഇസ്മാഈൽ പി. മൂത്തേടം, പി.കെ.സി അബ്ദുറഹിമാൻ, നൗഷാദ് മണ്ണിശേരി, എം.എൽ.എമാരായ കെ.എൻ.എ ഖാദർ, എം. ഉമർ, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, മുതിർന്ന നേതാക്കളായ നാലകത്ത് സൂപ്പി, എം.പി.എം. ഇസ്ഹാഖ് കുരിക്കൾ, പി.വി മുഹമ്മദ് അരീക്കോട്, കുറുക്കോളി മൊയ്തീൻ, അരിമ്പ്ര മുഹമ്മദ്, അഡ്വ. എം. റഹ്മത്തുല്ല എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി യു.എ ലത്തീഫ് സ്വാഗതവും സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. 
രാജ്യത്ത് നിലനിൽക്കുന്ന മതേതര ഐക്യം തകർക്കാനും അതിലൂടെ അധികാരത്തിൽ തുടരാനുമുള്ള ഫാസിസ്റ്റ് ബി.ജെ.പി സർക്കാറിന്റെ ഗൂഢ ശ്രമങ്ങളെ ചെറുക്കണമെന്നും ജനാധിപത്യ വിശ്വാസികൾ കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. രാജ്യത്തിന്റെ മതേതര പാരമ്പര്യവും പൈതൃകവും ചരിത്രവുമെല്ലാം ഫാസിസ്റ്റുകളെ അസ്വസ്ഥമാക്കുന്നുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. അധികാരത്തിൽ തുടരാൻ എന്തും ചെയ്യാൻ മടിക്കാത്ത ഇക്കൂട്ടരെ ചെറുത്തുതോൽപ്പിക്കാൻ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ വാർഷിക കൗൺസിൽ യോഗം മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മതേതര മനസുകൾ ഒന്നിച്ചു ബി.ജെ.പി എന്ന ഫാസിസ്റ്റ് ശക്തിയെ എതിർത്തു തോൽപ്പിക്കണം. രാജ്യത്തെ ജനങ്ങൾ ഈ ഭരണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. വർഗീയതയും പറഞ്ഞ് വോട്ട് നേടാമെന്ന വ്യാമോഹത്തിലാണ് ബി.ജെ.പി. എന്നാൽ അതു വിലപ്പോകില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈയിടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പെന്നും തങ്ങൾ പറഞ്ഞു. 
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനവും ജില്ലാ ഓഫീസ് ഉദ്ഘാടനവും ഫെബ്രുവരി 24ന് നടത്തുന്നതിന് ജില്ലാ മുസ്‌ലിം ലീഗ് കൗൺസിൽ തീരുമാനിച്ചു. അഞ്ചു ദിവസം നീളുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സെഷനുകളുണ്ടാവും. സമ്മേളനത്തോടനുബന്ധിച്ച് വൈറ്റ് ഗാർഡ് പരേഡും നടക്കും. പുതിയ ജില്ലാ ഓഫീസ് സ്ഥിതി ചെയ്യുന്നതിന് പരിസരത്ത് പാടത്ത് പന്തൽകെട്ടിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മറ്റു വിവിധ സമ്മേളനങ്ങൾ സമാന്തരമായി മലപ്പുറത്തെ വിവിധ ഓഡിറ്റോറിയങ്ങളിലും നടക്കും. സമ്മേളനത്തിന് വിജയകരമായ നടത്തിപ്പിന് 1001 അംഗങ്ങളുള്ള സ്വാഗതസംഘം രൂപീകരിച്ചു. വാർഷിക കൗൺസിൽ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

Latest News